കട്ടപ്പന: ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് ജനകീയ ആദരം നല്കാന്‍ വിശ്വാസികള്‍ക്കും മലയോര ജനതയ്ക്കും അവസരം നിഷേധിച്ചതില്‍ വ്യാപകമായ പ്രതിഷേധം. ചില ഗൂഢതന്ത്രങ്ങളുടെ ഫലമായാണ് പൊതു ആദരവ് നിഷേധിച്ചത് എന്നാണ് പരക്കെയുള്ള വിശ്വാസം.
മന്ത്രി എംഎം മണി, ഇടുക്കി രുപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ജില്ല കളക്ടര്‍, പോലീസ് ചീഫ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്നിവരുള്‍പ്പടെയുള്ള അധികൃതരുമായി സുദീര്‍ഘമായ ചര്‍ച്ച നടത്തിയതിന് ശേഷമാണ് മെയ് അഞ്ചിന് മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാരചടങ്ങു നടത്താന്‍ തീരുമാനമായത്.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചും നിയമലംഘനത്തിനുള്ള എല്ലാ പഴുതുകളും അടച്ചും വിലാപയാത്ര ക്രമീകരിക്കാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ക്രമീകരണം നടത്തിയിരുന്നു.എന്നാല്‍ മെയ് മൂന്ന് രാത്രിയില്‍ ചീഫ് സെക്രട്ടറിയുടെ ഫോണ്‍ കോള്‍ എത്തുകയും ഭൗതികദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിക്കില്ല, സംസ്‌കാര ശുശ്രൂഷയില്‍ അഞ്ചില്‍കൂടുതല്‍ ആളുകള്‍ പങ്കെടുക്കാനും പാടില്ല എന്ന് നിര്‍ദ്ദേശം വരികയുമായിരുന്നു. അതോടെയാണ് അര്‍ഹമായ ആദരം നല്കാതെ പിതാവിന് യാത്രാമൊഴി നല്കാന്‍ സഭ നിര്‍ബന്ധിതമായത്.
ജനകീയ ആദരം നല്കാനുളള നീക്കങ്ങള്‍ക്ക് വിലങ്ങുതടിയായത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ലഭിച്ച പരാതിയെതുടര്‍ന്നാണ് എന്നാണ് അറിയാന്‍ കഴിയുന്നത്.