വത്തിക്കാന്‍ സിറ്റി: സാത്താനുമായി തര്‍ക്കത്തിന് പോകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാത്താനെ ദൈവവചനം പറഞ്ഞ് ദൂരേയ്ക്ക ഓടിയകറ്റുകയാണ് വേണ്ടത്. ഒരിക്കലും അവനുമായി സംസാരിക്കാന്‍ നില്ക്കരുത്. മരുഭൂമിയില്‍ സാത്താന്‍ പരീക്ഷിക്കാന്‍ വന്നപ്പോള്‍ ക്രിസ്തു ഒരിക്കലും അവനുമായി തര്‍ക്കിക്കാന്‍ നിന്നില്ല, സംസാരിച്ചതുമില്ല, ദൈവവചനം പറഞ്ഞ് പ്രതികരിക്കുക മാത്രമാണ് ക്രിസ്തു ചെയ്തത്.
പാപത്തെക്കുറിച്ചുള്ള പ്രലോഭനമുണ്ടാകുമ്പോള്‍ ഒരുവന് സാത്താനുമായി തര്‍ക്കിക്കാന്‍ തോന്നാറുണ്ട്. ഒരിക്കലും അത് പാടില്ല. ക്രിസ്തു സാത്താനോട് രണ്ടു കാര്യങ്ങളാണ് ചെയ്തത്. സാത്താനെ അവിടുന്ന് ഓടിച്ചുവിട്ടു. രണ്ട് ദൈവവചനം കൊണ്ട് മറുപടി നല്കി. കരുതലോടെയിരിക്കുക. പ്രലോഭനത്തോടുകൂടി ഒരിക്കലും സംവാദം പാടില്ല. ഒരിക്കലും സാത്താനോട് സംസാരിക്കുകയുമരുത്. ക്രിസ്തുവിനെ പരീക്ഷിച്ചതുപോലെ ഇന്നും സാത്താന്‍ പലവിധ പ്രലോഭനങ്ങളുമായി നമ്മെയും പരീക്ഷിക്കാന്‍ വരുന്നുണ്ടെന്നും പാപ്പ പറഞ്ഞു.
നോമ്പുകാലത്തുണ്ടാകുന്ന എല്ലാ വിധ പ്രലോഭനങ്ങളെയും നേരിടാന്‍ സാത്താന്റെ തലയെ തകര്‍ത്ത മാതാവിന്റെ സഹായം തേടണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.