രണ്ടാം വത്തിക്കാൻ കൗൺസിലിൽ പതിനാറ് പ്രമാണരേഖകൾ ആണുള്ളത്. അതിൽ ഒന്നാമത്തേത് തിരുസഭയെക്കുറിച്ചുള്ള ഡോക്മാറ്റിക് കോൺസ്റ്റിറ്റ്യൂഷനാണ്. ഈ പ്രമാണരേഖയ്ക്ക് എട്ട് അധ്യായങ്ങൾ ആണുള്ളത്. അതിൽ ഒന്നാമത്തെ അധ്യായമാണ് സഭയുടെ മൗതികഘടന. ഈ അധ്യായത്തിൽ എട്ട് ഖണ്ഡികകൾ ആണുള്ളത്. ഈ കോൺസ്റ്റിറ്റ്യൂഷൻ്റെ പേര് ജനതകളുടെ പ്രകാശം എന്നാണ്. ഈ പ്രമാണരേഖയുടെ ആദ്യ വാക്കുകൾ ആണത്. സഭയെ കൂദാശയായി ഇതിൻ്റെ ആദ്യ ഖണ്ഡികയിൽ അവതരിപ്പിക്കുന്നുണ്ട്. കൂദാശകൾ വഴി വ്യക്തികളിലേക്ക് പ്രസാദവരം പ്രവഹിക്കുന്നതുപോലെ സമൂഹത്തിലേക്ക് സഭ വഴി പ്രസാദവരം ഒഴുകിവരുന്നു. സഭ പഴയ നിയമത്തിൽ നിഗൂഢമായി, നിഴലായി ഉണ്ടായിരുന്നുവെന്നും കാലത്തിൻ്റെ തികവിൽ അത് സ്ഥാപിതമായി എന്നും രണ്ടാം ഖണ്ഡികയിൽ പറയുന്നു. പെന്തക്കുസ്തായിൽ പിറന്നുവീണ സഭ ലോകാവസാനത്തിൽ മഹത്വത്തോടെ പൂർണ്ണത പ്രാപിക്കുകയും ചെയ്യും. ക്രൂശിതനായ ഈശോയുടെ തിരുവിലാവിൽ നിന്ന് പുറപ്പെട്ട വെള്ളവും രക്തവും സഭയുടെ ഉത്ഭവത്തിൻ്റെയും വളർച്ചയുടെയും പ്രതീകമായിരുന്നുവെന്ന് ഖന്ധിക മൂന്നിൽ പഠിപ്പിക്കുന്നു. നാലാം ഖണ്ഡികയിൽ സഭയും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്. ‘പരിശുദ്ധാത്മാവ് ഒരാലയത്തിൽ എന്നപോലെ തിരുസഭയിലും വിശ്വാസികളുടെ ഹൃദയത്തിലും കുടികൊള്ളുന്നു’ എന്നും ‘സത്യത്തിൻ്റെ പൂർണ്ണതയിലേക്ക് ആനയിക്കുന്നത് പരിശുദ്ധാത്മാവ് തന്നെയാണ്’ എന്നും ഈ ഖണ്ഡികയിൽ പറയുന്നുണ്ട്. സഭയും ദൈവരാജ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഞ്ചാം ഖണ്ഡികയിൽ പറയുന്നു. ലോകാവസാനത്തിൽ പൂർണ്ണതയിൽ വെളിപ്പെടേണ്ട ദൈവരാജ്യത്തെ അവതരിപ്പിക്കുകയും അതിന് വഴിയൊരുക്കുകയും ചെയ്യുന്ന ദൃശ്യസഭ ഇതിൻ്റെ ആരംഭമാണ്, ആമുഖവും വിത്തുമാണ്. സഭയുടെ പല സാദൃശ്യങ്ങളെക്കുറിച്ച് ആറാം ഖണ്ഡികയിൽ പറയുന്നു. ആട്ടിൻ പറ്റം, ദൈവത്തിൻ്റെ കൃഷിഭൂമി, ദൈവഭവനം, സ്വർഗ്ഗീയ ഓർശ്ലം, ചെമ്മരിയാട്ടിൻ കുട്ടിയുടെ ദിവ്യമണവാട്ടി തുടങ്ങി പല പ്രതീകങ്ങളെ കുറിച്ച് ഈ ഖണ്ഡികയിൽ പ്രതിപാദിക്കുന്നുണ്ട്. ക്രിസ്തുവിൻ്റെ മൗതിക ശരീരമായി സഭ എപ്രകാരമാണ് എന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങളാണ് ഏഴാം ഖണ്ഡിക. മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളും ചേർന്ന് ഒരു ശരീരത്തിന് രൂപം കൊടുക്കുന്നതുപോലെ വിശ്വാസികൾ ക്രിസ്തുവിൽ ഒരു ശരീരമായിത്തീരുന്നു എന്ന് ഇതേക്കുറിച്ച് പഠിപ്പിക്കുന്നു. സഭയെന്നാൽ രണ്ട് യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഒരു തരത്തിലും വേർതിരിക്കാ നാവാത്തവിധം, ദൃശ്യ ഘടനയും അദൃശ്യ ഘടനയും. ക്രിസ്തു ഏക സഭ സ്ഥാപിച്ചിരിക്കുന്നു. അത് കത്തോലിക്കാ സഭയിൽ ആണ് പ്രകടമാകുന്നത്. പാപികളെ തൻ്റെ മാറോടണക്കുന്ന സഭ ഒരേ സമയം പരിശുദ്ധയും സദാ ശുദ്ധീകരിക്കപ്പെടുന്നവളുമാണ് തുടങ്ങിയ പ്രതിപാദനങ്ങൾ എട്ടാം ഖണ്ഡികയിൽ കാണാം.
ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾക്കായി ചുവടെ നൽകുന്ന ലിങ്ക് കാണുക.
Related Posts
മരിയന്‍ പത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.