ജീവിതത്തില്‍ നല്ലകാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ദൈവത്തെ സ്തുതിക്കാന്‍ വളരെയെളുപ്പമാണ്. എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയാനും നമ്മുക്ക് സന്തോഷം തോന്നും. പക്ഷേ ജീവിതത്തിലെ സങ്കടങ്ങളുടെ നിമിഷങ്ങളില്‍ ദൈവത്തെ സ്തുതിക്കാനും അവിടുത്തേക്ക് നന്ദി പറയാനും നമ്മില്‍ ഭൂരിപക്ഷത്തിനും കഴിയാറില്ല.
ഒരുപക്ഷേ ആരോടുംതുറന്നുപറയാന് കഴിയാത്തതും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തതുമായ പല വേദനകളും നാം ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ടാവും. ഈ വേദനകള്‍ എവിടെയെങ്കിലും ഇറക്കിവച്ചാല്‍ മാത്രമേ നമുക്ക് സ്വസ്ഥതയുണ്ടാകൂ. വലിയൊരു ഭാരം ചുമന്നുകൊണ്ടുപോകുമ്പോള്‍ അത് നമ്മെ ക്ഷീണിപ്പിക്കുമല്ലോ.
എവിടെയെങ്കിലും ഇറക്കിവച്ചാല്‍ മാേ്രത നാം സ്വസ്ഥതരാവുകയുമുള്ളൂ. അതുപോലെയാണ് സങ്കടങ്ങളുടെ കാര്യവും. അത് ഈശോയ്ക്ക് കൊടുത്താല്‍ മാത്രമേ നാം ശാന്തരാവുകയുള്ളൂ. നമ്മുടെ ഹൃദയത്തിലേക്ക് സമാധാനം കടന്നുവരികയുമുള്ളൂ.
ഈശോയുടെ തിരുഹൃദയത്തിന നമ്മുടെ എല്ലാവേദനകളു്ം ഇല്ലാതാക്കാനും സങ്കടങ്ങള്‍ കുറയ്ക്കാനും കഴിവുണ്ട്. അതുകൊണ്ട് നാം നമ്മുടെ സങ്കടങ്ങള്‍, നിരാശകള്‍, പ്രയാസങ്ങള്‍ എല്ലാം ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കുക. നാം നമ്മുടെ ഹൃദയം ഈശോയ്ക്ക് തുറന്നുകൊടുക്കുക. നമ്മുടെ ഉള്ളിലുള്ളതെല്ലാം തുറന്നുപറയുക. അതുകൊണ്ട് ഇന്നുമുതല്‍ പ്രാര്‍ത്ഥിക്കാനൊരുങ്ങുമ്പോള്‍ നാം നമ്മുടെ വിചാരങ്ങളെല്ലാം ഈശോയോട് തുറന്നുപറയുക. അതും ഉറക്കെ പറയുക. അല്ലെങ്കില്‍ അതെല്ലാം എഴുതിവയ്ക്കുക.
ഒരു പേപ്പറില്‍ അത് കുറിച്ചുവയ്ക്കുക. ഈശോ എല്ലാം കേള്‍ക്കും. ഈശോ എല്ലാം മനസ്സിലാക്കും. ഈശോ നമ്മുടെ ഹൃദയഭാരങ്ങള്‍ ലഘൂകരിച്ചു തരുകയും ചെയ്യും. തിരുഹൃദയമാസത്തില് നാം തുടങ്ങിവയ്ക്കുന്ന ഈ ശീലം ജീവിതകാലം മുഴുവന്‍ നമുക്ക് കൊണ്ടുനടക്കുകയും ചെയ്യാം.