27 മുതൽ 33 വരെയുള്ള രണ്ടാം ഘട്ടം (നാലാം ആഴ്ച ) വിമലഹൃദയ പ്രതിഷ്ഠ ഒരുക്ക പ്രാർത്ഥനകൾ

യേശുവിനെ അറിയുക

ഒരുക്കപ്രാർത്ഥനകളിൽ ആദ്യഭാഗം (1 മുതൽ 7 വരെ ) നമ്മുടെ സ്വയംവിശുദ്ധീകരണത്തിനും, വിമലഹൃദയപ്രതിഷ്ഠാ ഒരുക്കത്തിനായി പ്രാർത്ഥിച്ചൊരുങ്ങുന്നതിനും വേണ്ടിയുള്ള പ്രത്യേകപ്രാർത്ഥനകളാണ്. തുടർന്നുള്ള പ്രാർത്ഥനകളാണ്( 8 ,9 ,10 ,11,12 – വി.ലൂയിസ് ഡി മോൺഫോർട്ട് നിർദ്ദേശിക്കുന്നത് ) പ്രതിഷ്ഠാ ഒരുക്കത്തിന് നിർബന്ധമായും പ്രാർത്ഥിക്കേണ്ടത് )

✝️ വിശുദ്ധ കുരിശിന്റ അടയാളം.
〰️〰️〰️〰️〰️〰️〰️〰️〰️
1️⃣ മരിയൻ പ്രാർത്ഥന

കർത്താവായ യേശുക്രിസ്തുവേ , പിതാവിന്റെ പുത്രാ,അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്ക് അയക്കണമേ. എല്ലാ ജനപദങ്ങളുടെയും ഹൃദയങ്ങളിൽ പരിശുദ്ധാത്മാവ് വസിക്കട്ടെ. അതുവഴി ധാർമിക അധപതനം, ദുരന്തങ്ങൾ ,യുദ്ധം, എന്നിവയിൽ നിന്നും അവർ സംരക്ഷിക്കപ്പെടട്ടെ. സർവജനപദങ്ങളുടെയും നാഥയായ പരിശുദ്ധ കന്യകമറിയം ഇപ്പോൾ ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ ആമ്മേൻ.
〰️〰️〰️〰️〰️〰️〰️〰️〰️
2️⃣ ദൈവകരുണയുടെയും ദിവ്യകാരുണ്യത്തിൻ്റെയും സുകൃതജപങ്ങൾ

ഈശോയുടെ തിരുവിലാവിൽനിന്നും ഞങ്ങൾക്ക് കാരുണ്യശ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ… തിരുജലമേ… ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. ( 3 പ്രാവശ്യം )

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് ,
എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ( 3 പ്രാവശ്യം )
〰️〰️〰️〰️〰️〰️〰️〰️〰️
3️⃣ മാതാവിൻ്റെ സ്തോത്രഗീതം
(പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം എല്ലാവരും എല്ലാ ദിവസവും ചൊല്ലുക )

മറിയം പറഞ്ഞു : എന്‍െറ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്‍െറ ചിത്തം എന്‍െറ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
അവിടുന്ന്‌ തന്‍െറ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്‌തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്‌ധമാണ്‌.
അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.
അവിടുന്ന്‌ തന്‍െറ ഭുജംകൊണ്ട്‌ ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്‌തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്‌ടവിഭവങ്ങള്‍ കൊണ്ട്‌ സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്‍െറ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ അവിടുന്ന്‌ തന്‍െറ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്‍െറ സന്തതികളോടും എന്നേക്കുമായി ചെയ്‌ത വാഗ്‌ദാനം അനുസരിച്ചുതന്നെ.
ലൂക്കാ 1 : 45-55
〰️〰️〰️〰️〰️〰️〰️〰️〰️
4️⃣ ക്രിസ്താനുകരണ ജപം
( 11 -ാം ക്ളെമന്റ് മാർപാപ്പ രചിച്ചതും സ്വർഗ്ഗത്തിന് ഏറ്റം പ്രീതികരവുമായ അനുദിനപ്രാർത്ഥന )

