മുപ്പതാം ദിവസം 21-03-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഇരുപത്തിയേഴു മുതൽ മുപ്പത്തിമൂന്നു വരെയുള്ള അവസാനത്തെ ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

==========================================================================

മുപ്പതാം ദിവസം

യേശുവിനെ അറിയുക

ക്രിസ്താനുകരണ വായന

വിശുദ്ധ കുരിശിന്റെ രാജകീയവീഥി.

  1. “നിന്നെത്തന്നെ പരിത്യജിച്ച് നിൻ്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരിക’ എന്ന ഈശോയുടെ വാക്കുകൾ പലർക്കും കഠിനമായിത്തോന്നും.
    “എന്നാൽ ശപിക്കപ്പെട്ടവരേ! എന്നിൽനിന്ന് അകന്നു നിങ്ങൾ നിത്യാഗ്നിയിലേക്ക് പോകുവിൻ” എന്ന അന്തിമ വിധിവാക്യം കേൾക്കുക ഒന്നുകൂടി കഠിനമായിരിക്കില്ലേ? കുരിശിന്റെ സന്ദേശം സന്തോഷത്തോടെ കേട്ടു നടക്കുന്നവർ നിത്യശിക്ഷാവിധി കേട്ടു ഭയപ്പെടേണ്ടി വരികയില്ല.
    കർത്താവു വിധിക്കാൻ വരുമ്പോൾ, കുരിശിന്റെ അടയാളം ആകാശത്തിൽ കാണപ്പെടും.
    ജീവിതകാലത്ത് ക്രൂശിതനായ കർത്താവിന്റെ ജീവി തത്തെ അനുകരിച്ച് കുരിശിന്റെ അനുഗാമികൾ തങ്ങളുടെ വിധികർത്താവായ ക്രിസ്തുവിന്റെ അടുക്കലേയ്ക്കു
    മഹാവിശ്വാസത്തോടെ സമീപിയ്ക്കും.
  2. ആകയാൽ സ്വർഗ്ഗരാജ്യത്തിലെത്തിക്കുന്ന കുരിശു നീ ചുമക്കാൻ എന്തിനു ഭയപ്പെടുന്നു?
    കുരിശിൽത്തന്നെ രക്ഷ; കുരിശിൽത്തന്നെ ജീവൻ; കുരിശിൽത്തന്നെ ശ്രതുക്കളിൽ നിന്നു രക്ഷപ്പെടാനുള്ള അഭയം .
    കുരിശിലാണു സ്വർഗ്ഗീയ മാധുര്യത്തിന്റെ പൂർത്തി; കുരിശിലാണു മനസൈര്യം; കുരിശിലാണ് ആദ്ധ്യാത്മികാനന്ദം.
    കുരിശിലാണു പുണ്യപൂർണ്ണത! കുരിശിൽത്തന്നെ വിശുദ്ധിയുടെ തികവ്.
    കുരിശില്ലാതെ ആത്മരക്ഷയുടേയോ, നിത്യായുസ്സിന്റേയോ പ്രത്യാശയില്ല.
    ആകയാൽ നിന്റെ കുരിശു ചുമന്ന് ഇശോയെ അനുഗ മിക്കുക; എങ്കിൽ, നീ നിത്യജീവങ്കൽ ചെന്നെത്തും.
    നീ നിന്റെ കുരിശു ചുമന്ന് കുരിശിൽ മരിക്കാൻ മന സ്സാകുന്നതിനുവേണ്ടി, ഈശോ തന്റെ കുരിശു ചുമന്ന് നിനക്കുവേണ്ടി കുരിശിൽ മരിച്ചു.
    നീ ഇശോയോടു കൂടെ മരിക്കുമെങ്കിൽ അവിടുത്തോടു കൂടെ ജീവിക്കുകയും ചെയ്യും; അവിടുത്തെ സഹനത്തിൽ ഓഹരിക്കാരനായാൽ അവിടുത്തെ മഹത്വത്തിലും നീ ഓഹരിക്കാരനാകും.
  3. കുരിശു സർവ്വസ്വമാകുന്നു; അതിൽ മരിക്കുന്നതു ഭാഗ്യം. ആയുസ്സിലേയ്ക്കും പരമാർത്ഥമായ സമാധാന ത്തിലേയ്ക്കുമുള്ള മാർഗ്ഗം, വിശുദ്ധ കുരിശും പ്രതിദിന ആശാനിഗ്രഹവുമല്ലാതെ മറെറാന്നില്ല.
  • നിനക്ക് ഇഷ്ടമുള്ളിടത്തു പോകാം, ഇഷ്ടമുള്ളത് – അന്വേഷിക്കാം എന്നാൽ കുരിശിന്റെ വഴിയേക്കാൾ ഭേദവും ഭദ്രവുമായ മാർഗ്ഗം ഒരിടത്തുമില്ല.
    നിനക്ക് ഉത്തമമെന്നു തോന്നുംപ്രകാരം യഥേഷ്ടം – സമസ്തവും ശരിയായി ക്രമപ്പെടുത്തിക്കൊള്ളുക; എല്ലായ്പ്പോഴും, നിനക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ശരി, വല്ലതും സഹിക്കാൻ നിനക്കുണ്ടാകാതിരിക്കയില്ല. ഇങ്ങനെ നീ സദാ കുരിശു കണ്ടെത്തും.
    ഒന്നുകിൽ ശരീരത്തിൽ വല്ല വേദനയുമായിരിക്കും അല്ലെങ്കിൽ ആത്മാവിൽ വല്ല മാനസിക ക്ലേശം.
  1. ദൈവം നിന്നെ ചിലപ്പോൾ കൈവിട്ടെന്നു വരും. ചിലപ്പോൾ അപരർ നിന്നെ ഉപദ്രവിച്ചേക്കും. ഒന്നുകൂടി പരിഗണനാർഹമാണ് നീ നിനക്കുതന്നെ ചെയ്യുന്ന ദ്രോഹം.
    വല്ല ഉപശാന്തിയാലോ സാന്ത്വനത്താലോ അതിൽ
    നിന്നു മോചനം പ്രാപിക്കാനോ അതിനെ മയപ്പെടത്താനോ നിനക്കു കഴിയുകയില്ല. ദൈവം തിരു മനസ്സാകന്നിടത്തോളം കാലം നീ അതു സഹിക്കണം. ദൈവത്തിന്റെ തിരുമനസ്സ് ഇതാണ്; സാന്ത്വനമൊന്നും കൂടാതെ സങ്കടങ്ങൾ സഹിക്കാൻ പരിശീലിക്കണം; ദൈവത്തിനു സമ്പൂർണ്ണമായി നിന്നെത്തന്നെ കീഴടക്കി നിറുത്തണം; അനർത്ഥങ്ങളിൽ നീ എളിമയുള്ളവനായിരിക്കണം.
    ഇശോയെപ്പോലെ സഹിച്ചിട്ടുള്ളവർക്കല്ലാതെ മറ്റാർക്കും അവിടുത്തെ പീഢകളെക്കുറിച്ചു ശരിയായ ബോധമുണ്ടാകുകയില്ല.
    കുരിശു സദാ തയ്യാറുണ്ട്; അത് എല്ലായിടത്തും നിന്നെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
    നീ എവിടേയ്ക്ക് ഓടിയാലും അതിൽ നിന്നു നിനക്ക് ഒഴിഞ്ഞുമാറാൻ കഴിയുകയില്ല. എവിടെ പോകുമ്പോഴും നിന്നെത്തന്നെ കൂടെ കൊണ്ടുപോകുന്നു; എവിടേയും ഏതുകാലത്തും നിന്നെത്തന്നെ കൂട്ടിമുട്ടുന്നു.
    മേല്പോട്ടു നോക്കിയാലും കീഴ്പ്പോട്ടു നോക്കിയാലും പുറത്തേയ്ക്കു പോയാലും അകത്തേയ്ക്ക് വന്നാലും എല്ലായിടത്തും നീ കുരിശു കണ്ടെത്തും.
    ഹൃദയസമാധാനം നേടാനും നിത്യകിരീടം ചുടാനും ആഗ്രഹിക്കുന്നെങ്കിൽ. എല്ലായ്പ്പോഴും ക്ഷമയോടെ വ്യാപരിക്കണം.
  2. നീ സന്തോഷത്തോടെ കുരിശു ചുമക്കുകയാണെ
