എറണാകുളം: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജൂലൈ ഒന്നുമുതല്‍ പൊതുദിവ്യബലികള്‍ പുനരാരംഭിക്കുമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ അറിയിച്ചു.
ലോക്ക് ഡൗണ്‍ അവസാനിക്കുകയും ദേവാലയങ്ങള്‍ തുറക്കാന്‍ അനുവാദം ലഭിക്കുകയും ചെയ്തിരുന്നിട്ടും പൊതുകുര്‍ബാനകള്‍ അര്‍പ്പിക്കുന്നത് നീട്ടിവച്ചിരിക്കുകയായിരുന്നു പല രൂപതകളിലുമെന്നതുപോലെ എറണാകുളം -അങ്കമാലി അതിരൂപതയും. എന്നാല്‍ കോവിഡ് 19 ന്റെ ഭീതി ഉടനെയൊന്നും പൂര്‍ണ്ണമായ രീതിയില്‍ വിട്ടൊഴിയുമെന്ന് കരുതാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ദിവ്യബലികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൃത്യമായ നിബന്ധനകളോടെയായിരിക്കും ദിവ്യബലികള്‍ അര്പ്പിക്കുന്നതെന്നുംസര്ക്കുലര് വ്യക്തമാക്കിയിട്ടുണ്ട്. വൈദികനും ശുശ്രൂഷികളും ഗായകരും ഉള്‍പ്പടെ 25 പേര്‍ക്ക് മാത്രമേ അനുദിനം ദിവ്യബലി അര്‍പ്പണത്തില്‍ പങ്കെടുക്കാനാവൂ. വിവാഹത്തിനും മനസ്സമ്മതത്തിനും 50 പേരും സംസ്കാരശുശ്രൂഷകളില്‍ 20 പേര് എന്നും കൃത്യപ്പെടുത്തിയിട്ടുമുണ്ട്. മാസ്ക്ക്,സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളും പാലിച്ചിരിക്കണം.
പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്ടറില്‍ എഴുതുകയും വേണം.