കർത്താവേ , ഞാൻ വിശ്വസിക്കുന്നു ; എന്റെ വിശ്വാസം . വർദ്ധിപ്പിക്കണമേ . ഞാൻ ശരണപ്പെടുന്നു ; ദൃഢതരമായി ഞാൻ ശരണപ്പെടട്ടെ . ഞാൻ അങ്ങയെ സ്നേഹിക്കുന്നു ; കൂടുതൽ തീക്ഷ്ണതയോടെ ഞാൻ അങ്ങയെ സ്നേഹിക്കട്ടെ . ഞാൻ അനുതപിക്കുന്നു ; കൂടുതലായി ഞാൻ അനു തപിക്കട്ടെ . എന്റെ സൃഷ്ടാവായി അങ്ങയെ ഞാൻ ആരാധിക്കുന്നു ; എന്റെ അന്ത്യമായി ഞാൻ അങ്ങയെ കാത്തിരിക്കുന്നു ; നിത്യോപകാരിയായി അങ്ങയെ ഞാൻ സ്തുതിക്കുന്നു . എന്റെ പരമരക്ഷകനായി അങ്ങയെ ഞാൻ വിളിച്ചപേക്ഷിക്കുന്നു .അങ്ങയുടെ വിജ്ഞാനത്തിൽ എന്നെ നയിക്കണമേ . അങ്ങയുടെ നീതി എന്നെ നിയന്ത്രിക്കട്ടെ ; അങ്ങയുടെ കാരുണ്യം എന്നെ സുഖപ്പെടുത്തട്ടെ ; അങ്ങയുടെ ശക്തി എന്നെ രക്ഷിക്കട്ടെ . അങ്ങയെപ്പററി വിചാരിക്കുന്നതിന് എന്റെ ചിന്തകളേയും അങ്ങയെപ്പററി സംസാരിക്കുന്നതിന് എന്റെ വാക്കുകളേയും അങ്ങയുടെ പരിശുദ്ധ ഇഷ്ടം പോലെയാകുന്നതിന് എന്റെ പ്രവൃത്തികളേയും അങ്ങയുടെ കൂടുതൽ മഹത്വത്തിന് എന്റെ സഹനങ്ങളേയും ഞാൻ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു . അങ്ങ് ആഗ്രഹിക്കുന്നതുതന്നെ , അങ്ങ് ആഗ്രഹിക്കു ന്നതുപോലെ , അങ്ങ് ആഗ്രഹിക്കുന്നതുവരെ ഞാനാഗ്രഹിക്കുന്നു . എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കാനും എന്റെ മനസ്സിനെ ശക്തിപ്പെടുത്താനും എന്റെ ശരീരത്തെ പവിത്രീകരിക്കാനും എന്റെ ആത്മാവിനെ വിശുദ്ധീകരിക്കാനും ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു .കഴിഞ്ഞ കാലത്തെ പാപങ്ങളോർത്തു ഞാൻ കരയട്ടെ ; ഭാവി പ്രലോഭനങ്ങൾ തള്ളിക്കളയട്ടെ ; എന്റെ തിന്മയിലേയ്ക്കുള്ള ചാച്ചിലുകളെ ഞാൻ തിരുത്തട്ടെ ; പരിശുദ്ധമായ പുണ്യങ്ങൾ അഭ്യസിക്കട്ടെ . എന്റെ ദൈവമേ , അങ്ങയോടുള്ള സ്നേഹം എനിക്കു തരിക ; എന്നെ വെറുക്കാനും അയൽക്കാരെപ്രതി തീക്ഷ്ണത പ്രദർശിപ്പിക്കാനും ലോകത്തെ നിന്ദിക്കാനും എനിക്കു കൃപചെയ്യണമേ . ഞാൻ സദാ തലവന്മാരെ അനുസരിക്കാനും കീഴുള്ള വരെ സഹായിക്കാനും എന്റെ സ്നേഹിതന്മാരോട് വിശ്വസ്തത കാണിക്കാനും എന്റെ ശത്രുക്കളോടു ക്ഷമിക്കാനും ഇടവരട്ടെ . ആഹ്ലാദ തൃഷ്ണയെ പ്രായശ്ചിത്തം കൊണ്ടും അത്യാഗ്രഹത്തെ ഔദാര്യം കൊണ്ടും കോപത്തെ ശാന്തതകൊണ്ടും മന്ദതയെ തീക്ഷ്ണത കൊണ്ടും ഞാൻ കീഴ്പ്പെടുത്തട്ടെ . എന്റെ ആസുത്രണങ്ങളിൽ വിവേകവും ആപത്തുകളിൽ സ്ഥിരതയും അനർത്ഥങ്ങളിൽ ക്ഷമയും ഐശ്വര്യങ്ങളിൽ വിനയവും എനിക്കു തരിക . കർത്താവേ , പ്രാർത്ഥനയിൽ ശ്രദ്ധയും ഭക്ഷണത്തിൽ മിതത്വവും കൃത്യനിർവ്വഹണത്തിൽ ഉത്സാഹവും പ്രതിജ്ഞകളിൽ ദാർഢ്യവും എനിക്കു നൽകുക . എന്റെ പ്രകൃതിയെ നിയന്ത്രിക്കുന്നതിലും വരപ്രസാദം നേടാൻ വേണ്ടി യത്നിക്കുന്നതിലും ദൈവകല്പനകൾ അനുസരിക്കുന്നതിലും നിത്യരക്ഷയ്ക്കുവേണ്ടി കഷ്ടപ്പെടുന്നതിലും ഞാൻ ജാഗ്രത പ്രകാശിപ്പിക്കുമാറാകട്ടെ . കർത്താവേ , ഈ ലോകത്തിന്റെ നിസ്സാരത്വവും ദിവ്യവരങ്ങളുടെ മഹത്വവും സമയത്തിന്റെ ഹ്രസ്വതയും നിത്യത്വത്തിന്റെ ദൈർഘ്യവും എന്നെ പഠിപ്പിക്കണമേ . ഞാൻ എന്നും മരണത്തിന് ഒരുങ്ങിയിരിക്കുവാനും വിധിയെ ഭയപ്പെടാനും നരകത്തെ ഒഴിഞ്ഞുമാറാനും സ്വർഗ്ഗത്തിന് അർഹമായിത്തീരാനും എനിക്ക് കൃപചെയ്യണമേ . ആമ്മേൻ .
〰️〰️〰️〰️〰️〰️〰️〰️〰️
5️⃣ വിമലഹൃദയ പ്രതിഷ്ഠാജപം

പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവഹൃദയത്തിനുള്ള പ്രതിഷ്ഠാജപം.
❇️〰️〰️♥️〰️〰️♥️〰️〰️❇️

ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവർഗ്ഗത്തിൻ്റെ അഭയവുമായ പരിശുദ്ധ മറിയമേ , യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധ:പതിച്ചു പോകുന്ന ലോകത്തേയും പല വിധത്തിൽ പീഡിപ്പിക്കപ്പെടുന്ന തിരുസഭയേയും വിവിധ സങ്കടങ്ങൾ നിമിത്തം വലയുന്നവരായ ഞങ്ങളേയും അങ്ങേ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുന്നു. മിശിഹായുടെ സമാധാനം ഞങ്ങൾക്കും ലോകത്തിനുമായി വാങ്ങിത്തരണമേ. അങ്ങേ വിമലഹൃദയത്തിന് പ്രതിഷ്ഠിതമായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേക്ഷിതചൈതന്യത്തിൽ വളർന്നു വരുന്നതിനും അനുഗ്രഹിക്കണമേ. തിരുസഭാംബികേ, തിരുസഭയ്ക്ക് സർവ്വ സ്വാതന്ത്ര്യവും, സമാധാനവും അരുളണമേ. വിശ്വാസത്തിൻ്റെയും പ്രത്യാശയുടേയും സ്നേഹത്തിൻ്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങു നയിക്കണമെ മാനവ വംശത്തിന് വേണ്ടിയുള്ള ഈശോയുടെ സമർപ്പണത്തോട് യോജിച്ച് അങ്ങയോട് വിശ്വസ്തത പുലർത്തി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. അമലോത്ഭവഹൃദയമേ, മനുഷ്യ ഹൃദയങ്ങളിൽ രൂപം കൊള്ളുന്ന തിന്മയുടെ ശക്തികളേയും മാനവ പുരോഗതിയെ തളർത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളെയും നേരിടാനുള്ള കഴിവ് ഞങ്ങൾക്ക് നൽകണമേ. പരിശുദ്ധ അമ്മേ, ഞങ്ങളുടെ മാർപാപ്പമാർ അങ്ങേക്ക് സമർപ്പിച്ചിട്ടുള്ളതും കാലാകാലങ്ങളിൽ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠ യെ സ്വീകരിച്ച് അങ്ങേ വിമലഹൃദയത്തിൻ്റെ സ്വന്തമായി ഞങ്ങളെ കാത്തുകൊള്ളണമെ.
ആമ്മേൻ.

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

യേശുവിന്റെ തിരുഹൃദയമേ,
ഞങ്ങളുടെമേൽ കരുണയുണ്ടാകണമെ.

യേശുവിൻറെ അമൂല്യരക്തമേ
ഞങ്ങൾക്ക് സംരക്ഷണമേകണമേ.

പ്രതിഷ്ഠാ നവീകരണ സുകൃതജപം ( ഹൃദ്ദിസ്ഥമാക്കിക്കൊണ്ട് എല്ലായ്പ്പോഴും ചൊല്ലേണ്ടത് )

” അമ്മേ മാതാവേ, ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അമ്മയുടേതാണ്. ഈശോയെ, ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.
〰️〰️〰️〰️〰️〰️〰️〰️〰️
6️⃣ വി.ജത്രൂദിൻ്റെ പ്രാർത്ഥന

(ശുദ്ധീ കരണാത്മാക്കളുടെ മോചനത്തിനും പാപികളുടെ മാനസാന്തരത്തിനും വേണ്ടിയുള്ള പ്രാർത്ഥന )

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായയേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കൾക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

✝ 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
〰️〰️〰️〰️〰️〰️〰️〰️〰️
7️⃣ തിരുഹൃദയത്തോടുള്ള ജപം

മിശിഹായുടെ ദിവ്യാത്മാവേ! എന്നെ ശുദ്ധീകരിക്കണമേ.
മിശിഹായുടെ തിരുശരീരമേ! എന്നെ രക്ഷിക്കണമേ.
മിശിഹായുടെ തിരുരക്തമേ! എന്നെ ലഹരി പിടിപ്പിക്കണമേ.
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ! എന്നെ കഴുകണമേ.
മിശിഹായുടെ പീഡാനുഭവമേ! എന്നെ ധൈര്യപ്പെടുത്തണമേ.
നല്ല ഈശോയെ! എന്‍റെ അപേക്ഷ കേള്‍ക്കണമേ.
അങ്ങേതിരുമുറിവുകളുടെ ഇടയില്‍ എന്നെ മറച്ചു കൊള്ളണമേ.
അങ്ങില്‍ നിന്നു പിരിഞ്ഞുപോകാന്‍ എന്നെ അനുവദിക്കല്ലേ.
ദുഷ്ടശത്രുവില്‍ നിന്ന്‍ എന്നെ കാത്തുകൊള്ളണമേ.
എന്‍റെ മരണ നേരത്തില്‍ എന്നെ അങ്ങേപ്പക്കലേക്ക് വിളിക്കണമേ.
അങ്ങേ പരിശുദ്ധന്‍മാരോടുകൂടെ നിത്യമായി അങ്ങയെ സ്തുതിച്ചു കൊണ്ടാടുന്നതിന് അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോട് കല്‍പ്പിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ! എന്‍റെ ഹൃദയം അങ്ങേ തിരുഹൃദയത്തിനു ഒത്തതാക്കിയരുളണമേ.