    ങ്കിൽ, കുരിശു നിന്നെ ചുമന്ന് നീ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലെത്തിക്കും. ഇവിടെ സങ്കടങ്ങൾക്ക് അന്ത്യമില്ലെങ്കിലും അവിടെ സങ്കടങ്ങളൊന്നും ഉണ്ടാകയില്ല. മനസ്സില്ലാതെയാണ് നീ കുരിശു ചുമക്കുന്നതെങ്കിൽ അതിന്റെ ഭാരം വർദ്ധിക്കും; വൃഥാ വലിയ ഭാരം നിന്റെ മേൽ നീ ഏററുന്നു. അതുവഹിക്കാതെ ഗത്യന്തരമില്ലതാനും. ഒരു കുരിശിൽനിന്ന് നീ ഒഴിഞ്ഞുമാറിയാൽ മറെറാന്ന് നിന്നെ
    ത്തേടിയെത്തും. അത് ഒന്നുകൂടി ഭാരമേറിയതാകാനും മതി.
  3. യാതൊരു മർത്യനും വിട്ടൊഴിയാൻ കഴിയാത്തത് നിനക്കു കഴിയുമെന്നു കരുതുന്നുണ്ടോ? കുരിശുകളും പീഡകളും ഇല്ലാതിരുന്ന ഏതെങ്കിലും പുണ്യവാനുണ്ടോ?
    നമ്മുടെ കർത്താവീശോയ്ക്ക് ജീവിച്ചിരുന്ന കാലമൊക്കെ തന്റെ പീഢാനുഭവത്തിന്റെ വേദന അനുഭവപ്പെടാത്ത ഒരു നിമിഷം പോലുമുണ്ടായിട്ടില്ല. അവിടുന്ന് തന്നെ ചോദി ച്ചിരിക്കുന്നു ; “ക്രിസ്തു കഷ്ടാരിഷ്ടതകൾ സഹിക്കുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും അങ്ങനെ തന്റെ മഹത്വത്തിലേയ്ക്കു പ്രവേശിക്കുകയും ചെയ്യേണ്ടതായിരുന്നില്ലേ?”
    ആകയാൽ കുരിശിന്റെ രാജകീയവീഥിയല്ലാതെ മറെറാരു മാർഗ്ഗം നീ അന്വേഷിക്കുന്നതെന്തിന്?
  4. ഈശോയുടെ ജീവിതം മുഴുവൻ രക്തസാക്ഷിത്വവും കുരിശുമായിരുന്നു. എന്നിട്ടാണോ നീ ആശ്വാസ ങ്ങളും ആനന്ദങ്ങളും തേടുന്നത്?
    പീഢനങ്ങളല്ലാതെ മറെറന്തെങ്കിലും നീ അന്വേഷിക്കുന്നത് തെററാണ്. ഈ മർത്യജീവിതം മുഴുവൻ അരിഷ്ടതകളാൽ പൂർണ്ണമാണ്; കുരിശുകളാൽ സമാവൃതവുമാണ്. ആദ്ധ്യാത്മികതലത്ത് ഒരുത്തന് എത്ര അഭിവൃദ്ധിയുണ്ടാ യിട്ടുണ്ടോ അത്ര ഭയങ്കര കുരിശുകൾ അവൻ ഏററുമുട്ടും. പരദേശവാസത്തിലുണ്ടാകുന്ന് സങ്കടം ദൈവസ്നേഹം വളരുന്തോറും കേവലം വർദ്ധിക്കുന്നതേയുള്ളു.
  5. ഇങ്ങനെ , വിവിധപീഡകൾ അനുഭവിക്കേണ്ടി വന്നാലും അയാൾക്ക് ആത്മശാന്തിക്കുപയുക്തമായ ഒരാശ്വാസമുണ്ടാകും. തന്റെ കുരിശുവഹിക്കുന്നതിനു കൈവരുന്ന ഫലം അല്പ്പമല്ലെന്ന് അവനു ബോദ്ധ്യം വരും. സ്വമനസാ കുരിശിനു തന്നെത്തന്നെ കീഴ്പ്പെടുത്തുമ്പോൾ, അനർത്ഥങ്ങളുടെ ഭാരമെല്ലാം ദൈവികാശ്വാസം ലഭിക്കുമെന്ന പ്രത്യാശയായിമാറും.
    കളേശങ്ങൾ ജഡത്തെ എത്രകണ്ടു മർദ്ദിക്കുന്നുവോ അത്രകണ്ട് ആത്മാവ് ആദ്ധ്യാത്മിക വരങ്ങളാൽ ദൃഢ തരമാകുന്നു.
    ക്രൂശിതനായ ഈശോയ്ക്ക് അനുരൂപമാകാൻവേണ്ടി സങ്കടങ്ങളും കഷ്ടതകളും ഇല്ലാതാകരുതെന്ന് ആഗ്രഹിക്കുന്നവൻ, അവയോടുള്ള താൽപ്പര്യം നിമിത്തം പലപ്പോഴും ആശ്വാസം പ്രാപിക്കുന്നു. ഒരുത്തൻ ദൈവത്തെ പ്രതി എത്രയേറെ വിഷമങ്ങൾ സഹിക്കുന്നുവോ അത്രയ്ക്ക് അവൻ അവിടുത്തേയ്ക്കു പ്രിയങ്കരനായിരിക്കും. സ്വാഭാവികമായി മനുഷ്യർ വെറുക്കുന്നതും ഓടിയക ലുന്നതുമായവയെ തീഷ്ണതയോടെ ആശ്ളേഷിച്ചു സ്നേഹിക്കുവാനിടയാകുന്നത് മാനുഷിക ശക്തികൊണ്ടല്ല. ഈശോയുടെ കൃപാവരത്താലാണ്.
  6. കുരിശു ചുമക്കുന്നതും കുരിശിനെ സ്നേഹിക്കുന്നതും ശരീരത്തെ നിഗ്രഹിക്കുന്നതും അടിമത്തത്തെ ഭജിക്കുന്നതും ബഹുമാനങ്ങൾ തിരസ്കരിക്കുന്നതും നിന്ദകൾ സന്തോഷപൂർവ്വം സഹിക്കുന്നതും തന്നെത്തന്നെ നിന്ദിക്കുന്നതും നിന്ദിക്കപ്പെടാൻ ആഗ്രഹിക്കുന്നതും ഏത് എതിർപ്പുകളേയും കഷ്ടപ്പെട്ടു ചെറുക്കുന്നതും ഈ ലോകത്തിൽ യാതൊരെശ്വര്യവും ആഗ്രഹിക്കാതിരിക്കുന്നതും മനുഷ്യന്റെ നൈസർഗ്ഗികമായ വാസനയ്ക്കു യോജിക്കുന്നവയല്ല.
    നിന്റെ സ്വഭാവം നിരീക്ഷിച്ചാൽ, ഇവയൊന്നും നിനക്കു ചെയ്യാവുന്നതല്ലെന്നു ബോദ്ധ്യമാകും. എന്നാൽ, കർത്താവിൽ നീ ശരണം പ്രാപിക്കുകയാണങ്കിൽ സ്വർഗ്ഗത്തിൽ നിന്നു നിനക്കു ശക്തി ലഭിക്കും;
    ലോകവും ജഡവും നിന്റെ ചൊല്പടിക്കു നിൽക്കും. ഇശോയുടെ കുരിശടയാളം നിന്നിലുണ്ടായിരിക്കുകയും വിശ്വാസമാകുന്ന കുഞ്ചുകം നീ ധരിക്കുകയും ചെയ്താൽ ശ്രതുവായ പിശാചിനെപ്പോലും നീ ഭയപ്പെടുകയില്ല.
  7. നിന്നോടുള്ള സ്നേഹത്തെപ്രതി ക്രൂശിതനായ നിന്റെ
    കർത്താവിന്റെ കുരിശ് ധീരതയോടെ വഹിക്കാൻ നീ വിശ്വസ്തനും നല്ലവനുമായ ദാസനെപ്പോലെ മുന്നോട്ടുവരിക. ഈ ദുർഭഗജീവിതത്തിൽ നിരവധി കഷാരിഷ്ടതകൾ സഹിക്കുവാൻ തയ്യാറായിക്കൊള്ളുക. എവിടെയായിരുന്നാലും അവ നിന്റെകൂടെയുണ്ടായിരിക്കും; എവിടെ ഓടി യൊളിച്ചാലും നീ നിശ്ചയമായും അവയെ ഏററുമുട്ടും.
    അങ്ങനെതന്നെ സംഭവിക്കണം. കഷ്ടാരിഷ്ടതകൾ ക്ഷമാപൂർവ്വം സഹിക്കയല്ലാതെ ഗത്യന്തരമില്ല.
    നീ കർത്താവിന്റെ മിത്രവും അവിടുത്തെ മഹത്വത്തിൽ ഓഹരിക്കാരനുമാകാൻ ആഗ്രഹിക്കുന്നെങ്കിൽ, അവിടത്തെ പാനപാത്രം സ്നേഹപൂർവ്വം കുടിച്ചുകൊള്ളുക.
    ആശ്വാസങ്ങൾ ദൈവത്തെ ഏല്പിക്കുക. അവിടുന്ന് യഥേഷ്ടം അവ വിനിയോഗിച്ചു കൊള്ളട്ടെ.
