പള്ളികള്‍ അടഞ്ഞുകിടക്കുന്നു, മതപഠനക്ലാസുകള്‍ നിലച്ചിരിക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ മക്കളെ എങ്ങനെ പ്രാര്‍ത്ഥനയിലും ആത്മീയജീവിതത്തിലും നിലനിര്‍ത്തിക്കൊണ്ടുപോകാം എന്ന കാര്യത്തെക്കുറിച്ച് പല മാതാപിതാക്കളും ആശങ്കാകുലരാണ്.
എന്നാല്‍ മാതാപിതാക്കള്‍ ചില കാര്യങ്ങളില്‍ ഒരുമിച്ച് ്ശ്രദ്ധ കൊടുക്കുകയും നടപ്പില്‍വരുത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ മക്കളുടെ ആത്മീയജീവിതം മെച്ചപ്പെടുത്താന്‍ കഴിയും. അനുദിന ജീവിതത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പ്രേരണ നല്കുകയും ദൈവത്തിന് മഹത്വം നല്കുകയുമാണ് ചെയ്യേണ്ടത്.
അതിനായി പ്രഭാതഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ മാതാപിതാക്കളും മക്കളും കൂടി ഒരുമിച്ച് പ്രാര്‍ത്ഥിക്കണം. പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥവും തേടണം. അതുപോലെ ഉച്ചഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ത്രികാല ജപം ചൊല്ലണം. അത്താഴത്തിനിരിക്കുമ്പോള്‍ അന്നേ ദിവസം ദൈവം ചെയ്തുതന്ന എല്ലാ നന്മകള്‍ക്കും നന്ദിപറഞ്ഞ് പ്രാര്‍ത്ഥിക്കണം.
സന്ധ്യാസമയത്ത് കുടുംബാംഗങ്ങള്‍എല്ലാവരും കൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം. ബൈബിള്‍ വായിക്കണം.
ഞായറാഴ്ചകളില്‍ നല്ലതുപോലെ ഡ്രസ് ചെയ്ത് ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം. വീട്ടിലായതുകൊണ്ട് അലസമായി കുര്‍ബാനയില്‍ പങ്കെടുക്കാമെന്ന് കരുതരുത്. മുട്ടുകുത്തേണ്ട സമയത്ത് മുട്ടുകുത്തിയും നില്‌ക്കേണ്ട സമയത്ത് നിന്നും പള്ളികളിലെന്നതുപോലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുക.
ഇങ്ങനെ കുട്ടികള്‍ക്ക് ആത്മീയജീവിതത്തില്‍ കരുത്ത് നേടാന്‍ കഴിയും. ലോക്ക് ഡൗണോ ക്വാറന്റൈനോ അവരെ ആത്മീയമുരടിപ്പിലേക്ക് നയിക്കുകയുമില്ല.