റെയ്ംസ്: ഫ്രാന്‍സിലെ അത്യുന്നത കോടതിയുടെ അപ്പീല്‍ ഇല്ലാത്ത വിധി. കഴിഞ്ഞ പത്തുവര്‍ഷമായി ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ മാത്രം ജീവിക്കുന്ന വിന്‍സെന്റ് ലാംബെര്‍ട്ട് എന്ന നാല്പത്തിരണ്ടുകാരന് നല്‍കിവരുന്ന ഭക്ഷണവും വെള്ളവും നിര്‍ത്തിവയ്ക്കണം. മകന്റെ ജീവന് നിലനിര്‍ത്താനായി ഏതറ്റവും വരെ പോകാന്‍ തയ്യാറുള്ള വിന്‍സെന്റിന്റെ മാതാപിതാക്കള്‍ക്ക് ഈ വിധി കനത്ത ആഘാതമായി.
കൃത്രിമ ശ്വസനോപകരണങ്ങളുടെയും മറ്റും സഹായത്തോടെ ജീവന് നിലനിര്‍ത്തിപ്പോരുന്ന വിന്‍സെന്റിന് ഭക്ഷണവും വെള്ളവും നിഷേധിച്ച് അയാളെ മരണത്തിലേക്ക് തള്ളിയിടുകയാണെങ്കില്‍ കൊലക്കുറ്റത്തിന് കേസ് കൊടുക്കുമെന്ന് വിന്‍സെന്റിന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രഞ്ച് കോടതി കഴിഞ്ഞ മാസം വിന്‍സെന്റിന് ദയാവധം നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് ആശുപത്രി അധികൃതര്‍ മെയ് 20 ന് ഫീഡിങ് ട്യൂബുകള്‍ നീക്കം ചെയ്തിരുന്നു.
എന്നാല്‍പാരീസ് കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം വീണ്ടും ലൈഫ് സപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏതു സാഹചര്യത്തിലാണെങ്കിലും ഒരാള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാത്തത് മനുഷ്യത്വത്തോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ്. ലൈഫ് ലീഗലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലക്സാണ്ട്ര നൈഡര്‍ പറഞ്ഞു. ശാരീരിക വൈകല്യവും രോഗവും മരണശിക്ഷ വിധിക്കേണ്ട കുറ്റകൃത്യമല്ല. വൈകല്യങ്ങളുടെ പേരില്‍ രോഗികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിച്ചേ തീരു. അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
2008 ല്‍ വാഹനാപകടത്തെതുടര്‍ന്നാണ് തലയക്ക് ഗുരുതരമായ പരിക്കേറ്റ് വിന്‍സെന്റ് ലാംബെര്‍ട്ട് ശയ്യാവലംബിയായത്. ഭാര്യയും എട്ട് സഹോദരങ്ങളും ലൈഫ് സപ്പോര്‍ട്ട് പിന്‍വലിക്കുന്നതിന് അനുകൂലമാണ്. പക്ഷേ മാതാപിതാക്കള്‍ അതിന് തടസം നില്ക്കുന്നു.
ലാംബെര്‍ട്ടിന്റെ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്തതിനെ വത്തിക്കാന്‍ അപലപിച്ചിരുന്നു.