    ഞെരുക്കങ്ങൾ അനുഭവിക്കാൻ നീ തയ്യാറായിരിക്കുയാണു വേണ്ടത്. അവ മഹാശ്വാസങ്ങളായി വിഭാവന ചെയ്യുക. ഇവയെല്ലാം ഏകനായി നിനക്കു സഹിക്കാൻ കഴിഞ്ഞാലും ‘ഇക്കാലത്തെ കഷ്ട്ടതകൾ നമുക്കു ലഭിക്കാനിരിക്കുന്ന ആനന്ദത്തോടു തുലനം ചെയ്യാവുന്നതല്ല.
  8. അനർത്ഥങ്ങൾ ഈശോയെപതി മധുരവും ഇമ്പകരവുമായെന്നുവന്നാൽ, നീ സൗഭാഗ്യവാനായെന്നു കരുതിക്കൊള്ളുക. ഈ ലോകത്തിൽ നീ ഒരു പറുദീസ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.കഷ്ടാരിഷ്ടതകൾ അസഹ്യമാകുകയും
    അവയെ വിട്ടൊഴിയാൻ എത്രമാത്രം നീ പരിശ്രമിക്കുകയും ചെയ്യു
    ന്നുവോ അത്രമാത്രം നിന്റെ കാര്യം ദുർഭഗംതന്നെ. നീ
    വിട്ടൊഴിയാൻ പരിശ്രമിക്കുന്ന കഷ്ടതകൾ എല്ലായിടത്തും നിന്നെ പിന്തുടരും.
  9. ചെയ്യേണ്ടതു ചെയ്യാൻ, അതായതു കഷ്ടപ്പെട്ടു മരിക്കാൻ, തയ്യാറാണെങ്കിൽ നീ അതിവേഗം സമാധാനം പ്രാപിക്കും.
    വിശുദ്ധ പൗലോസിനെപ്പോലെ മൂന്നാം സ്വർഗ്ഗത്തോളം നീ ഉന്നമിപ്പിക്കപ്പെട്ടാലും യാതൊരനർത്ഥവുമില്ലാതെ ഭദ്രസ്ഥിതിയിൽ എത്തുകയില്ല. “അവൻ എന്റെ നാമത്തെപ്രതി എന്തെല്ലാം സഹിക്കണമെന്നു ഞാൻ അവനെ കാണിക്കും’, എന്ന് ഈശോ അരുൾ ചെയ്തിരിക്കുന്നു. ആകയാൽ, ഈശോയെ സ്നേഹിക്കാനും അവിടു
    ത്തേയ്ക്കു നിരന്തര ശുശ്രൂഷ ചെയ്യാനും നീ ആഗ്രഹിക്കുന്നെങ്കിൽ, നിന്റെ മാർഗ്ഗം സഹനത്തിന്റേതു മാത്രമാണ്.
  10. ഈശോയുടെ നാമ്മത്തെപ്രതി വല്ലതും സഹിക്കാൻ യോഗ്യനായിരുന്നെങ്കിൽ നിനക്ക് എത്ര നന്നായിരുന്നു. അതു എത്ര വലിയ മഹിമയാകുമായിരുന്നു! ദൈവത്തിൻ്റെ പരിശുദ്ധന്മാർക്ക് എന്തൊരാനന്ദമായിരിക്കും കൈവരിക !
    ഭൂവാസികൾക്ക് എത്ര വിശിഷ്ടമാതൃകയായിരിക്കുമത്. –
    എല്ലാവരും ക്ഷമയെന്ന പുണ്യത്തെ പ്രശംസിക്കുന്നു; എന്നാൽ, സഹിക്കാൻ ഇഷ്ടപ്പെടുന്നവർ ചുരുക്കമാണ്.
    ലോകത്തപ്രതി
    അനേകംപേർ മഹാകഷ്ടതകൾ
    സഹിക്കുന്നുണ്ട്; എങ്കിൽ ഈശോയെപ്രതി സ്വല്പമെങ്കിലും സഹിക്കാൻ മതിയായ ന്യായമില്ലേ?
  11. മരണമുള്ളതാണു ജീവിതമെന്നു നീ ദൃഢമായി ധരിച്ചുകൊള്ളുക. ഒരുത്തൻ തനിക്കായി എത്രയധികം മരിക്കുന്നുവോ അത്രയധികം ദൈവത്തിനായി ജീവിക്കു വാൻ ആരംഭിക്കുകയാണ്.
    ഈശോയെപ്രതി അനർത്ഥങ്ങൾ സഹിക്കാൻ സന്ന ദ്ധനാകുന്നവനല്ലാതെ മററാർക്കും സ്വർഗ്ഗീയ ത്യാഗങ്ങൾ സഹിക്കാൻ യോഗ്യനായിരിക്കയില്ല.
    ഈശോയെപ്രതി സന്മനസ്സോടെ സഹിക്കുന്നതിനേക്കാൾ ദൈവത്തിനു പ്രിയംകരവും നിനക്കു രക്ഷാകരവുമായി വേറൊന്ന് ഈ ലോകത്തിലില്ല.
    ഹിതം പോലെ ചെയ്യാൻ നിനക്കു സ്വാതന്ത്ര്യമുണ്ടെങ്കിൽ, ആശ്വാസങ്ങളിൽ നിർവൃതി നേടുന്നതിനേക്കാൾ ഭേദം ഈശോയെപ്രതി കഷ്ടതകൾ സഹിക്കുന്നതാണ്. അങ്ങനെ ചെയ്യുന്നുവെങ്കിൽ, നീ ക്രിസ്തുവിനു തുല്യനും പുണ്യവാന്മാരോടു അനുരൂപനുമാകും.
    ജീവിതത്തിൽ നമുക്കു യോഗ്യതയും അഭിവൃദ്ധിയു
    മുണ്ടാകുന്നത് ആശ്വാസമാധുര്യങ്ങളിൽ നിന്നല്ല; പ്രത്യുത
    കളേശാരിഷ്ടതകൾ സഹിക്കുന്നതിൽ നിന്നാണ്.
  12. സഹനത്തേക്കാൾ മനുഷ്യരക്ഷയ്ക്ക് ഉപകാരപ്രദമായി മറെറാരു മാർഗ്ഗമുണ്ടായിരുന്നെങ്കിൽ, ക്രിസ്തു അതു വചനത്താലും ദൃഷ്ടാന്തത്താലും കാണിച്ചുതരുമായിരുന്നു. തന്നെ അനുഗമിച്ചിരുന്ന ശിഷ്യരോടും തന്നെ അനുഗമിക്കാൻ ആഗ്രഹിച്ചിരുന്ന സകലരോടും കുരിശു ചുമക്കാനാണ് അവിടുന്ന് അരുളിയത്. ഇതാ അവിടുത്തെ സ്പഷ്ടമായ ഉപദേശം: ‘എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ.
    എല്ലാം വായിച്ചു പരിശോധിച്ചശേഷം നമ്മുടെ തീരുമാനം, പല കളേശങ്ങളിലൂടെ നാം ദൈവരാജ്യത്തിൽ പ്രവേശിക്കണം,” എന്നായിരിക്കട്ടെ. വിചിന്തനം. കുരിശു വഹിക്കുന്നതിന്റേയും സഹിക്കുന്നതിന്റേയും യോഗ്യതകൾ വായിച്ചു ധ്യാനിക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ? ഈശോയുടെ തൃക്കരങ്ങളിൽനിന്ന് കുരിശുകൾ വാങ്ങി അവയെ ആശ്ളേഷിക്കുവാൻ നിനക്ക് ഇഷ്ടമാണോ? തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളുടെ അഭിനിവേശമായിരിക്കും കുരിശുകളെ സ്നേഹിക്കുക. ഈശോയുടെ സഹനജീവിതത്തിൽ ഭാഗഭാക്കാകുന്നവർ അവിടുത്തെ മഹത്വത്തിൽ നിശ്ചയമായും ഓഹരിക്കാ രാകും. സഹനം പാപങ്ങൾക്കുള്ള ശിക്ഷയെ മായിച്ചുകള യുന്നു. പ്രാർത്ഥിക്കാം. ഓ! ഈശോ, അങ്ങ് എനിക്കു വേദനകൾ അയച്ചു തരുമ്പോൾ ഈ സദ് വികാരങ്ങൾ എന്റെ ഹൃദയത്തിൽ ജനിപ്പി ക്കണമേ. എന്റെ കഷ്ടതകളിൽ എന്നെ താങ്ങണമേ. അങ്ങയുടെ രക്തസാക്ഷികൾക്ക് അങ്ങുനല്കിയ ക്ഷമയും ശക്തിയും ധൈര്യവും എന്റെ ഹൃദയത്തിനും നല്കണമേ. അനുസ്മരണാവിഷയം: നിന്നെത്തന്നെ പരിത്യജിച്ചു നിന്റെ കുരിശുമെടുത്ത് ഈശോയുടെ പിന്നാലെ പോകുക.


