കോവിഡിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാം ഒരുപാട് ഭീതി അനുഭവിക്കുന്നുണ്ടെങ്കിലും ഇതിന്റെ മറുവശം സംസാരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. കോവിഡ് നല്കിയ നന്മകളെക്കുറിച്ചാണ് തന്റെ വീഡിയോ സന്ദേശത്തില്‍ അച്ചന്‍ പറയുന്നത്.
അച്ചന്റെ വാക്കുകളുടെ ആശയം ഇപ്രകാരമാണ്: ഒരുപുതിയ ഭൂമിക്ക് വേണ്ടിയുള്ള സാധ്യതയാണ് ഇവിടെ തെളിയുന്നത്. കോവിഡിനെ തുടര്‍ന്ന് തട്ടുകടകളും ഹോട്ടലുകളും അടച്ചൂപൂട്ടി. വാഹനഗതാഗതം നിരോധിച്ചു. ഇതിന്റെ ഫലമായി ശുദ്ധവായു ലഭിച്ചു. നല്ല ഓക്‌സിജന്‍ ലഭിക്കാനുള്ള സാഹചര്യമുണ്ടായി. അനാവശ്യരോഗികളുടെ പ്രവാഹം ആശുപത്രികളില്‍ കുറഞ്ഞു. സാധാരണ രോഗങ്ങള്‍ വീട്ടില്‍ തന്നെ പരിഹരിക്കാന്‍ മനുഷ്യന്‍ ശ്രമിച്ചുതുടങ്ങി. ഭാര്യയും അമ്മയും ഉണ്ടാക്കുന്ന ഭക്ഷണം രൂചിയോടെ കഴിക്കാന്‍ ആരംഭിച്ചു.
കുഞ്ഞുങ്ങളുണ്ടാകാന്‍ ദീര്‍ഘകാലമായി മരുന്ന് കഴിക്കുന്ന ദമ്പതികള്‍ക്ക് മരുന്നൊന്നും കൂടാതെ കുഞ്ഞുങ്ങള്‍ ഉരുവായി. ഊഷ്മളമായ സ്‌നേഹബന്ധം, ഒരുമിച്ചുള്ള താമസം ഇതെല്ലാം അതിന് കാരണമായി. വീടുകളില്‍, സമൂഹത്തില്‍, ആരോഗ്യത്തില്‍, വ്യക്തികളില്‍ എല്ലാം വലിയ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. ഇറക്കിവിട്ട അപ്പനമ്മമാരെ തിരികെ കൊണ്ടുവന്ന മക്കളും വിവാഹമോചനത്തിന് വേണ്ടി ആലോചിച്ചിരുന്ന ദമ്പതികള്‍ അതില്‍ നിന്ന് ഒഴിവായതും കൊറോണയുടെ സല്‍ഫലങ്ങളില്‍ പെടുന്നു. ഭാര്യയെ കേള്‍ക്കാന്‍ ഭര്‍ത്താവിനും ഭര്‍ത്താവിനെ കേള്‍ക്കാന്‍ ഭാര്യയ്ക്കും സമയമുണ്ടായി.
കുഞ്ഞുങ്ങളെ കേള്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് സമയം കിട്ടി. തിരക്കുപിടിച്ച അമ്മമാര്‍ ചിറകില്ലാത്ത കോഴിപ്പിടകളായിരുന്നു. ആഅമ്മമാര്‍ ഇന്ന് കരുതലും സംരക്ഷണവും കൊടുക്കുന്ന ചിറകുള്ള കോഴിപ്പിടകളായി മാറി. ദേവാലയങ്ങളും അമ്പലങ്ങളും മോസ്‌ക്കുകളും ശൂന്യമായപ്പോള്‍ ഭവനങ്ങള്‍ ദേവാലയങ്ങളായി. കുടുംബം ദേവാലയമായി.കുുടംബപ്രാര്‍ത്ഥന ശക്തിപ്രാപിച്ചു. പൊടിപടലം അടങ്ങി മലമടക്കുകളും ഹിമാലയവും കാണാന്‍ തുടങ്ങി.
