ആരാണ് സന്തോഷം ആഗ്രഹിക്കാത്തതായുള്ളത്? പക്ഷേ നമുക്ക് എപ്പോഴും സന്തോഷിക്കാന്‍ കഴിയുന്നവിധത്തിലല്ല സാഹചര്യങ്ങള്‍. നമ്മുടെ തന്നെ അബദ്ധങ്ങളോ തെറ്റായ മനോഭാവങ്ങളോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ഇടപെടലുകളോ എല്ലാം നമ്മുടെ സന്തോഷങ്ങള്‍ അപഹരിക്കുന്നുണ്ട്.
ഇവിടെയാണ് നാം ദൈവത്തിന്റെ സഹായം തേടേണ്ടത്. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായവരേ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്നാണല്ലോ ക്രിസ്തുവിന്റെ വാഗ്ദാനം. ഇവിടെ നാം മനസ്സിലാക്കിയെടുക്കേണ്ടത് ക്രിസ്തു ആഗ്രഹിക്കുന്നത് നമ്മുടെ സന്തോഷമാണെന്നാണ്. എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍ എന്ന് അവിടുന്ന് ഓര്മ്മിപ്പിക്കുന്നുമുണ്ടല്ലോ.
അതുകൊണ്ട് ഹൃദയത്തിലും ജീവിതത്തിലും സന്തോഷം നിറയണമെന്ന് ആഗ്രഹിക്കുന്നവര്‍ ഈ പ്രാര്‍ത്ഥന ചൊല്ലുക, എല്ലാവിഷമതകളും സങ്കടങ്ങളും ഈശോയ്ക്ക്സമര്പ്പിച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കുക.
ഈശോയേ എന്നെ ആശ്വസിപ്പിക്കണമേ. നിന്റെ കൃപ എനിക്ക് നല്കണമേ. എന്റെ സന്തോഷവും ആനന്ദവും നീയാകുന്നു. നീയെനിക്ക് നല്കിയ അപരിമേയമായ നന്മകളും കരുണയും ഞാന്‍ ഓര്‍മ്മിക്കുന്നു. പാപം ചെയ്ത് എന്റെ ഹൃദയസമാധാനം ഞാന്‍ തന്നെ നഷ്ടപ്പെടുത്തിയ നിമിഷങ്ങളെയും ഓര്‍മ്മിക്കുന്നു
. നഷ്ടപ്പെട്ടുപോയ സമാധാനം എനിക്ക് തിരികെ നല്കണമേ. എന്റെ ഹൃദയത്തില്‍ സന്തോഷം വിതയ്ക്കണമേ. നിന്റെ രാജ്യത്തില്‍ വസിക്കാന്‍ എനിക്ക് കൃപ നല്കണമേ. ഈശോയേ രക്ഷകാ എന്നെ ആശ്വസിപ്പിക്കണമേ..എന്റെ കൂടെയുണ്ടായിരിക്കണമേ.
ithintay mobile application onnu create cheytha nallathakum