2. മരിയൻ സമർപ്പണ ഒരുക്ക വായന- യഥാർത്ഥ മരിയഭക്തി- യിൽ നിന്ന്.

ദൈവദാനങ്ങള്‍ സൂക്ഷിക്കുവാന്‍ നമുക്കു പരിശുദ്ധ മറിയത്തെ ആവശ്യമാണ്.

ദൈവത്തില്‍നിന്നു നമുക്കു കൃപാവരങ്ങളും ഇതര ദാനങ്ങളും ധാരാളം ലഭിക്കുന്നുണ്ട്. എന്നാല്‍ , അവയെ അഭംഗം കാത്തുസൂക്ഷിക്കുക അത്ര എളുപ്പമല്ല . കാരണം , നാം ബലഹീനരാണ്. ഇതു വിശദമാക്കാം.

കൃപാവരം ഭൂസ്വര്‍ഗ്ഗങ്ങളെക്കാള്‍ അമൂല്യമാണ്. തീര്‍ത്തും നശ്വരമായ പേടകത്തിലാണ് ഈ നിധി നാം സൂക്ഷിക്കുക . ഈ പേടകം നമ്മുടെ അധഃപതിച്ച ശരീരവും ദുര്‍ബലവും ചഞ്ചലമായ ആത്മാവുമാ ണ് . ഒരു കഥയില്ലാത്ത കാര്യം പോലും അതിനെ തകിടം മറിയ്ക്കുകയും ദുഃഖപൂര്‍ണ്ണമാക്കുകയും ചെയ്യും. ‘ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്’ ( 2 കോറി . 4 : 7 ).