ഈശോയുടെ മാധുര്യമേറിയ തിരുഹൃദയമേ! അങ്ങ് എന്‍റെ സ്നേഹമായിരിക്കണമേ

പരിശുദ്ധമറിയത്തിന്‍റെ മാധുര്യമേറിയ വിമലഹൃദയമേ , അങ്ങ് എന്‍റെ രക്ഷയായിരിക്കണമേ.

സുകൃതജപം

ഈശോയുടെ എത്രയും പരിശുദ്ധ ഹൃദയമേ , പരിശുദ്ധഅമ്മയുടെ വിമലഹൃദയത്തെപ്പോലെ എൻ്റെ ഹൃദയത്തെയും അങ്ങേ തിരുഹൃദയത്തോട് അനുരൂപപ്പെടുത്തണമേ.
〰️〰️〰️〰️〰️〰️〰️〰️〰️

പരിശുദ്ധ പിതാവിൻ്റെയും തിരുസഭയുടെയും നിയോഗങ്ങൾക്കായി
1സ്വർഗ്ഗ 1നന്മ 1ത്രീത്വ .

( പരിശുദ്ധ അമ്മയോടു ചേർന്ന് ഈശോയെ അറിയാനുള്ള ഈ ആഴ്ചയിൽ അമ്മയോടു ചേർന്ന് സാധിക്കുന്നത്രയും ജപമാലകൾ , മറ്റു മരിയൻ പ്രാർത്ഥനകൾ , ക്രിസ്തുകേന്ദ്രീകൃത പ്രാർത്ഥനകൾ , സുകൃതജപങ്ങൾ തുടങ്ങിയവ ചൊല്ലുക. തിരുവചനപാരായണത്തിലൂടെയും ആധ്യാത്മിക വായനകളിലൂടെയും പരി.അമ്മയും ഈശോയും തമ്മിലുള്ള ആത്മബന്ധത്തെ ആഴത്തിൽ ധ്യാനിച്ച് ഈശോയെപ്പോലെ പരിശുദ്ധ അമ്മയോടുള്ള ബന്ധത്തിൽ ആഴപ്പെടുക. )


✝️ വി.ലൂയിസ് ഡി മോൺഫോർട്ട് നിർദ്ദേശിച്ചിട്ടുള്ള പ്രത്യേകപ്രാർത്ഥനകൾ

8️⃣പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ

(മറുപടിയായി ‘ഞങ്ങളുടെമേൽ കൃപ ചൊരിയണമേ’ എന്നു പ്രാർത്ഥിക്കുക)

