ഇറ്റലി: സാധാരണയായി അമ്മമാര്‍ മക്കള്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ ഇവിടെ ഈ മകന്‍ പ്രാര്‍ത്ഥിച്ചത് അമ്മയ്ക്കുവേണ്ടിയായിരുന്നു. ഒക്ടോബറില്‍ വാഴ്്ത്തപ്പെട്ടപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന കാര്‍ലോ അക്യൂട്ടിസിന്റെ കാര്യമാണ് പറയുന്നത്.
കാര്‍ലോയുടെ പ്രാര്‍ത്ഥനയാണ് തന്നെ കത്തോലിക്കാവിശ്വാസത്തിലേക്ക് തിരികെയെത്തിച്ചതെന്നാണ് അന്റോണിയ അക്യൂട്ടിസ് ഒരു മാധ്യമത്തോട് പറഞ്ഞത്. ഒരു കത്തോലിക്കാ അമ്മയെന്ന നിലയില്‍ ഞാന്‍ നല്ല മാതൃകയായിരുന്നില്ല.
കത്തോലിക്കാപാരമ്പര്യത്തിലാണ് വളര്‍ന്നുവന്നതെങ്കിലും കാര്‍ലോയാണ് അതില്‍ ആഴപ്പെടാന്‍ കാരണമായത്. ദിവ്യകാരുണ്യത്തോടുള്ള ഭക്തിയാല്‍ മകന്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് പോലും ഒരുകാലത്ത് അവര്‍ക്ക് മനസ്സിലായിരുന്നില്ല. വിശ്വാസപരമായ കാര്യങ്ങളിലുള്ള അജ്ഞതയായിരുന്നു ഇതിന് കാരണം.
പക്ഷേ ഇക്കാര്യത്തില്‍ മാറ്റം വന്നത് മകന്‍ വഴിയാണ്. മകന്റെ ദിവ്യകാരുണ്യഭക്തിയാണ് തന്നെയും ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിച്ചത് ഏഴാം വയസില്‍ ദിവ്യകാരുണ്യം സ്വീകരിച്ച കാര്‍ലോ പിന്നീട് ഒരിക്കലും ദിവ്യബലിയും ദിവ്യകാരുണ്യവും മുടക്കിയിരുന്നില്ല.കാര്‍ലോ വഴിയായി നവീകരിക്കപ്പെടുന്നതിന് മുമ്പ് വരെ ഞാന്‍ പള്ളിയില്‍ പോയിരുന്നത് മാമ്മോദീസായ്ക്കും സ്ഥൈര്യലേപനത്തിനും വിവാഹത്തിനും മാത്രമായിരുന്നു. അന്റോണിയ പറയുന്നു.
പക്ഷേ മകന്‍ വഴി ഞാന്‍ വീണ്ടും പള്ളിയില്‍ പോയിത്തുടങ്ങി. എന്നെ സംബന്ധിച്ച് അവനൊരു കുഞ്ഞുരക്ഷകനായിരുന്നു. 2006 ല്‍ ലുക്കീമിയ ബാധിതനായി മരണമടഞ്ഞതോടെയാണ് അവന്‍ പ്രത്യേകതയുള്ള ഒരു കുട്ടിയായിരുന്നുവെന്ന് താന്‍ കൂടുതലായി മനസ്സിലാക്കിയതെന്നും ഈ അമ്മ പറയുന്നു. ഒക്ടോബര്‍ പത്തിനാണ് കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്.