പിശാചുക്കള്‍ കുടിലതയില്‍ അതിനിപുണരായ കള്ളന്മാരാണ്. നാം നിനച്ചിരിക്കാത്തപ്പോള്‍ ആയിരിക്കും അവര്‍ നമ്മെ കൊള്ളയടിക്കുന്നത് . അനുകൂല സാഹചര്യങ്ങള്‍ പ്രതീക്ഷിച്ച് അവര്‍ ദിനരാത്രങ്ങള്‍ കാത്തിരിക്കുന്നു. ആ ലക്ഷ്യപ്രാപ്തിക്കായി നമ്മെ വട്ടമിട്ടു നടക്കുന്നു . നമ്മെ നിരന്തരം വിഴുങ്ങുവാന്‍ കാത്തിരിക്കുകയാണവര്‍ . ഒരു ദുര്‍ബലനിമിഷത്തില്‍ ഒരു പാപം ചെയ്യിച്ച് പല വര്‍ഷങ്ങള്‍ക്കൊണ്ടു നാം നേടിയ കൃപാവരങ്ങളും യോഗ്യതകളും തട്ടിയെടുക്കും. അവരുടെ എണ്ണവും വിദ്വേഷവും പരിചയസമ്പത്തും സൂത്രവും മൂലം അതിദാരുണമായ വിധത്തില്‍ വലിയ നഷ്ടം സഹിക്കേണ്ടിവരുമെന്ന ഭയം നമ്മില്‍ ഉണ്ടാകണം. നമ്മെക്കാള്‍ സുകൃതസമ്പന്നരും കൃപാവരപൂരിതരും അനുഭവപാഠങ്ങളാല്‍ ദൃഢചിത്തരും , വിശുദ്ധിയുടെ പരകോടി യില്‍ എത്തിയവരും അതിദയനീയമായി കവര്‍ച്ചക്കടിപ്പെട്ടു; കൊള്ള ചെയ്യപ്പെട്ടു. ഇതു നമ്മെ അദ്ഭുതപരതന്ത്രരാക്കേണ്ടതല്ലേ.

ഹാ! എത് എത്ര ലബനോനിലെ കാരകില്‍ വൃക്ഷങ്ങള്‍ ദാരുണമായി നിലം പതിച്ചു! നഭോമണ്ഡലത്തില്‍ പ്രകാശിച്ചുകൊണ്ടിരുന്ന ഉജ്ജ്വലങ്ങളായ താരങ്ങള്‍ എത്രയാണ് കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് അവയുടെ ഔന്നത്യവും ശോഭയുമറ്റു തിരോഭവിച്ചത്! എപ്പോഴാണ് ഈ ദുഃഖകരവും അപ്രതീക്ഷിതവുമായ മാറ്റം സംഭവിച്ചത് ? കൃപാവരത്തിന്റെ അഭാവമാണോ കാരണം? അല്ല, അതു സകലര്‍ക്കും നല്കപ്പെടുന്നുണ്ട് . എളിമ കൈമോശം വന്നതിന്റെ തിക്തഫലം! തങ്ങളുടെ നിധി സൂക്ഷിക്കുവാന്‍ തങ്ങള്‍ ശക്തരാണെന്നവര്‍ വ്യാമോഹിച്ചുപോയി . അവര്‍ തങ്ങളെ വിശ്വസിച്ചു ; തങ്ങളില്‍ തന്നെ ആശ്രയിച്ചു.

കൃപാവരമാകുന്ന നിധി സൂക്ഷിക്കുവാന്‍ മാത്രം തങ്ങളുടെ ഭവനം സുരക്ഷിതമെന്നും നിക്ഷേപപാത്രം ബലവത്താണെന്നും അവര്‍ കരുതി . കൃപാവരത്തില്‍ ആശ്രയിച്ചു തങ്ങള്‍ മുന്നേറുന്നുവെന്ന് അവര്‍ നിനച്ചു. എന്നാല്‍ സത്യത്തില്‍ , തങ്ങളില്‍ത്തന്നെയാണ് ആശ്രയിച്ചതെന്നത് അവരൊട്ടു തിരിച്ചറിഞ്ഞതേയില്ല . അപ്പോള്‍ ഏറ്റവും നീതിമാനായ ദൈവം, അവരെ തങ്ങള്‍ക്കു തന്നെ വിട്ടുകൊടുത്തുകൊണ്ടു ദയനീയമായി കൊള്ളയടിക്കപ്പെടാന്‍ അനുവദിക്കുന്നു.

കഷ്ടം ! ഞാന്‍ വിശദമാക്കുവാന്‍ പോകുന്ന, അദ്ഭുതകരമായ ഭക്തകൃത്യത്തെപ്പറ്റി അറിഞ്ഞിരുന്നെങ്കില്‍, സുശക്തവും വിശ്വസ്തയുമായ പരിശുദ്ധ കന്യകയെ അവര്‍ ആ നിധി ഏല്പിക്കുമായിരുന്നു. അവള്‍ അതു സ്വന്തമെന്നോണം സൂക്ഷിക്കുകയും ചെയ്യും. പോരാ, താന്‍ നീതിപൂര്‍വ്വം സംരക്ഷിക്കുവാന്‍ കടപ്പെട്ടവളാണെന്ന ബോദ്ധ്യത്താല്‍ അവര്‍ക്കുവേണ്ടി അതു കാത്തു സൂക്ഷിക്കുകയും ചെയ്‌തേനെ.

വളരെ ദാരുണമായി അധഃപതിച്ച ഈ ലോകത്തില്‍ നീതി നിര്‍വ്വഹിച്ചു ജീവിക്കുക ദുഷ്‌ക്കരമത്രേ. ആകയാല്‍ ലോകത്തിന്റെ ചെളി പുരണ്ടിട്ടില്ലെങ്കില്‍ തന്നെയും അതിലെ ധൂളിയേറ്റുപോലും എത്ര അടിയുറച്ച ആത്മീയതയുള്ളവരായാലും കറപറ്റാതിരിക്കുക അസാദ്ധ്യം. അതിശക്തമായി ഇരമ്പി ആര്‍ക്കുന്ന ഈ ലോകമാകുന്ന അഗാധജലധിയില്‍ മുങ്ങി നശിക്കാതെയും അതിന്റെ കുത്തിയൊഴുക്കില്‍പെടാതെയും കടല്‍ക്കൊള്ളക്കാരാല്‍ ആക്രമിക്കപ്പെടാതെയും വിഷക്കാറ്റടിയേറ്റു നശിക്കാതെയും ഇരിക്കുക ഒരത്ഭുതം തന്നെ. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ വിവരിക്കാന്‍ പോകുന്ന മാധുര്യമേറിയ വഴിയിലൂടെ വിശ്വസ്തയായ കന്യകാമറിയത്തെ ശുശ്രൂഷിച്ചാല്‍ പിശാച് ഒരിക്കല്‍ പോലും എത്തിനോക്കാന്‍ ധൈര്യപ്പെടാത്ത അവള്‍ ഈ അദ്ഭുതം നമ്മില്‍ പ്രവര്‍ത്തിക്കും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും



ധ്യാനവിഷയവും പ്രാർത്ഥനയും

യേശു സമഗ്രവിമോചകൻ

” യേശു അരുൾ ചെയ്തു : കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്, ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്ചയും പ്രഘോഷിക്കാനും അടിച്ചമർത്തപ്പെട്ടവരെ മോചനത്തിലേക്കു നയിക്കാനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു ” (വി. ലൂക്കാ 4:18).