പരിശുദ്ധാത്മാവായ ദൈവമേ, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവേ, പിതാവിന്റെയും പുത്രന്റെയും ജീവനായ പരിശുദ്ധാത്മാവേ, പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ,
പിതാവിന്റെയും പുത്രന്റെയും സ്നേഹമായ പരിശുദ്ധാത്മാവേ,
സർവശക്തനായ പരിശുദ്ധാത്മാവേ, ജീവദാതാവായ പരിശുദ്ധാത്മാവേ, സ്നേഹദാതാവായ പരിശുദ്ധാത്മാവേ,
ശക്തിദാതാവായ പരിശുദ്ധാത്മാവേ, ഞങ്ങളിൽ വസിക്കുന്ന പരിശുദ്ധാത്മാവേ,
സഹായകനായ പരിശുദ്ധാത്മാവേ, സർവനന്മസ്വരൂപിയായിരിക്കുന്ന പരിശുദ്ധാത്മാവേ,
കരുണയാകുന്ന പരിശുദ്ധാത്മാവേ, നീതിയുടെ ഉറവിടമാകുന്ന പരിശുദ്ധാത്മാവേ,
ഭയമകറ്റുന്ന പരിശുദ്ധാത്മാവേ, പ്രത്യാശ നല്കുന്ന പരിശുദ്ധാത്മാവേ,
ജ്ഞാനം നല്കുന്ന പരിശുദ്ധാത്മാവേ,
ബുദ്ധി നല്കുന്ന പരിശുദ്ധാത്മാവേ, അറിവു നല്കുന്ന പരിശുദ്ധാത്മാവേ, വിവേകം നല്കുന്ന പരിശുദ്ധാത്മാവേ,
ആലോചന നല്കുന്ന പരിശുദ്ധാത്മാവേ,
ദൈവഭക്തി നല്കുന്ന പരിശുദ്ധാത്മാവേ,
ദൈവഭയം നല്കുന്ന പരിശുദ്ധാത്മാവേ,
ആത്മശക്തി നല്കുന്ന പരിശുദ്ധാത്മാവേ,
സ്നേഹമാകുന്ന പരിശുദ്ധാത്മാവേ,
ശാന്തി നല്കുന്ന പരിശുദ്ധാത്മാവേ, ആനന്ദമാകുന്ന പരിശുദ്ധാത്മാവേ, ക്ഷമ നല്കുന്ന പരിശുദ്ധാത്മാവേ,
ദയ നല്കുന്ന പരിശുദ്ധാത്മാവേ,
നന്മ നല്കുന്ന പരിശുദ്ധാത്മാവേ, സൗമ്യശീലം നല്കുന്ന പരിശുദ്ധാത്മാവേ,
ബ്രഹ്മചര്യം നല്കുന്ന പരിശുദ്ധാത്മാവേ,
അനുസരണം നല്കുന്ന പരിശുദ്ധാത്മാവേ,
വിശ്വാസം നല്കുന്ന പരിശുദ്ധാത്മാവേ,
സകലത്തെയും പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവേ,
സകലത്തെയും ശക്തിമത്കരിക്കുന്ന പരിശുദ്ധാത്മാവേ, പ്രലോഭനങ്ങളിൽനിന്ന് വിമോചിപ്പിക്കുന്ന പരിശുദ്ധാത്മാവേ, സാത്താന്റെ കുടിലതന്ത്രങ്ങളിൽനിന്നു ഞങ്ങളെ രക്ഷിക്കുന്ന പരിശുദ്ധാത്മാവേ,
പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കാൻ ശക്തി നല്കുന്ന പരിശുദ്ധാത്മാവേ,
വചനം ഹൃദയത്തിൽ സംഗ്രഹിപ്പിക്കുന്ന പരിശുദ്ധാത്മാവേ, വിശുദ്ധ കുർബാനയിൽ നിറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാവേ, കൂദാശകളിലൂടെ ഞങ്ങളെ പവിത്രീകരിക്കുന്ന പരിശുദ്ധാത്മാവേ,
ജീവജലത്തിന്റെ അരുവിയായ സ പരിശുദ്ധാത്മാവേ,
നിത്യജീവനിലേക്ക് എന്നെ < നയിക്കുന്ന പരിശുദ്ധാത്മാവേ,
എന്റെ ഹൃദയത്തിലേക്ക് ചൊരിയപ്പെട്ടിരിക്കുന്ന സ്നേഹമേ.
〰️〰️〰️〰️〰️〰️〰️〰️〰️
9️⃣ പ്രഭയോലും സമുദ്രതാരമേ സ്വസ്തി(വി. ബൊനവെഞ്ചർ രചിച്ച വിശ്വ പ്രസിദ്ധ മരിയൻ കീർത്തനം )

പ്രഭയോലും സമുദ്രതാരമേ സ്വസ്തി
ദേവമാതേ നീ അനുഗ്രഹീത
പാപലേശമേശിടാത്ത കന്യേധന്യേ
സ്വർഗ്ഗവിശ്രാന്തി തൻ കവാടമേ നീ.
ഗബ്രിയേലന്നു സ്വസ്തി ചൊല്ലി
മോദമോടതു നീ സ്വീകരിച്ചു
മർത്ത്യനു ശാന്തിക്കുറപ്പേകിയല്ലോ
ഹവ്വതൻ നാമം മാറ്റിക്കുറിച്ച ധന്യേ.
അടിമച്ചങ്ങല പൊട്ടിച്ചെറിയൂ നീ
അന്ധതയിൽ ജ്യോതിസാകൂ തായേ
സർവ്വരോഗവുമകറ്റണേ അമ്മേ
സമ്പൂർണ്ണമോദം യാചിപ്പൂ ഞങ്ങൾ.
ദൈവിക വചനമാമേശുനാഥൻ
നിന്നോമൽ ശിശുവായ് ജന്മമാർന്നോൻ
നീ വഴി പ്രാർത്ഥന കേട്ടിടട്ടെ
ഞങ്ങൾക്കു നീ തായയെന്നു കാട്ടിയാലും.
സർവ്വത്തിലും അതിശയമാകും കന്യേ
ശാന്തരിലതീവ ശാന്തയാം നീ
രക്ഷിക്കൂ പാപച്ചേറ്റിൽ നിന്നു നീ ഞങ്ങളെ
വിശുദ്ധിയോടെ പാലിക്കൂ തായേ.
കന്മഷമേശാതെ കാത്തിടൂ നീ
സുരക്ഷിതമാക്കൂ മാർഗ്ഗങ്ങളെ
യേശുവിൽ ആമോദമെന്നുമെന്നന്നേക്കും
ആസ്വദിപ്പോളം കാത്തിടൂ തായേ.
അത്യുന്നസുരലോകത്തെങ്ങും സദാ
സർവ്വശക്തനാം ത്രിത്വൈക ദേവാ
പിതാവേ, പുത്രാ, റൂഹായേ സ്തുതി
എന്നുമെന്നന്നേക്കുമാമ്മേനാ’മ്മേൻ.
〰️〰️〰️〰️〰️〰️〰️〰️〰️
🔟 യേശുനാമ ലുത്തിനിയ

