പെറുജിയ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കാറാകുന്നതോടെ ഞായറാഴ്ചകളിലെ പൊതു കുര്‍ബാനകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ബാസെറ്റി രൂപതയിലെ വൈദികര്‍ക്ക് കത്തയച്ചു. മാര്‍ച്ച് എട്ട് മുതല്‍ രൂപതയില്‍ പൊതുകുര്‍ബാനകള്‍ റദ്ദ് ചെയ്തിരിക്കുകയായിരുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക് ഡൗണില്‍ പ്രവേശിച്ചതിനെതുടര്‍ന്നായിരുന്നു ഇത്. ശവസംസ്‌കാരചടങ്ങുകള്‍ ഉള്‍പ്പടെ മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും വിലക്കുകളേര്‍പ്പെടുത്തിയിരുന്നു. മെയ് മൂന്നോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുമെന്നാണ് കരുതുന്നത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിശ്വാസികള്‍ക്ക് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്കണമെന്ന് മെത്രാന്‍ സമിതി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
പൊതുകുര്‍ബാനകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പോലീസും വൈദികരും തമ്മില്‍ സംഘര്‍ഷങ്ങളും അടുത്തയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കരുണയുടെ ഞായറാഴ്ച 80 കാരനായ ഫാ. ലിനോ വിയോള അര്‍പ്പിച്ച ദിവ്യബലിയില്‍ ഏതാനും വിശ്വാസികള്‍ പങ്കെടുത്തതായിരുന്നു കാരണം. പിന്നീട് അച്ചന് പിഴ ഇടുകയും ചെയ്തിരുന്നു. കോവിഡ് ബാധിതനായി മരിച്ച ഒരാളുടെ ബന്ധുക്കളാണ് കുര്‍ബാനയില്‍ പങ്കെടുത്തത്.