മാര്‍പാപ്പയെ ചുംബിച്ച ഈ മനുഷ്യന്‍ ലൂര്‍ദ്ദ് മാതാവ് സൗഖ്യപ്പെടുത്തിയ വ്യക്തി

വത്തിക്കാന്‍ സിറ്റി: സാധാരണയായി പൊതുദര്‍ശന വേളയില്‍ തന്നെ കാത്തുനില്ക്കുന്ന വിശ്വാസികളില്‍ ചിലരെ മാര്‍പാപ്പ ചുംബിക്കുന്ന ചിത്രങ്ങള്‍ പുറത്തുവരാറുണ്ട്. ഉദാഹരണത്തിന് ചില കുഞ്ഞുകുട്ടികളെ പാപ്പ ലാളിക്കുന്നതിന്റെയോ ഉമ്മ വയ്ക്കുന്നതിന്റെയോ ചിത്രങ്ങള്‍.

പക്ഷേ പാപ്പയെ ഒരാള്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ അത്ര പ്രചരിപ്പിക്കപ്പെടാറില്ല. കാരണം അങ്ങനെയൊന്ന് സംഭവിക്കുന്നത് അപൂര്‍വ്വമാണ്. പക്ഷേ ഇപ്പോഴിതാ പാപ്പയെ ഒരു വ്യക്തി ചുംബിക്കുന്ന ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞിരിക്കുന്നു.

ഫെബ്രുവരി 19 ലെ പൊതുദര്‍ശന വേളയില്‍ പകര്‍ത്തപ്പെട്ടതാണ് ഈ ചിത്രം. പാപ്പായുടെ മൂര്‍ദ്ധാവില്‍ ചുംബിക്കുന്ന ചിത്രമാണ് ഇവിടെ പകര്‍ത്തിയിരിക്കുന്നത്. പാപ്പ ആ സ്‌നേഹചുംബനത്തിന് വശംവദനായി നില്ക്കുന്നതും കാണാം.

ഫിലിപ്പ് നൗഡിന്‍ എന്നാണ് ഈ വ്യക്തിയുടെ പേര്. അഭിനേതാവാണ്. കുഞ്ഞായിരുന്നപ്പോള്‍ മെനിഞ്ചൈറ്റീസ് രോഗബാധിതനായിരുന്നു.പക്ഷേ അത്ഭുതകരമായ രോഗസൗഖ്യമുണ്ടായി. ലൂര്‍ദ്ദ് മാതാവിന്റെ മാധ്യസ്ഥമാണ് രോഗസൗഖ്യത്തിന് നിദാനമായത്.

തന്റെ രോഗസൗഖ്യത്തെക്കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് പങ്കുവച്ചത് ഇപ്രകാരമാണ്.

ജനനത്തിന്റെ പത്താം ദിവസം മെനിഞ്ചൈറ്റീസ് ബാധിതനായി. ഏഴു വര്‍ഷത്തോളം ഹോസ്പിറ്റലില്‍ തന്നെ ജീവിച്ചു. എണീറ്റ് നടക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. 1978 ല്‍ അദ്ദേഹത്തിന്റെ അമ്മ ലൂര്‍്ദിലേക്കുള്ള തീര്‍ത്ഥാടനത്തിന് രൂപതയില്‍ നിന്ന് പേര് രജിസ്ട്രര്‍ ചെയ്തു. അങ്ങനെ അമ്മയുമൊത്ത് വീല്‍ച്ചെയറില്‍ ലൂര്‍ദ്ദില്‍ വന്നു. അത്ഭുതം എന്താണ് എന്നതിനെക്കുറിച്ച് തിരിച്ചറിവില്ലാത്ത പ്രായം.

ഗുഹയുടെ മുമ്പില്‍ നില്ക്കുമ്പോള്‍ മാതാവിന്റെ വാക്കുകള്‍ ഹൃദയത്തില്‍ കേട്ടു ഞാന്‍ നിനക്ക് രണ്ട് സമ്മാനം തരും. മിഠായിയും കേക്കും ആയിരിക്കുമെന്നാണ് കരുതിയത്. പക്ഷേ മാതാവ് അത് തിരുത്തി. അല്ല, നിനക്ക് ഞാന്‍ തരാന്‍ പോകുന്നത് എണീറ്റ് നടക്കാനും സംസാരിക്കാനുമുള്ള കഴിവാണ്. നീ ഇതേക്കുറിച്ച് സാക്ഷ്യം പറയുകയും വേണം. അന്ന് രാത്രിതന്നെ തിരികെ മടങ്ങി. അവിടെ ട്രെയിനില്‍വച്ച് ഞാന്‍ ആദ്യമായി മം എന്ന് ശബ്ദിച്ചു.

അടുത്ത തീര്‍ത്ഥാടനമായപ്പോഴേക്കും ഞാന്‍ പതുക്കെ നടക്കാനും കൂടുതല്‍ ശബ്ദിക്കാനും ആരംഭിച്ചു. എന്റെ രോഗസൗഖ്യത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് പോലും വിശദീകരണം നല്കാന്‍ കഴിഞ്ഞിരുന്നില്ല. പന്ത്രണ്ടാം വയസില്‍ ഞാന്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങി.

ഇത് രണ്ടാം തവണയാണ് ഫിലിപ്പി ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്നത്. രണ്ടതവണയും പാപ്പ അദ്ദേഹത്തോട് അനുഗ്രഹം യാചിക്കുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.