കൊലപാതകത്തിന് 30 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ വൈദികപരിശീലനത്തിന്റെ ആരംഭഘട്ടത്തിലേക്ക്…

ചെറുപ്പം മുതല്‍ക്കേ ആ ചെറുപ്പക്കാരന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.വൈദികനാകുക. കൊച്ചുകുട്ടികള്‍ അയാളെ വിളിച്ചിരുന്നതുപോലും അച്ചന്‍ എന്നായിരുന്നു. പക്ഷേ ജീവിതത്തിന്റെ ഗതിവിഗതികള്‍ക്കിടയില്‍ എപ്പോഴോ അവന്റെ താളം തെറ്റി. മുതിര്‍ന്നപ്പോള്‍ മയക്കുമരുന്നിനും അക്രമത്തിനും ഇരയായി. ഒടുവില്‍ കൊലപാതകം വരെയെത്തി. തല്‍ഫലമായി 30 വര്‍ഷത്തെ ജയില്‍ ശിക്ഷയും അവനെ തേടിയെത്തി. ഇറ്റലിക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ ഏറ്റവും ചുരുക്കി നമുക്ക് ഇങ്ങനെ എഴുതാം.

പക്ഷേ സവിശേഷമായ മൂന്നാം ഘട്ടം ആരംഭിക്കുന്നത് മറ്റൊരു രീതിയിലാണ്. ജയില്‍ ജീവിതം അവന്റെ മനോഭാവങ്ങളെയും കാഴ്ചപ്പാടുകളെയും വീണ്ടും മാറ്റിമറിച്ചു. നഷ്ടപ്പെട്ടുപോയ പ്രാര്‍ത്ഥനകളെ തിരികെ പിടിച്ചു. താന്‍ കൊലപ്പെടുത്തിയ ആളുടെ ആത്മാവിന്റെ നിത്യരക്ഷയ്ക്കു വേണ്ടിയുള്ളതായിരുന്നു ആ പ്രാര്‍ത്ഥനയിലേറെയും. വിശുദ്ധ കുര്‍ബാനയിലെ ശുശ്രൂഷിയായി. ജയില്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട വൈദികരുടെ സൗഹൃദത്തിന്റെ ഉടമയായതോടെ അവന്റെ ജീവിതത്തില്‍ പരിവര്‍ത്തനത്തിന്റെ കാറ്റുവീശി.
ഇപ്പോഴിതാ തനിക്കൊരു വൈദികനാകണമെന്ന ആഗ്രഹം അവന്‍ വെളിപ്പെടുത്തിയിരിക്കുന്നു.

വൈദികപരിശീലനത്തിന്റെ മുന്നോടിയായി ദാരിദ്ര്യം, ശുദ്ധത, അനുസരണം എന്നീ വ്രതങ്ങള്‍ ജയിലില്‍ വച്ച് ബിഷപ് മാസിമോ കാര്‍മിസസ്‌ക്കായുടെ സാന്നിധ്യത്തില്‍ അവന്‍ നിറവേറ്റി. ഇറ്റലിയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതെങ്കിലും സന്യാസസഭയില്‍ ചേരുന്നതിന്റെ ഭാഗമായോ മറ്റേതെങ്കിലും സംഘടനയില്‍ ചേരുന്നതിനോ അല്ല ഇപ്പോള്‍ ഈ ചെറുപ്പക്കാരന്‍ വ്രതവാഗ്ദാനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ബിഷപ് വിശദീകരിക്കുന്നുണ്ട്. ദാരിദ്ര്യത്തിലും ശുദ്ധതയിലും വിധേയത്വത്തിലും ജീവിക്കുമെന്ന് ദൈവത്തിന് വാഗ്ദാനം കൊടുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കാരണം ഇപ്പോഴും ഇയാള്‍ ജയിലില്‍ തന്നെയാണ്.

ജയില്‍ മോചിതനായതിന് ശേഷം വ്രതവാഗ്ദാനങ്ങള്‍ നടത്താം എന്നതായിരുന്നു ആദ്യ തീരുമാനമെങ്കിലും ജയില്‍ ചാപ്ലയ്‌നായ ഫാ. ഡാനിയേലയാണ് ജയിലില്‍ വച്ചുതന്നെ അത് നടത്താമെന്ന് നിര്‍ദ്ദേശിച്ചത്. ശുദ്ധത തന്നെ ബാഹ്യമായി ശുദ്ധീകരിക്കാനും ദാരിദ്ര്യം തന്നെ ക്രിസ്തുവിനെ അനുകരിക്കാാനും അനുസരണം തന്നെ ശ്രവിക്കാനും പ്രേരിപ്പി്ക്കുന്നുവെന്ന് ഈ യുവാവ് പറയുന്നു.

ഈ ചെറുപ്പക്കാരന് ഇങ്ങനെയൊരു മാറ്റം വന്നത് ജയില്‍ മിനിസ്ട്രിയുടെ ഭാഗമായിട്ടാണെന്നും അതുകൊണ്ട് ജയില്‍ ചാപ്ലയെന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ബിഷപ് വ്യക്തമാക്കി.

കോവിഡ് കാലത്ത് നിരാശയിലും ദുഖത്തിലും കഴിഞ്ഞുകൂടുന്നവര്‍ക്ക് ഈ ചെറുപ്പക്കാരന്റെ മാനസാന്തരകഥ വലിയൊരു പ്രത്യാശയായിരിക്കും നല്കുന്നത്. ജയില്‍ ജീവിതത്തിന് ശേഷം പുറത്തിറങ്ങുമ്പോള്‍ ഒരു വൈദികനായിത്തീരാനുള്ള എല്ലാ അനുകൂലസാഹചര്യങ്ങളും ഇയാള്‍ക്ക് ലഭിക്കട്ടെയെന്ന് നമുക്ക് പ്രാര്‍തഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.