ആമുഖം

യേശുക്രിസ്തുവിന് മറിയംവഴി നമ്മെത്തന്നെ പൂർണമായി സമർപ്പിക്കാൻ ഏതാണ്ട് ഒരുങ്ങിക്കഴിഞ്ഞിരിക്കയാണല്ലോ. നാം നമ്മെ യേശുവിനു നല്കുമ്പോൾ അവിടന്നു നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങളാണു നല്കുന്നതെന്നറിയുന്നത് ഇപ്പോൾ ആവശ്യമാണ്.

പാപത്തിൽനിന്നുള്ള സ്വാതന്ത്ര്യം

ഒന്നാമതായി അവിടന്നു നല്കുന്ന അനുഗ്രഹം പാപജീവിതത്തിൽ നിന്നുള്ള വിടുതലാണ്. വിശുദ്ധ പൗലോസ് പറയുന്നത് ഇപ്രകാരമാണ് : “യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് ” (1 തിമോ 1:15). കർത്താവിന്റെ ദൂതൻ ജനിക്കാൻ പോകുന്ന ദിവ്യശിശുവിന് യേശു എന്ന് പേരു വിളിക്കേണ്ടതിന്റെ കാരണമായി യൗസേപ്പിതാവിനോടു പറഞ്ഞിരിക്കുന്നത് “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കും” (വി. മത്താ 1:21 കാണുക) എന്നാണ്.

കുമ്പസാരകൂദാശവഴി കർത്താവ് നമ്മോട് നിരുപാധികം ക്ഷമിക്കുകയുണ്ടായിയെങ്കിലും മരിയൻ സമർപ്പണം വഴി പൂർണമായും യേശുവിന്റേതായിക്കഴിയുമ്പോഴാണ് പാപത്തിൽ നിന്നു പൂർണമായി നാം മോചിതരായിത്തീരുന്നത്.

പിശാചിന്റെ ആധിപത്യത്തിൽനിന്നുള്ള വിടുതൽ

ഉദ്ഭവപാപം മൂലവും വ്യക്തിപരമായ പാപം മൂലവും പിശാചിന് നമ്മുടെ ജീവിതത്തിൽ ആധിപത്യമുണ്ട്. അതിനും പുറമേ, സാത്താൻ ചിഹ്നങ്ങൾ ദേഹത്ത് പച്ച കുത്തുക, ആഭിചാരകർമങ്ങൾ ചെയ്യുക, ബ്ലാക്ക് മാസിൽ പങ്കെടുക്കുക, ബ്ലാക്ക് മാസ് കാണുക, സാത്താൻ സിനിമ കാണുക, സാത്താൻ ചിഹ്നങ്ങൾ മറ്റുതരത്തിൽ ഉപയോഗിക്കുക, സാത്താൻ മ്യൂസിക് ശ്രവിക്കുക, ഓജോബോർഡ് കളിക്കുക, സാത്താനോട് പ്രാർഥിക്കുക എന്നിവവഴി മുൻകാലത്ത് ജീവിതം പിശാചിന് അടിയറവ് വച്ചിട്ടുണ്ടായേക്കാം. എങ്കിൽ, മറിയം വഴി യേശുവിനു ജീവിതം സമർപ്പിക്കുന്നതോടെ അധികാരകൈമാറ്റമാണ് വാസ്തവത്തിൽ നടത്തുന്നത്. യേശു അധികാരിയായി നമ്മുടെ ജീവിതത്തിൽ വരുമ്പോൾ പിശാച് ഗത്യന്തരമില്ലാതെ ഇറങ്ങിപ്പോകും. മാത്രമല്ല, പരിശുദ്ധ അമ്മയെ അവനു വലിയ ഭയമായതിനാൽ മരിയൻ സമർപ്പണത്തോടെ അവന്റെ ഉപദ്രവം നിലയ്ക്കും.

അടിമത്തങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യം

മരിയൻ സമർപ്പണത്തിലൂടെ നമ്മുടെ ജീവിതം ഏറ്റെടുക്കുന്ന യേശു, മുമ്പ് നാം സ്വയം എത്ര ശ്രമിച്ചിട്ടും വിട്ടുമാറാത്ത ദുശ്ശീലങ്ങളിൽനിന്നു നമ്മെ പൂർണമായി സ്വതന്ത്രരാക്കും. മദ്യത്തോടും ലഹരിവസ്തുക്കളോടുമുള്ള ചായ്‌വ് പോലും നീക്കംചെയ്യപ്പെടും. വ്യർഥവിനോദങ്ങളോടും വ്യർഥഭാഷണങ്ങളോടും പൂർണമായി വിട്ടുനില്ക്കാനുള്ള കൃപ ലഭിക്കും. അശ്ലീലസന്തോഷങ്ങൾ അറപ്പും വെറുപ്പുമായി അനുഭവപ്പെടും. ചില വ്യക്തികളോടു തോന്നുന്ന അനുചിത വൈകാരികാടുപ്പവും മാറും. അങ്ങനെ എല്ലാ തഴക്കദോഷങ്ങളും എന്നേക്കുമായി നമ്മെ വിട്ടുപോകും.

ദുഃഖ പീഡകളിൽനിന്നുള്ള മോചനം

യേശു നമ്മുടെ ജീവിതത്തിന്റെ സർവസ്വവുമായിത്തീരുമ്പോൾ നമ്മുടെ ദു:ഖമെല്ലാം സന്തോഷമായിത്തീരും; “ ഇപ്പോൾ നിങ്ങൾ ദു:ഖിതരാണ്, എന്നാൽ ഞാൻ വീണ്ടും നിങ്ങളെ കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും ” (വി. യോഹ 16:22). സമ്പൂർണ സമർപ്പണത്തിനു ശേഷം ദു:ഖദുരിതങ്ങൾ ഒന്നുമുണ്ടാവില്ല എന്നല്ല, പ്രത്യുത, യേശുവുമായുള്ള ഐക്യം ഉളവാക്കുന്ന പരമാനന്ദത്താൽ അവ പരിഗണനാർഹമല്ലാതാകും. മാത്രമല്ല, പരിശുദ്ധ മറിയം നമ്മുടെ സകല ക്ലേശങ്ങളിലും, കാനായിലെന്നപോലെ ഇടപെട്ട് അവ പരിഹരിക്കുകയും ചെയ്യും.

സമാധാനവും സ്വസ്ഥതയും

യേശു ജീവിതത്തിന്റെ കർത്താവാകുമ്പോൾ ലഭിക്കുന്ന മറ്റൊരനുഗ്രഹം മാനസിക സംഘർഷങ്ങളിൽനിന്നുള്ള മോചനമാണ്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും നിരവധി മാനസിക സംഘർഷങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. രാത്രിയുടെ നാലാം യാമത്തിൽ കടലിനുമീതേ നടന്നുപോലും ശിഷ്യന്മാരുടെ തുണയ്ക്ക് എത്തിയ യേശു നമ്മുടെ ജീവിതഭാരങ്ങളുടെ നടുവിലേക്ക് ഓടിയെത്തും.
അതിനുള്ള സ്വാതന്ത്ര്യം ലഭ്യമാക്കാനാണ് പരിശുദ്ധ മറിയത്തിന്റെ ഹൃദയം വഴി യേശുനാഥനു നമ്മെത്തന്നെ സമർപ്പിക്കാൻ നാമൊരുങ്ങുന്നത്.