പൊടി മാറുമ്പോള്‍ കാഴ്ചകള്‍ വ്യക്തമാകും. അല്പം കൂടി സ്‌നേഹിക്കാന്‍, അല്പം കൂടി കരുണ കാണിക്കാന്‍ അവസരം വന്നു. മാസ്‌ക്ക് ധരിക്കുന്നതുകൊണ്ട് പെണ്ണുങ്ങള്‍ക്ക് ബ്യൂട്ടിപാര്‍ലറില്‍ പോയി മുഖം മിനുക്കേണ്ട കാര്യം വരുന്നില്ല.
പുരുഷന്മാര്‍ക്ക് മാസ്‌ക്ക് ധരിക്കുന്നത് കൊണ്ട് ഷേവിംങിന് ആവശ്യമില്ല. എല്ലാവര്‍ക്കും മാസ്‌ക്ക് വന്നു. ഒരുചാണ്‍ തുണികൊണ്ട് സകലതും മറക്കാമെന്ന് മാസ്‌ക്ക് നമ്മെ പഠിപ്പിച്ചു. വിവാഹച്ചടങ്ങുകളും ശവസംസ്‌കാരച്ചടങ്ങുകളും ആള്‍ക്കൂട്ടമില്ലാതെ നടത്താമെന്ന് പഠിച്ചു. ഇന്ന് ശവസംസ്‌കാരത്തിലും വിവാഹത്തിലും പങ്കെടുക്കാന്‍ വരുന്നവര്‍ ആത്മാര്ത്ഥമായി പ്രാര്‍ത്ഥിക്കും. ദൈവകോപമെന്നും പ്രകൃതിക്ഷോഭമെന്നും സ്വയം തിരിച്ചുനോട്ടത്തിനുളള സാഹചര്യമാണെന്നും പലരും പറയുന്നു.
ഇവിടെ ജീവിച്ചിരിക്കുന്നവരായ നാം ഇതില്‍ നിന്ന് പഠിക്കേണ്ട കാര്യം നമുക്ക് തിരുത്താന്‍ എന്തെങ്കിലും ഉണ്ടോയെന്നുമാണ്.
നാല്പതുദിവസത്തെ ലോക്ക് ഡൗണ്‍കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നമുക്കൊരു മാറ്റം വേണം.പുതിയ കാഴ്ചപ്പാടു രൂപീകരിക്കാന്‍ കഴിയണം. ആഡംബരംകുറയ്ക്കണം. ജീവിതത്തിലെ റൂട്ട് മാപ്പ് തിരയാനുള്ള അവസരമാണ് ഇത്. നല്ലൊരു പുരുഷനും സ്ത്രീയുമായി വിവാഹജീവിതം ആരംഭിച്ചിട്ട് ഇന്ന് ഡിവോഴ്‌സില്‍ എത്തിനില്ക്കാന്‍ കാരണമെന്താണ്? ഏതൊക്കെ സോഴ്‌സുകളില്‍ നിന്നാണ് തി്ന്മ.യുടെ വൈറസ് എന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചത് എന്ന് തിരിച്ചറിയാനുള്ള അവസരമാണ് ഇത്. പലപല സോഴ്‌സുകളില്‍ നിന്ന് ആവശ്യമില്ലാത്ത വൈറസ് ജീവിതത്തില്‍ കയറിപ്പറ്റി.
കുുടംബജീവിതവും വ്യക്തിജീവിതവും താറുമാറായി. ഞാനെങ്ങനെ ഇങ്ങനെയായി എന്ന് അന്വേഷിച്ച് കണ്ടുപിടിക്കാനും കുറവുകള്‍ തിരുത്താനുമുള്ള അവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. കുടുംബജീവിതത്തിലെ വൈറസുകളെ തിരിയാനും തിരുത്താനുമുള്ള അവസരമാണ് ഇത്.
പ്യൂപ്പയില്‍ നിന്ന് ചിത്രശലഭമായി പറക്കാന്‍ ലോക്ക്ഡൗണിന്റെ ഈകാലം നമുക്ക് കഴിയണം.