കർത്താവേ കരുണ തോന്നണമേ
മിശിഹായേ കരുണ തോന്നണമേ
കർത്താവേ ഞങ്ങളുടെമേൽ കരുണ തോന്നണമേ
മിശിഹായേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ
മിശിഹായ ഞങ്ങളുടെ പ്രാർഥന കൈക്കൊള്ളണമേ

(മറുപടി : “ഞങ്ങളുടെമേൽ കരുണതോന്നണമേ”)

സ്വർഗസ്ഥനായ പിതാവേ ,
ലോകരക്ഷകനായ ഈശോയെ ,
പരിശുദ്ധാത്മാവായ ദൈവമേ ,
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ,

ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയെ ,
പിതാവിന്റെ തേജസായ ഈശോയെ ,
നിത്യപ്രകാശത്തിന്റെ തെളിമയായ ഈശോയെ ,
മഹത്ത്വത്തിന്റെ രാജാവായ ഈശോയെ ,
നീതിസൂര്യനായ ഈശോയെ ,
കന്യകമറിയത്തിന്റെ പ്രിയപുത്രനായ ഈശോയെ ,
ഏറ്റവും സ്നേഹനിധിയായ ഈശോയെ ,
ഏറ്റവും ആരാധ്യനായ ഈശോയെ ,
ശക്തനായ ദൈവമായ ഈശോയെ ,
വരാനിരിക്കുന്ന ലോകത്തിന്റെ പിതാവായ ഈശോയെ ,
സദുപദേശത്തിന്റെ ദൂതനായ ഈശോയെ ,
സർവശക്തനായ ഈശോയെ ,
ഏറ്റവും ക്ഷമയുള്ള ഈശോയെ ,
ഏറ്റവും അനുസരണമുള്ള ഈശോയെ ,
ശാന്തശീലനും വിനീതഹൃദയനുമായ ഈശോയെ ,
ശുദ്ധതയെ സ്നേഹിക്കുന്ന ഈശോയെ ,
ഞങ്ങളെ സ്നേഹിക്കുന്ന ഈശോയെ ,
സമാധാനത്തിന്റെ ദൈവമായ ഈശോയെ ,
ജീവദാതാവായ ഈശോയെ ,
പുണ്യങ്ങളുടെ മാത്യകയായ ഈശോയെ ,
ആത്മാക്കളെ സ്നേഹിക്കുന്ന ഈശോയെ ,
ഞങ്ങളുടെ ദൈവമായ ഈശോയെ ,
ഞങ്ങളുടെ അഭയകേന്ദ്രമായ ഈശോയെ ,
പാവങ്ങളുടെ പിതാവായ ഇശോയെ ,
വിശ്വാസികളുടെ നിധിയായ ഈശോയെ ,
നല്ലിടയനായ ഈശോയെ ,
യഥാർഥ പ്രകാശമായ ഈശോയെ ,
നിത്യജ്ഞാനമായ ഈശോയെ ,
അനന്തനന്മയായ ഈശോയെ ,
ഞങ്ങളുടെ ജീവനും മാർഗവുമായ ഈശോയെ ,
മാലാഖമാരുടെ ആനന്ദമായ ഈശോയെ ,
പൂർവപിതാക്കന്മാരുടെ രാജാവായ ഈശോയെ ,
അപ്പസ്തോലന്മാരുടെ ഗുരുവായ ഈശോയെ ,
സുവിശേഷകന്മാരുടെ അധ്യാപകനായ ഈശോയെ ,
രക്തസാക്ഷികളുടെ ധൈര്യമായ ഈശോയെ ,
വേദപാരംഗതരുടെ പ്രകാശമായ ഈശോയെ ,
കന്യകകളുടെ ശുദ്ധതയായ ഈശോയെ ,
സകല വിശുദ്ധരുടെയും കിരീടമായ ഈശോയെ ,

ഓ കരുണയുള്ള ഈശോയെ
ഞങ്ങളെ രക്ഷിക്കണമേ
ഓ ഈശോയെ കരുണയോടെ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ

(തുടർന്നുള്ള മറുപടി : ഈശോയെ ഞങ്ങളെ മോചിപ്പിക്കണമേ)