ശാപത്തിൽനിന്നുള്ള മോചനം

യേശുവിനെ രക്ഷകനായി സ്വീകരിക്കുമ്പോൾ ശാപത്തിൽനിന്നു നാം മോചിതരാകും. ശാപഭയത്താൽ അനേകർ അസ്വസ്ഥരായി ഉഴലുന്നതിന്റെയും ശാപമുക്തി – പ്രാർഥനാ – ശുശ്രൂഷകൾക്ക് അമിത പ്രധാന്യം കൊടുക്കുന്നതിന്റെയും കാരണം യേശുവിനെ ജീവിതത്തിന്റെ കർത്താവാക്കാത്തതിനാലാണ്. “ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീർന്നതുകൊണ്ട് നിയമത്തിന്റെ ശാപത്തിൽനിന്ന് നമ്മെ രക്ഷിച്ചു ” (ഗലാ 3:13) എന്നതാണ് സത്യം. അതിനാൽ പൂർവശാപം എന്നത് യാഥാർഥ്യത്തിനു നിരക്കാത്തതും അടിസ്ഥാനരഹിതവുമാണ്. നമ്മുടെ നന്മയ്ക്കുവേണ്ടി ഏറെ സഹിക്കയും ജീവിതം തന്നെ വ്യയം ചെയ്യുകയും ചെയ്ത പൂർവികർ ഏങ്ങനെ നമ്മെ ശപിക്കും ? അവരുടെ വ്യക്തിപരമായ തെറ്റുകൾ ഏങ്ങനെ ദൈവം നമ്മുടെമേൽ ചുമത്തും ? “നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ (യേശു) കുരിശിലേറിയ (1 പത്രോ 2:24) സ്ഥിതിക്ക് പൂർവികരുടെ പാപം കർത്താവ് നമ്മുടെമേൽ എങ്ങനെ ചുമത്തും ? പുറപ്പാട് 20:5 – 6 ലെ “പിതാക്കന്മാരുടെ കുറ്റങ്ങൾക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാൻ ശിക്ഷിക്കും ” (പുറ 20:5 ) എന്ന വചനം പഴയനിയമകാലത്തുതന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് എസക്കിയേൽ ഇപ്രകാരം ഇസ്രായേൽജനത്തോടു പറഞ്ഞത്. “പിതാവിന്റെ ദുഷ്ടതകൾക്കുള്ള ശിക്ഷ പുത്രൻ അനുഭവിക്കാത്തതെന്ത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. പുത്രൻ നിയമാനുസൃതവും ന്യായപ്രകാരവും വർത്തിക്കുകയും എന്റെ കല്പനകൾ അനുസരിക്കുന്നതിൽ ശ്രദ്ധവയ്ക്കുകയും ചെയ്താൽ അവൻ തീർച്ചയായും ജീവിക്കും. പാപം ചെയ്യുന്നവൻ മാത്രമായിരിക്കും മരിക്കുക. പുത്രൻ പിതാവിന്റെ തിന്മകൾക്കു വേണ്ടിയോ പിതാവ് പുത്രന്റെ തിന്മകൾക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല ” (എസെ 18 : 19 – 20). മാതാപിതാക്കന്മാരുടെ പാപം മക്കൾക്ക് ദുർമാതൃകയാകുമെന്നു മാത്രമാണ് പുറപ്പാട് 20 : 5 – 6 ലെ വചനംകൊണ്ടുദ്ദേശിക്കുന്നത്. മാതാപിതാക്കന്മാരുടെ ദുർമാതൃക മക്കളെ സ്വാധീനിക്കയും അതിന്റെ ഫലമായി മക്കൾ തിന്മയുടെ
വഴിയേ ചരിക്കുകയും ചെയ്തേക്കാം. പൂർവശാപം എന്ന തെറ്റിദ്ധാരണയ്ക്കെതിരായി ജറെമിയായും പറഞ്ഞിട്ടുണ്ട് : “ഓരോരുത്തനും അവനവന്റെ അകൃത്യം നിമിത്തമാണ് മരിക്കുക. പച്ചമുന്തിരിങ്ങ തിന്നുന്നവന്റെ പല്ലേ പുളിക്കൂ ” (ജെറ 31:29 – 30).

രോഗങ്ങളിൽനിന്നുള്ള വിടുതൽ

രോഗത്തിൽനിന്നുള്ള മോചനമാണ് യേശു നല്കുന്ന മറ്റൊന്ന്. വരാനിരിക്കുന്ന മിശിഹാ യേശു തന്നെയാണോ എന്നു ചോദിക്കാൻ വന്ന സ്നാപകന്റെ ശിഷ്യരോട് യേശു പറഞ്ഞ മറുപടി, മുടന്തരും ചെകിടരും തളർവാതക്കാരും സൗഖ്യം പ്രാപിച്ച കാര്യം റിപ്പോർട്ട് ചെയ്യാനാണ്. സകലവിധ രോഗങ്ങളുടെമേലും യേശുവിന് അധികാരമുണ്ടെന്നതാണ് അവിടന്ന് സമഗ്രവിമോചകനാണ് എന്നതിന്റെ അടയാളം. ” അവൻ അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റിസഞ്ചരിച്ചു ” (വി. മത്താ 4:23).

ലോക മൈത്രിയിൽനിന്നുള്ള സ്വാതന്ത്ര്യം

ലോകവസ്തുക്കളോടും ധനത്തോടും കുടുംബത്തോടുമുള്ള അമിതമായ മമതയിൽനിന്നുള്ള മോചനമാണ് യേശു നല്കുന്ന മറ്റൊരു സ്വാതന്ത്ര്യം. ആദ്യശിഷ്യന്മാർ കടൽത്തീരത്തുവച്ച്, അപ്പോൾ പിടിച്ച രണ്ടു വഞ്ചി നിറയെയുള്ള മത്സ്യവും വലയും സ്വപിതാവിനെപ്പോലും കടൽത്തീരത്തിട്ടശേഷം യേശുവിന്റെ പിന്നാലെ പോയതിനുകാരണം, അവരനുഭവിച്ച ഈ സ്വാതന്ത്ര്യമാണ്. അവരെപ്പോലെ സർവതും ഉപേക്ഷിച്ച് യേശുവിന അനുഗമിച്ചവർ എത്രയോപേർ ! ഏറ്റവും വലിയ ഭൗതിക സമ്പത്തായ സ്വജീവൻ യേശുവിനുവേണ്ടി ഉപേക്ഷിച്ച് ലക്ഷോപലക്ഷം രക്തസാക്ഷികളെ എങ്ങനെ മറക്കാൻ പറ്റും !

നിത്യമരണത്തിൽനിന്നുള്ള മോചനം

സർവോപരി, സമഗ്രവിമോചകനായ യേശു നല്കുന്ന സ്വാതന്ത്ര്യം നിത്യമരണത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണ്. മരണാനന്തരമുള്ള ജീവിതത്തെപ്പറ്റി സാമാന്യ പ്രതീക്ഷ എല്ലാ മതവിശ്വാസികൾക്കുമുണ്ടെങ്കിലും യേശു കർത്താവാണെന്നു വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവർക്ക് നിത്യാനന്ദജീവിതം ഉറപ്പാണ്. അതിനാൽ വിശുദ്ധ യോഹന്നാൻ ഇങ്ങനെ എഴുതി : “ദൈവം നമുക്കു നിത്യജീവൻ നല്കി. ഈ ജീവൻ അവിടത്തെ പുത്രനിലാണ്, പുത്രനുള്ളവന് ജീവനുണ്ട്. ദൈവപുത്രനില്ലാത്തവന് ജീവനില്ല ” (1 യോഹ 5 :11 – 12 ).

