പണമില്ലാത്തതിന്റെ പേരില്‍ വിശക്കുന്നവന്റെ അവകാശമായ ഭക്ഷണം നിഷേധിക്കപ്പെടരുത് എന്ന ആശയത്തില്‍ ഫാ. ബോബി ജോസ് കട്ടിക്കാട് രക്ഷാധികാരിയായിട്ടുള്ള ട്രസ്റ്റിന്റെ ഭക്ഷണശാല “അഞ്ചപ്പം” കുറവിലങ്ങാട്ട് ആരംഭിച്ചു. ‘അന്നവും അക്ഷരവും ആദരവോടെ’ എന്നതാണ് അഞ്ചപ്പത്തിന്റെ ആപ്തവാക്യം. ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ ആശയത്തിൽ ഉടലെടുത്തതാണ് അഞ്ചപ്പം പദ്ധതി.
അഞ്ചപ്പം പദ്ധതിയിൽ ഉച്ചഭക്ഷണം ലഭ്യമാണ്. സായാഹ്നങ്ങളിൽ അക്ഷരക്കൂട്ടും സജീവമാകും. ജയ്സൺ തോമസ് വല്ലടി, ജോണപ്പൻ നിരപ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചപ്പത്തിന്റെ പ്രവർത്തനങ്ങൾക്ക് കുറവിലങ്ങാട്ട് നേതൃത്വം നൽകുന്നത്.
അഞ്ചപ്പത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള പ്രധാനവരുമാനം അഭ്യുദയകാംഷികൾ നൽകുന്ന സംഭാവനയാണ്. യാതൊരുവിധത്തിലുള്ള ഫണ്ടിംഗ് ഏജൻസികളുടെ ധനസഹായവും അഞ്ചപ്പം ആഗ്രഹിക്കുന്നില്ല. ദൈനംദിനപ്രവർത്തനത്തിനുള്ള സഹായം ചെറിയ ഔദാര്യങ്ങളിലുടെ സമാഹരിക്കുകയും ഭക്ഷണവിതരണത്തിലൂടെ ഓരോ ഭക്ഷണശാലയും സ്വയം പര്യാപ്തമാകുകയും ലാഭനഷ്ടമില്ലാതെ ഒരേ മനസോടെ മുന്നോട്ടു പോകുകയുമാണ് ട്രസ്റ്റിന്റെ ലക്ഷ്യം.
ഈ ഭക്ഷണശാലയിൽ നിന്നു ഭക്ഷണം കഴിക്കണമെങ്കിൽ കൈയിൽ പണം കരുതേണ്ട. വിശക്കുന്നുണ്ടെങ്കിൽ ആർക്കും ഇവിടേക്കു കയറിവരാം. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല. പണം വാങ്ങാൻ ക്യാഷറോ കൗണ്ടറോ ഇല്ല. പണം നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കും. അത് സംഭാവനപ്പെട്ടിയിൽ നിക്ഷേപിക്കാം, ഇതാണ് അഞ്ചപ്പം ഭോജനശാല. എന്നാൽ ഇതിനു പ്രാപ്തിയില്ലാത്തവർ സൗജന്യമായി വിശപ്പടക്കി സ്നേഹം പകരുകയും ചെയ്യുന്നതാണ് അഞ്ചപ്പത്തിന്റെ രീതി.
നമ്മൾ ഭക്ഷണം കഴിക്കുന്നതോടൊപ്പം വേറൊരാൾക്കു കൂടി അതിനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് പ്രവർത്തന മാതൃക. ഇതൊരിക്കലും ചാരിറ്റിയോ, ലാഭമോ ലക്ഷ്യമാക്കി ചെയ്യുന്ന സംരഭമല്ല.
ഇവിടെ അന്നം മാത്രമല്ല വിളമ്പുന്നത്. അന്നത്തിനൊപ്പം അക്ഷരവും വിളമ്പുന്നു. രണ്ടും ആദരവോടെ.
അഞ്ചപ്പത്തിന്റെ അഞ്ചാമത്തെ ഭക്ഷണശാലയാണ് കുറവിലങ്ങാട്ട് തുറന്നിരിക്കുന്നത്. കുറവിലങ്ങാട് പള്ളിവക മുത്തിയമ്മ കോംപ്ലക്സിൽ ആരംഭിച്ച പദ്ധതിക്ക് നാടൊന്നാകെ ജനകീയ വരവേൽപ്പാണ് ഉദ്ഘാടനദിനത്തിൽ നൽകിയത്. 21 ഓട്ടോറിക്ഷ ഡ്രൈവർമാരും വിവിധ വ്യാപാരസ്ഥാപനങ്ങളിലെ 21 ജീവനക്കാരും 21 വീട്ടമ്മമാരും ചേർന്ന് മൺചിരാതുകൾ തെളിച്ചാണുഅഞ്ചപ്പത്തിന് തുടക്കമിട്ടത്. ഫാ. ബോബി ജോസ് കട്ടിക്കാട് ചിരാത് തെളിക്കാനുള്ള അഗ്നി പകർന്നു നൽകി. തുടർന്ന് നവജീവൻ ട്രസ്റ്റി പി.യു. തോമസ് അഞ്ചപ്പം അടുക്കളയിലേക്കുള്ള പാൽ പാചകത്തിനായി കൈമാറി. പാചകം ചെയ്ത പാൽ നാടിനെ പ്രതിനിധീകരിച്ച് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു എന്നിവർ ഏറ്റുവാങ്ങി വിളമ്പി. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അഞ്ചപ്പം പദ്ധതിയുടെ ഭാഗമായുള്ള അക്ഷരക്കൂട്ട് ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. ഫാ. ബോബി ജോസ് കട്ടിക്കാട് സന്ദേശം നൽകി.