ബെര്‍ലിന്‍: ജര്‍മ്മനിയിലെ കത്തോലിക്കാസഭയില്‍ നിന്ന് കഴിഞ്ഞവര്‍ഷം സഭ വിട്ടുപോയ വിശ്വാസികളുടെ എണ്ണം ഞെട്ടിക്കുന്നത്. മുന്‍വര്‍ഷങ്ങളെക്കാള്‍ റിക്കാര്‍ഡ് വര്‍ദ്ധനവിലാണ് കൊഴിഞ്ഞുപോക്ക് സംഭവിച്ചിരിക്കുന്നത്. 272,771 പേരാണ് കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയിലെ കത്തോലിക്കാ സഭ വിട്ടുപോയിരിക്കുന്നത്. ഇന്നലെ ജര്‍മ്മന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് ജോര്‍ജാണ് കണക്കുകള്‍ പുറത്തുവിട്ടത്.
2018 ല്‍ 23 മില്യന്‍ കത്തോലിക്കരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 22.6 മില്യന്‍ ആയി. 84 മില്യന്‍ ജനസംഖ്യയുള്ള ജര്‍മ്മനിയില്‍ കത്തോലിക്കര്‍ 27.7 ശതമാനമായിരുന്നത് 27.2 ശതമാനമായിട്ടുണ്ട്. ദേവാലയശുശ്രൂഷകളിലൂള്ള പങ്കാളിത്തത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്.
ചര്‍ച്ച് ടാക്സിന്റെ പേരിലാണ് പലരും സഭ വിട്ടുപോകുന്നതെന്ന് പറയപ്പെടുന്നു. കത്തോലിക്കരായി രജിസ്ട്രര്‍ ചെയ്തുകഴിയുമ്പോള്‍ എട്ടു മുതല്‍ 9 ശതമാനം വരെ ഇന്‍കംടാക്സ് ദേവാലയത്തിന് കൊടുക്കേണ്ടതായി വരും. ഇതില്‍ നിന്ന് രക്ഷപെടാന്‍ അവരുടെ മുമ്പിലുള്ള ഒരേയൊരു വഴി സഭാംഗത്വം റദ്ദ് ചെയ്യുക എന്നതാണ്. തല്‍ഫലമായി കൂദാശകളുടെ കാര്യത്തിലും കുറവ് സംഭവിക്കുന്നു. ദേവാലയത്തില്‍ വച്ചുളള വിവാഹങ്ങള്‍ 10 ശതമാനവും സ്ഥൈര്യലേപനം ഏഴു ശതമാനവും പ്രഥമ ദിവ്യകാരുണ്യസ്വീകരണം മൂന്നു ശതമാനവുമായി കുറഞ്ഞു.