കുടുംബം മുഴുവന്റെയും രക്ഷ

യേശുവിനു നാം വ്യക്തിപരമായ സമർപ്പണം ചെയ്യുമ്പോൾ സംഭവിക്കുന്ന മറ്റൊരു അദ്ഭുതം കുടുംബം മുഴുവൻ രക്ഷിക്കപ്പെടും എന്നതാണ്. ജീവിതത്തെപ്പറ്റി വിഷമിക്കുന്നവർ തക്ക ഒരുക്കത്തോടെ ഈ മരിയൻ സമർപ്പണം നടത്തി യേശുവിൽ കേന്ദ്രമാക്കിയ ജീവിതം നയിക്കാൻ തുടങ്ങിയതോടെ അദ്ഭുതകരമായ മാറ്റം കുടുംബം മുഴുവനിലും സംഭവിക്കുന്നതായി നിരവധിപേർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ച് 33 ദിവസം ഒരുക്കം നടത്തിയശേഷം ഈ മരിയൻ പ്രതിഷ്ഠ നടത്തിയപ്പോഴൊക്കെ ഉണ്ടായ ഫലം അവിശ്വസനീയമാംവിധം അദ്ഭുതാവഹമാണ്.

ബൈബിൾ വായന

“അപ്പോൾ യേശു പറഞ്ഞു : സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവർത്തിക്കാൻ സാധിക്കുകയില്ല. എന്നാൽ, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു. എന്തെന്നാൽ, പിതാവു പുത്രനെ സ്നേഹിക്കുകയും താൻ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു. നിങ്ങൾ വിസ്മയിക്കത്തക്കവിധം ഇവയെക്കാൾ വലിയ പ്രവൃത്തികളും അവിടന്ന് അവനെ കാണിക്കും. പിതാവ് മരിച്ചവരെ എഴുന്നേല്പിച്ച് അവർക്കു ജീവൻ നല്കുന്നതുപോലെതന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്കു ജീവൻ നല്കുന്നു. പിതാവ് ആരെയും വിധിക്കുന്നില്ല : വിധി മുഴുവനും അവിടന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവൻ മരണത്തിൽനിന്നു ജീവനിലേക്കു കടന്നിരിക്കുന്നു ” (വി. യോഹ 5:19 – 24).

ഇന്നത്തെ പ്രാർഥന

സമഗ്ര വിമോചകനായ എന്റെ യേശുവേ, യഥാർഥ സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന എന്നെ അങ്ങ് രക്ഷിക്കണമേ. വിട്ടുമാറാത്ത എന്റെ പാപസ്വഭാവങ്ങളിൽനിന്ന് എന്നെ രക്ഷിക്കണമേ. പാപസന്തോഷങ്ങൾ ആഗ്രഹിക്കാൻപോലും പറ്റാത്തവിധം രക്ഷയുടെ സന്തോഷംകൊണ്ട് എന്നെ നിറയ്ക്കണമേ. ലഹരിവസ്തുക്കളോടുള്ള ആസക്തിയിൽനിന്ന് നിത്യമായി എന്നെ വിടുവിക്കണമേ. സാമൂഹികസമ്പർക്ക മാധ്യമങ്ങളുടെ അടിമത്തത്തിൽനിന്ന് എന്നെ സ്വതന്ത്രനാക്കണമ. ലോകകാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസയിൽനിന്ന് മോചിപ്പിച്ച് അങ്ങയെ അറിയാനുള്ള ആഗ്രഹത്തിലേക്ക് എന്നെ വളർത്തണമേ. സാത്താന്റെ പ്രവൃത്തികൾ നശിപ്പിക്കാൻ വന്ന അവിടന്ന് എന്നിലുള്ള പൈശാചികാധിപത്യം തകർക്കണമേ. ജീവിതപ്രതിസന്ധികളൊന്നും എന്നെ ദുഃഖത്തിലാഴ്ത്താതിരിക്കും വിധം അങ്ങയുടെ സമാധാനം എനിക്കു നല്കണമേ. എന്നെ സുഖപ്പെടുത്തേണ്ടതിന് ക്ഷതമേറ്റ യേശുവേ, അങ്ങേ മുറിവിനാൽ എന്റെ സകല രോഗങ്ങളും സുഖമാക്കണമേ. എനിക്കു ലഭിച്ചിരിക്കുന്ന വരപ്രസാദജീവൻ ജീവിതകാലം മുഴുവൻ നിലനിർത്താനും അവസാനം നിത്യജീവൻ പ്രാപിക്കാനും എനിക്ക് കൃപയേകണമേ. പരിശുദ്ധ മറിയമേ, എന്നെ പൂർണമായും അങ്ങയുടേതാക്കിമാറ്റി എന്നിൽ രക്ഷ പൂർണമാകാൻ അമ്മ ഇടപെടണമേ, ആമേൻ.

സ്നേഹമുള്ള അമ്മേ… സ്നേഹമുള്ള അമ്മേ, ഈശോയുടെ ഇഷ്ടം തേടുന്നതിലും അവിടത്തെ അവിടത്തെ അറിയുന്നതിനും അങ്ങയുടെ ചൈതന്യമല്ലാതെ മറ്റൊന്നും എന്നിൽ പ്രവേശിക്കാതിരിക്കട്ടെ. ദൈവത്തെ സ്തുതിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനും അങ്ങയുടെ മനസ്സ് എനിക്കു തരണമേ. ദൈവത്തെ സ്നേഹിക്കുന്നതിന് അങ്ങയുടെ ഹൃദയത്തിന് സമാന മായ ഹൃദയം എന്നിൽ രൂപപ്പെടുത്തണമേ

സത്കൃത്യം

ജീവിതക്ലേശങ്ങളാൽ വലയുന്ന ഒരാളെ സന്ദർശിച്ച് പ്രത്യാശ പകരുക.

==================================================================

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

=========================================================================

DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 22 പ്രതിഷ്ഠ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 23 പ്രതിഷ്ഠ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം DAY 24 പ്രതിഷ്ഠ ഒരുക്കം

DAY 9 പ്രതിഷ്ഠാ ഒരുക്കം DAY25 പ്രതിഷ്ഠ ഒരുക്കം

DAY 10 പ്രതിഷ്ഠാ ഒരുക്കം DAY 26

DAY 11 പ്രതിഷ്ഠാ ഒരുക്കം DAY 27

DAY 12 പ്രതിഷ്ഠ ഒരുക്കം DAY 28

DAY 13 പ്രതിഷ്ഠ ഒരുക്കം DAY 29

DAY 14 പ്രതിഷ്ഠ ഒരുക്കം

DAY 15 പ്രതിഷ്ഠ ഒരുക്കം

DAY16 പ്രതിഷ്ഠ ഒരുക്കം

MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.