ഇ ഡബ്ല്യൂ ടി എന്‍ ന്റെ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ഉടമയായ ബലിയര്‍പ്പിക്കുന്ന മലയാളി ബാലനെ കണ്ടെത്തി!

എറണാകുളം: എറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ ്‌വര്‍ക്ക്( EWTN)ന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു മലയാളി ബാലന്റെ ചിത്രം അടുത്ത ദിവസങ്ങളില്‍ വൈറലായിയിരുന്നു. കത്തോലിക്കാ പുരോഹിതന്റെ വേഷം ധരിച്ച് ദിവ്യബലി അര്‍പ്പിക്കുന്ന ഒരു മൂന്നുവയസുകാരന്റേതായിരുന്നു ആ ചിത്രം. മലയാളിയാണെന്ന് പറയുന്നതിന് അപ്പുറം കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്തയില്‍ ഉണ്ടായിരുന്നുമില്ല.

കേരളത്തിലേതുള്‍പ്പടെ വിവിധ പ്രസിദ്ധീകരണങ്ങള്‍ ഈ ഫോട്ടോയും വാര്‍ത്തയും പ്രസിദ്ധീകരിച്ചപ്പോഴും ആ മൂന്നുവയസുകാരനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോഴിതാ മരിയന്‍പത്രത്തിന്റെ അന്വേഷണത്തില്‍ നിന്ന് ആ കുട്ടിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നു. ജോഹന്‍ ജോസഫ് എന്ന നാലുവയസുകാരനാണ് ഈ കുഞ്ഞുവൈദികന്‍. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പിഎച്ച് ഡി ചെയ്യുന്ന നിധീഷ് ജോസഫിന്റെയും സ്പീച്ച് തെറാപ്പിസ്റ്റായ പിയ മേരി അബ്രഹാമിന്റെയും മൂത്തമകനാണ് ജോഹന്‍.

കാക്കനാടാണ് കുടുംബം താമസിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ പടമുകള്‍ സെന്റ് മാക്‌സ്മില്യന്‍ കോള്‍ബെ ഇടവകക്കാരാണ്. ഈ ദമ്പതികള്‍ക്ക് ജോഹനെ കൂടാതെ ഒരു വയസുകാരന്‍ മകന്‍ കൂടിയുണ്ട്. ജെറെമി അബ്രഹാം.
ദ ചര്‍ച്ച് ഈസ് ഏലൈവ് എന്ന ഹാഷ്ടാംഗില്‍ ഇ ഡബ്ലു ടി എന്‍ തുടങ്ങിയ ഫേസ്ബുക്ക് കാംപെയിനിലാണ് ജോഹന്റെ ചിത്രം പ്രസിദ്ധകരിച്ചത്. ലോക്ക് ഡൗണിന്റെ കാലത്ത് ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുമ്പോഴും വീടുകള്‍ ദേവാലയങ്ങളായി മാറുന്നതിനെക്കുറിച്ചും അതില്‍ കുട്ടികളുടെ പങ്കാളിത്തത്തെക്കുറിച്ചും വിശ്വാസികളില്‍ നിന്നു തന്നെയുള്ള വാര്‍ത്തകളും ചിത്രങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ഇഡബ്യൂ ടിഎന്‍ ക്ഷണിച്ചിരുന്നു.

അതനുസരിച്ച് നിധീഷ് അയച്ചുകൊടുത്ത മകന്റെ ഫോട്ടോയും വാര്‍ത്തയുമാണ് ഇ ഡബ്ല്യു ടി എന്‍ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചത്.

ഇ ഡബ്യൂ ടി എന്‍ ന്റെ പേജില്‍ പ്രത്യക്ഷപ്പെട്ട ബലിയര്‍പ്പിക്കുന്ന മലയാളി ബാലനെ അറിയുമോ എന്ന വാര്‍ത്ത മരിയന്‍ പത്രം പ്രസിദ്ധീകരിച്ചത് മെയ് 15 ന് ആയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.