കുടുംബങ്ങളിലും സമര്‍പ്പിതഭവനങ്ങളിലും വിശുദ്ധവാരത്തില്‍ ഉപയോഗിക്കാനുള്ള പ്രാര്‍ത്ഥനകള്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ രൂപത്തില്‍


മാനന്തവാടി: കോവിഡ് 19 വൈറസ് വ്യാപനം മൂലം വിശുദ്ധവാര ആചരണം ദേവാലയങ്ങളില്‍ അസാദ്ധ്യമായ സാഹചര്യത്തില്‍ വിശുദ്ധവാരത്തിലെ പ്രധാനദിവസങ്ങള്‍ കുടുംബങ്ങളില്‍ ആചരിക്കുന്നതിനുള്ള കര്‍മ്മക്രമം മാനന്തവാടി രൂപതയുടെ ലിറ്റര്‍ജിക്കല്‍ കമ്മറ്റി തയ്യാറാക്കി. കുടുംബനാഥന്മാര്‍ക്കും സമര്‍പ്പിതഭവനങ്ങളിലെ സുപ്പീരിയര്‍മാര്‍ക്കും നേതൃത്വം നല്കാവുന്ന വിധത്തില്‍ ചിട്ടപ്പെടുത്തിയ പ്രാര്‍ത്ഥനകള്‍ സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെയാണ് വിശ്വാസികളിലേക്കെത്തിക്കുന്നത്.

അനുതാപശുശ്രൂഷ, ഓശാനഞായര്‍, പെസഹാവ്യാഴം, പീഡാനുഭവവെള്ളി, ഈസ്റ്റര്‍ ഞായര്‍ എന്നീ ദിവസങ്ങള്‍ക്കുള്ള കര്‍മ്മക്രമങ്ങളാണ് തയ്യാറായിരിക്കുന്നത്. ഇവയുടെ PDF രൂപം കൂടാതെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. Holyweekliturgy (വാക്കുകള്‍ക്കിടയില്‍ അകലമിടാതെ) എന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരഞ്ഞാല്‍ ഈ ആപ്ലിക്കേഷന്‍ ലഭിക്കുന്നതാണ്. (Application Link: http://bit.ly/holyweekMndy) കബനിഗിരി ഇടവകാംഗമായ ഡോണ്‍ ഞൊണ്ടന്മാക്കലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

രൂപതയുടെയും ഇടവകകളുടെയും ഔദ്യോഗിക ആപ്ലിക്കേഷനുകളിലും ഈ പ്രാര്‍ത്ഥനകള്‍ ലഭ്യമാണ്. കൂടാതെ, മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസിന്റെ *PR Desk – Manananthavady Diocese* എന്ന ടെലഗ്രാം ചാനലിലും ഈ പ്രാര്‍ത്ഥനകള്‍ ലഭ്യമാണ്.

ഈ കര്‍മ്മക്രമം ഉപയോഗിച്ച് കുടുംബനാഥന്മാര്‍ക്ക് ഭവനങ്ങളിലും സന്യാസഭവനങ്ങളില്‍ അവയുടെ സുപ്പീരിയേഴ്സിനും അതാത് ദിവസത്തെ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കാവുന്നതാണ്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ 2020 വര്‍ഷത്തെ വിശുദ്ധവാര ആചരണങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള കര്‍മ്മക്രമങ്ങളാണ് നല്കിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.