സകല തിന്മകളിൽനിന്നും ,
സകല പാപങ്ങളിൽനിന്നും ,
അങ്ങയുടെ ക്രോധത്തിൽനിന്നും
പിശാചിന്റെ കെണികളിൽനിന്നും ,
ജഡമോഹങ്ങളിൽനിന്നും ,
നിത്യമരണത്തിൽനിന്നും ,
അങ്ങയുടെ പ്രചോദനങ്ങളെ നിരാകരിക്കുന്നതിൽനിന്നും ,
അങ്ങയുടെ മനുഷ്യജനന രഹസ്യത്തിലൂടെ ,
അങ്ങയുടെ ജനനത്തിലൂടെ ,
അങ്ങയുടെ ശൈശവത്തിലൂടെ ,
അങ്ങയുടെ ദൈവികജീവിതത്തിലൂടെ ,
അങ്ങയുടെ വേദനകളിലൂടെ ,
അങ്ങയുടെ പീഡാസഹനങ്ങളിലൂടെ
അങ്ങയുടെ കുരിശിലൂടെ,
അങ്ങയുടെ സഹനങ്ങളിലൂടെ
അങ്ങയുടെ മരണത്തിലൂടെയും സംസ്കാരത്തിലൂടെയും
അങ്ങയുടെ ഉത്ഥാനത്തിലൂടെ,
അങ്ങയുടെ സ്വർഗാരോഹണത്തിലൂടെ
അങ്ങയുടെ ദിവ്യകാരുണ്യ സ്ഥാപനത്തിലൂടെ ,
അങ്ങയുടെ സകല ആനന്ദങ്ങളിലൂടെയും
അങ്ങയുടെ മഹത്വത്തിലുടെ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെ
ഞങ്ങളെ രക്ഷിക്കണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
ഞങ്ങളുടെ പ്രാർഥന കേൾക്കണമേ
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ

ഈശോയെ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ , ഇശായ ദയതോന്നി ഞങ്ങളുടെ അർഥനകൾ സ്വീകരിക്കണമേ.
〰️〰️〰️〰️〰️〰️〰️〰️〰️
1️⃣1️⃣ വി.ലൂയിസ് ഡി മോൺഫോർട്ടിന്റെ യേശുവിനോടുള്ള പ്രാർഥന

ഏറ്റവും സ്നേഹമുള്ള യേശുവേ , എന്റെ ഹൃദയത്തിൽ കവിഞ്ഞാഴുകുന്ന കൃതജ്ഞത പ്രകാശിപ്പിക്കാൻ കാരുണ്യപൂർവം അങ്ങ് എന്നെ അനുവദിക്കണമെ . എന്തെന്നാൽ , പരിശുദ്ധമായ അടിമത്തമെന്ന് ഭക്താ ഭ്യാസം വഴി അങ്ങ് അവിടത്തെ അമ്മയെ എനിക്കു നല്കി . മാതാവിലൂടെ അങ്ങ് എന്നിലേക്കു വർഷിച്ച കൃപാവരങ്ങൾ എത്ര അനവധിയാണ്. നാഥാ , അങ്ങയുടെ തിരുമുമ്പിൽ അമ്മയാണ് എനിക്ക് ഉറപ്പുള്ള മധ്യസ്ഥ്യം. എന്റെ എറ്റവും ദാരുണമായ കഷ്ടതകളിൽ പരിശുദ്ധ കന്യകയാണ് എനിക്കു വലിയ ആശ്രയം . കഷ്ടം ! ഓ എന്റെ ദൈവമേ , ഈ വത്സലമാതാ വില്ലായിരുന്നെങ്കിൽ ഞാൻ വലിയ ദുർഭഗനാ(യാ)കുമായിരുന്നു . തീർച്ചയായ ഞാൻ നശിച്ചുപോവുകയും ചെയ്തേനേ . അതെ , അവിടുത്തെ നീതി പൂർവകമായ കോപം ശാന്തമാക്കാൻ മറിയം അങ്ങയുടെ സമീപത്തും മറ്റെല്ലായിടങ്ങളിലും എനിക്കുവേണ്ടി ഉണ്ടാകണം . എന്തെന്നാൽ ഞാൻ അവിടത്തെ ദ്രോഹിക്കുന്നു . അങ്ങയുടെ നീതിപ്രകാരം ഞാനർഹിക്കുന്ന നിത്യനാശത്തിൽനിന്ന് പരിശുദ്ധ അമ്മ എന്നെ രക്ഷിക്കട്ടെ . മറിയം അവിടുത്തെ ധ്യാനിക്കട്ടെ , അങ്ങയോട് സംസാരിക്കട്ടെ , അങ്ങയോട് പ്രാർഥി ക്കട്ടെ , അങ്ങയെ സമീപിക്കട്ടെ , അങ്ങയെ പ്രസാദിപ്പിക്കട്ടെ . മറിയം എന്റെ ആത്മാവിനെയും മറ്റുള്ളവരുടെ ആത്മാക്കളെയും രക്ഷിക്കാൻ സഹായി ക്കട്ടെ . ചുരുക്കത്തിൽ , ഞാൻ എപ്പോഴും അങ്ങയുടെ ദിവ്യഹിതം നിർവഹിക്കാനും അവിടത്തെ ഉപരിമഹത്ത്വം സാധിക്കാനും പ. മറിയം എനിക്ക് അത്യാ വശ്യമത്ര , അവിടന്ന് എന്നാടുകാണിച്ച് വലിയ കരുണകൾ ലോകം മുഴുവനും പോയി പ്രഘോഷിക്കാൻ എനിക്കു കഴിയുമോ ! മറിയമില്ലായിരുന്നെങ്കിൽ ഞാൻ നിത്യനാശത്തിൽ ആകുമായിരുന്നുവെന്ന് , ഓരോ മനു ഷ്യനും അറിഞ്ഞിരുന്നെങ്കിൽ. ഇത്രയും വലിയ അനുഗ്രഹത്തിന് അർഹമായ നന്ദിപ്രകാശിപ്പിക്കാൻ എനിക്കു സാധിക്കുമോ ? മറിയം എന്നിലുണ്ട് . ഓ ! അക്ഷയമായ നിധിയേ , ഓ ! എത്ര വലിയ ആശ്വാസം ! ഞാൻ പൂർണമായും അവളുടേതല്ലാതായിപ്പോകുമോ ? ഓ ! എത്രവലിയ നന്ദിഹീനത! എന്റെ പ്രിയ രക്ഷകാ , ഈ അത്യാപത്തിൽപ്പെടുന്നതിനെക്കാൾ എന്നെ മരിപ്പിച്ചാലും ! എന്തുകൊണ്ടെന്നാൽ ഞാൻ പരിപൂർണമായും മറിയത്തിന്റെതാകുന്നില്ലെങ്കിൽ ഞാൻ മരിക്കുകയാണ് ഭേദം . വിശുദ്ധ യോഹന്നാൽ ശ്ലീഹായോടുകൂടെ കുരിശിൻ ചുവട്ടിൽനിന്നുകൊണ്ട് ഒരായിരം പ്രാവശ്യം അവളെ എന്റെ അമ്മയായി സ്വീകരിക്കുകയും അത്രയും പ്രാവശ്യംതന്നെ എന്നെ അവൾക്കു നല്കുകയും ചെയ്യുന്നു . പ്രിയ ഈശോയേ , അങ്ങ് അഭിലഷിക്കുന്ന രീതിയിൽ എന്റെ അർപ്പണം ഇപ്പോഴും ഞാൻ നിർവഹി ച്ചിട്ടില്ലെങ്കിൽ , ഞാൻ ഈ അർപ്പണം അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ നവീകരിക്കുന്നു . പ്രിയ ഈശോയേ , എന്റെ ആത്മാവിലോ ശരീരത്തിലോ ഈ മഹത്ത്വമുള്ള രാജ്ഞിക്ക് അർപ്പിതമല്ലാത്തതായി എന്തെങ്കിലും കാണുന്നെങ്കിൽ , അങ്ങ് അതിനെ എന്നിൽനിന്നു ദൂരെ അകറ്റണമേ. എന്നിൽ മറിയത്തിന് ഉളളതലാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ നാഥാ, അത് അങ്ങയ്ക്ക് അനുഗുണമല്ലതന്നെ.

ഓ, പരിശുദ്ധാത്മാവേ, ഈഅനുഗ്രഹങ്ങളെല്ലാം എനിക്കു നൽകണമേ, എന്റെ ആത്മാവിൽ മറിയമാകുന്ന യഥാർഥ ജീവന്റെ വൃക്ഷം നടണമേ . അതിനെ പരിപാലിച്ചു വളർത്തണമേ . അങ്ങനെ അതു വളർന്നു പുഷ്പിച്ച് ജീവന്റെ ഫലം സമൃദ്ധമായി ഉത്പാദിപ്പിക്കട്ടെ . ഓ ! പരിശുദ്ധാത്മാവേ , അങ്ങയുടെ വിശ്വസ്തവധുവായ മറിയത്തോട് എനിക്കു വലിയ ഭക്തി തരണമേ . പരിശുദ്ധ അമ്മയുടെ മാതൃഹൃദയത്തിൽ ആഴമാർന്ന വിശ്വാസം എനിക്കു നല്കിയാലും . ദിവ്യജനനിയുടെ കരുണയിൽ അഭയം തേടാൻ എന്നെ സഹായിക്കണമേ . അതുവഴി , വലിയവനും ശക്തനുമായ യേശുവിന്റെ പൂർണതയിലേക്ക് എന്നെ വളർത്താൻ അവിടത്തേക്കു സാധിക്കട്ടെ , ആമേൻ .
〰️〰️〰️〰️〰️〰️〰️〰️〰️
1️⃣2️⃣ ഓ മേരിയിൽ വാഴുന്ന യേശുവേ.

ഓ മേരിയിൽ വാഴുവോരേശുവേ,
വന്നു വസിക്കണേ നിൻ ദാസരിൽ,
അങ്ങേ വിശുദ്ധിതൻ അരൂപിയിലും,
അങ്ങേ ശക്തിതന്നുടെ നിറവിലും,
അങ്ങേ പുണ്യത്തിൻ സത്യമോടെയും,
അങ്ങേ മാർഗ്ഗമതിൻ പൂർണ്ണതയിലും
അങ്ങേ രഹസ്യങ്ങളാം അകമ്പടിയോടും, തിന്മതൻ ശക്തിയെല്ലാം തുരത്തണേ
അങ്ങേ അരൂപിയാൽ, പിതാവിന്റെ മഹത്ത്വത്തിനായ് ആമ്മേൻ.

MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.