ഫിലിപ്പൈന്‍സിലെ പ്രസിഡന്റ് മാര്‍ക്കോസിനെയും ഭാര്യ ഇമെല്‍ഡെയെയും കുറിച്ച പറയുമ്പോഴൊക്കെ എല്ലാവരുടെയും ഓര്‍മ്മയിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇമെല്‍ഡ മാര്‍ക്കോസിന്റെ ഷൂസുകളുടെയും പേഴ്സുകളുടെയും ഫാന്‍സി ഗൗണുകളുടെയും എണ്ണമായിരിക്കും.
ദരിദ്രരായ ജനങ്ങള്‍പട്ടിണിയിലും പരിവട്ടത്തിലും കഴിയുമ്പോഴാണ് മാര്‍ക്കോസും ഭാര്യയും ആഡംബരപൂര്‍വ്വമായ ജീവിതം നയിച്ചുകൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയൊരു ഭരണാധികാരിക്ക് വേണ്ടി ജനങ്ങള്‍ ആവശ്യമുന്നയിച്ചത്. നിനോയി എന്ന് ഓമനപ്പേരുള്ള ബെനിഗ്നോ അക്വിനോയെയാണ് ഒടുവില്‍ ആളുകള്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അദ്ദേഹം വധിക്കപ്പെടുകയാണ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ കോറി പ്രസിഡന്റിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. ക്വാറിയെ പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ ഒരു മില്യന്‍ ഒപ്പാണ് സമാഹരിച്ചത്.
1986 ഫെബ്രുവരി ഏഴിന് മാര്‍ക്കോസ് അഴിമതിയിലൂടെയും അക്രമത്തിലൂടെയും വീണ്ടും അധികാരത്തിലെത്തി മാധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ പട്ടാളത്തെ നിയോഗിക്കുകയും ചെയ്തു. ഈ അവസരത്തില്‍ മനില ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ സിന് കത്തോലിക്കാവിശ്വാസികളെ സമാധാനപൂര്‍വ്വമായ പ്രക്ഷോഭം നടത്താന്‍ ആഹ്വാനം ചെയ്തു.
അങ്ങനെ കത്തോലിക്കാവിശ്വാസികള്‍ പട്ടാളക്കാരുടെയും മിലിട്ടറി ടാങ്കിന്റെയും ചുററിനും നടന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും മരിയന്‍ ഗീതങ്ങള്‍ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനകളും പ്രാര്‍ത്ഥനകളും നടക്കുന്നുമുണ്ടായിരുന്നു. ഇങ്ങനെ സമാധാനപൂര്‍വ്വമായ പ്രക്ഷോഭപരിപാടികള്‍ ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും പട്ടാളക്കാര്‍ തോക്ക് താഴെ വച്ചു.
അവര്‍ ജനങ്ങളുടെ ഒപ്പം ചേര്‍ന്നു. 1986 ഫെബ്രുവരി 26 ന് മാര്‍ക്കോസ് രാജ്യത്ത് നിന്ന് ഓടിപ്പോയി. രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ പരാജയം ആഘോഷിച്ചു, പുതുതായി അധികാരത്തിലെത്തിയ കോറി രാജ്യത്തെ സ്വതന്ത്ര്യവും ജനാധിപത്യവുമുള്ള രാജ്യമാക്കി മാറ്റി. ജപമാലയിലൂടെ നേടിയെടുത്ത വിജയമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. നമുക്കും അതുകൊണ്ട് ഭരണാധികാരികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.
മെയ് മാസത്തില്‍ നമുക്കും മാതാവിന്റെ മുമ്പില്‍ പ്രത്യേകനിയോഗങ്ങള്‍ സമര്‍പ്പിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം.