പതിനാലാം ദിവസം-05-03-2022-വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

പതിമൂന്നാം ദിവസം മുതൽ പത്തൊൻപതാം ദിവസം വരെയുള്ള (രണ്ടാം ഘട്ടം ) ഒരുക്ക പ്രാർത്ഥനകൾ ഇവിടെ ക്ലിക് ചെയ്യുക

==========================================================================

പതിനാലാം ദിവസം

2 -ാം ഘട്ടം ആത്മജ്ഞാനം

1. ക്രിസ്താനുകരണ വായന


പ്രലോഭനങ്ങളെ ചെറുക്കണം.

ഈ ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം ക്ലേശങ്ങളും പ്രലോഭനങ്ങളുമില്ലാ തിരിക്കുക സാധ്യമല്ല. ജോബിന്റെ പുസ്തകത്തിൽ നാം വായിക്കുന്നത് മനുഷ്യ ജീവിതം ഈ ഭൂമിയിൽ ഒരു പ്രലോഭനമാണെന്നാണ് (ജോബ് 7:1). നന്മൂലം ഓരോരുത്തരും തങ്ങളുടെ പ്രലോഭനങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം, ഉണർന്നിരുന്ന് പ്രാർത്ഥിക്കുകയും വേണം. നമ്മെ ചതിക്കു ന്നതിന് പിശാച് അവസരം കണ്ടെത്താതിരിക്കണം. അവൻ ഒരിക്കലും ഉറങ്ങുന്നില്ല. ആരെ വിഴുങ്ങണമെന്ന് തിരക്കി കറങ്ങി നടക്കുകയാണ് (പത്രോ. 5:8). എപ്പോഴെങ്കിലും പ്രലോഭനങ്ങൾ ഉണ്ടാകാത്ത വിധം ആരും പൂർണ്ണരും വിശുദ്ധരുമല്ല. പ്രലോഭനങ്ങൾ തീർത്തും ഒഴിവാക്കാൻ ആർക്കും സാധ്യമല്ല.

പ്രലോഭനങ്ങൾ പ്രയോജനകരമാണ്.

പലപ്പോഴും പ്രലോഭനങ്ങൾ മനുഷ്യന് വളരെ ഉപകാര പ്രദമാണ്. അവ ശല്യമാകാം, ഗൗരവമാകാം. അവയിലൂടെ മനുഷ്യൻ എളിമപ്പെടുന്നു , ശുദ്ധീകരിക്കപ്പെടുന്നു , അറിവുള്ളവനുമാകുന്നു. എല്ലാ വിശുദ്ധരും അനേകം ക്ലേശങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും കടന്നു പോയവരാണ്. അവയിൽ നിന്ന് ഫലമെടുത്തവരാണ്. പ്രലോഭനങ്ങളെ നേരിടാൻ മടി കാണിച്ചവർ തെറ്റു ചെയ്തു വീണു പോയി. പ്രലോഭനങ്ങളും ക്ലേശങ്ങളുമില്ലാത്തത്ര പരിശുദ്ധമായ ഒരു സന്യാസസഭയോ രഹസ്യ സങ്കേതമോ ഇല്ല.

ജീവിച്ചാലും പ്രലോഭനങ്ങളിൽ നിന്നും നാം തീർത്തും സുരക്ഷിതരല്ല.

പാപാസക്തിയോടെ ജനിച്ചവരായതു കൊണ്ട് പ്രലോഭനങ്ങളുടെ ഉറവിടം നമ്മിൽ തന്നെയുണ്ട്. ഒരു പ്രലോഭനവും ക്ലേശവും മാറിക്കഴിയുമ്പോൾ മറ്റൊന്നു വരുന്നു. എപ്പോഴും എന്തെങ്കിലും സഹിക്കാനുണ്ടാകും. കാരണം സൗഭാഗ്യത്തിന്റെ ഉറവിടം നമുക്ക് നഷ്ടപ്പെട്ടു. പ്രലോഭനങ്ങളിൽ നിന്ന് ഓടിയകലാൻ ശ്രമിക്കുന്തോറും പലരും കൂടുതൽ ഗൗരവമായതിൽ വീഴുന്നു. ഓടിയകലുന്നതു കൊണ്ട് മാത്രം നമുക്ക് വിജയിക്കാനില്ല. സഹനശീലവും സത്യമായ എളിമയും വഴി ശത്രുക്കളെക്കാൾ നമുക്ക് ശക്തരാകാം.

ദൈവസഹായത്താൽ നമുക്ക് ജയിക്കാം.

ബാഹ്യമായി മാത്രം ഉപേക്ഷിച്ചാൽ , വേരോടെ പറിച്ചുളെയുന്നില്ലെങ്കിൽ അതേ പ്രലോഭനങ്ങളിലേക്ക് പിൻതിരിയും. കൂടുതൽ മോശമായ അനുഭവങ്ങൾ ഉണ്ടാകാം. അല്പാല്പമായി, ക്ഷമാപൂർവ്വം, ദീർഘശാന്തതയോടെ, ദൈവ സഹായത്താൽ അവയെ അതിജീവിക്കാം. പരുക്കൻ രീതികളും നിർബന്ധനമൂദ്ധിയും ഗുണകരമല്ല പ്രലോഭനത്തിൽ പലപ്പോഴും ഉപദേശം ആരായണം. പ്രലോഭിതനോട് കാരമായി വർത്തിക്കരുത്. പകരം ആമോദം നൽകണം. നീ ആഗ്രഹിക്കുന്നതും അതു തന്നെയല്ലേ?

ആരംഭത്തിൽ പ്രലോഭനം കൂടുതൽ എളുപ്പത്തിൽ ജയിക്കാം.

തിന്മയിലേക്കുള്ള എല്ലാ പ്രലോഭനങ്ങളുടേയും ആരംഭം ആത്മാവിന്റെ അസ്ഥിരതയും ദൈവത്തിലുള്ള അല്പ വിശ്വാസവുമാണ്. നിയന്ത്രണമില്ലാത്ത കപ്പൽ ഇവിടെയും അവിടെയും തിരമാലകളാൽ നയിക്കപ്പെടുന്നതു പോഅന്ധനായ മനുഷ്യൻ സ്വന്തം പ്രതിജ്ഞ അവഗണിച്ച് പലവിധ പ്രലോഭനങ്ങൾക്ക് വിധേയനാകുന്നു. തീ ഇരുസിന്റെ ഗുണം തെളിയിക്കുന്നത് പോലെ പ്രലോഭനം നീതിമാന്റെ സവിശേഷതകളും. നമ്മിലെ സാധ്യതകൾ നമുക്ക് പലപ്പോഴും അജ്ഞാതമാണ്. എന്നാൽ നാമാരാണെന്ന് പ്രലോഭനം വെളിപ്പെടുത്തുന്നു. പ്രലോഭനങ്ങളുടെ ആരംഭത്തിലാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അപ്പോൾ ശത്രുവിനെ ജയിക്കാൻ കൂടുതൽ എളുപ്പമാണ്. അപ്പോൾ മനസ്സിലേക്കുള്ള പ്രവേശനം തന്നെ തടയാനാകും. വാതിലിന് പുറത്തു നിന്ന് മുട്ടുമ്പോൾത്തനെ അവനെ ഒഴിവാക്കണം. അതുകൊണ്ടാണ് കവി പറയുന്നത്. ” ആരംഭത്തിലേ ചെറുക്കുക, താമസിച്ചാൽ മരുന്ന് ഫലിക്കുകയില്ല. കാലതാമസം കൊണ്ട് രോഗം മൂർച്ഛിക്കുന്നു.” ( ഓവിഡ്, പ്രതിവിധികൾ II, 91 ]

ആദ്യം വെറുമൊരു വിചാരം, തുടർന്ന് ശക്തമായ ഭാവനം പിന്നീട് സന്തോഷവും, നേരിയ ചലനങ്ങളും അവസാനം സമ്മതവും ഇങ്ങനെ ദുഷ്ടശത്രു അല്പാല്പമായി ഉള്ളിലേക്ക് കടന്നു വരുന്നു. അവസാനം പൂർണ്ണമായും അകത്തു കയറുന്നു. ആരംഭത്തിലേ ചെറുത്തില്ലെങ്കിൽ ഇതാണ് സംഭവിക്കുക എതിർക്കാൻ താമസിക്കുന്തോറും നാം കൂടുതൽ ബലഹീനരായിത്തീരുന്നു. ശത്രു കൂടുതൽ ശക്തനും.
പ്രലോഭനങ്ങൾ നമ്മുടെ രക്ഷക്കായി ക്രമീകരിച്ചിട്ടുള്ളവയാണ്. ചിലർ മാനസാന്തരത്തിന്റെ ആരംഭത്തിൽ കൂടുതൽ ഗൗര സമര പ്രലോഭനങ്ങൾക്ക് വിധേയരാകുന്നു. ചിലർ അവസാനത്തിലും, ചിലർ ജീവികാലം മുഴുവനും പ്രലോഭിതരാകുന്നു.

ചിലരുടെ പ്രലോഭനങ്ങൾ രൂക്ഷമല്ല. അത് ദൈവക്രമീകരണത്തിലെ ജ്ഞാനവും നീതിയും അനുസരിച്ചാണ്. അവ മനുഷ്യന്റെ സുകൃത വർദ്ധനവ് കണക്കിലെടുക്കുന്നു. എല്ലാം തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷക്കായി ക്രമീകൃതമാണ്.

തീക്ഷണതയോടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

അതുകൊണ്ട് പ്രലോഭിതരാകുമ്പോൾ നിരാശരാകരുത്. എല്ലാ പ്രലോഭനങ്ങളിലും ദൈവസഹായം ലഭിക്കാനായി കൂടുതൽ തീക്ഷണമായി ദൈവത്തോട് പ്രാർത്ഥിക്കണം.വി. പൗലോസ് ശ്ലീഹാ പറയുന്നതു പോലെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കഴിവ് അവിടുന്ന് തരും (കൊറി. 10: 12). ദൈവത്തിന്റെ കരത്തിൽ കീഴിൽ നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. എല്ലാ പ്രലോഭനങ്ങളിലും ക്ലേശങ്ങളിലും അങ്ങനെ ചെയ്യണം. കാരണം, എളിമയുള്ള ആത്മാവിനെ അവിടുന്ന് രക്ഷിക്കും.(സങ്കീര്‍ 33. 19), ഉയർത്തകയും ചെയ്യും.

സുകൃതങ്ങൾ പ്രലോഭനങ്ങളിലൂടെ പൂർണ്ണമാക്കപ്പെടുന്നു.

പ്രലോഭനങ്ങളിലൂടെയും ക്ലേശങ്ങളിലൂടെയും ഒരാളുടെ മാറ്റ് തെളിയുന്നു സ്വർഗ്ഗീയ ദിവുദ്ധിവ്യക്തമാക്കപ്പെടന്നു പുണ്യയോഗ്യത വർദ്ധിക്കുന്നു. സുകൃതങ്ങൾരോ ശോഭിക്കുന്നു. ശക്തമായ പ്രലോഭനങ്ങൾ ഇല്ലാത്തപ്പോൾ ഭക്തനും തീക്ഷണ മതിയുമാകുന്നത് വലിയ കാര്യമല്ല ക്ലേശങ്ങളിൽ സഹന
ശീലമുണ്ടെങ്കിൽ വലിയ വളർച്ചയുടെ പ്രത്യാശയുണ്ട്. ചിലർ വലിയ പ്രലോഭനങ്ങൾ അതിജീവിക്കുന്നു. പക്ഷേ നിസ്സാരമായ അനുദിന പ്രലോഭനങ്ങളിൽ പലപ്പോഴും വീണു പോകുന്നു. ഇത്ര ചെറിയ കാര്യങ്ങളിൽ വീൺ പോകുന്നവർ വലിയ കാരങ്ങളിൽ വീഴാതെ, എളിമയോടെ സ്വയം ആശ്രയിക്കാതിരിക്കണം.

പ്രാര്‍ത്ഥന

ദൈവമേ , പ്രലോഭനങ്ങള്‍ പതറാതിരിക്കാനും, അങ്ങയില്‍ ആശ്രയിച്ച് പ്രലോഭനങ്ങളെ അതിജീവിക്കാനും സുകൃതജീവിതം നയിക്കാനും ഞങ്ങള്‍ക്ക് കൃപ ചെയ്തു കൊള്ളണമേ.


2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

ദൈവനിശ്ചയപ്രകാരം അന്ത്യകാലങ്ങളില പരിശുദ്ധമറിയത്തിന്റെ പങ്ക്.

മറിയം വഴി ആരംഭിച്ച ലോകപരിത്രാണ കര്‍മ്മം മറിയം വഴിയ തന്നെയാണ് പൂര്‍ത്തിയാകേണ്ടത്. ക്രിസ്തുവിന്റെ പ്രഥമാഗമനത്തില്‍ മറിയം വളരെച്ചുരുക്കം സന്ദര്‍ഭങ്ങളിലെ പ്രത്യക്ഷമാകുന്നുള്ളൂ . അവളുടെ പുത്രനിലെ ‘വ്യക്തി’ ആരെന്ന് അന്നത്തെ ജനം വളരെ തുച്ഛമായല്ലേ അറിഞ്ഞുള്ളൂ.

ഈ പശ്ചാത്തലത്തില്‍ മറിയം പൂര്‍ണ്ണമായി അറിയപ്പെട്ടിരുന്നെങ്കില്‍ മനുഷ്യര്‍ അമിതമായും അതിഗാഢമായും അവളിലേക്ക് ആകര്‍ഷിക്കപ്പെട്ട്, ഒരുപക്ഷേ, സത്യമാര്‍ഗ്ഗത്തില്‍നിന്നു തന്നെ തെറ്റിപ്പോകുമായിരുന്നു. അതു സംഭവിക്കാതിരിക്കാന്‍ അവള്‍ യേശുവിന്റെ ആദ്യ ആഗമനത്തില്‍ നന്നേ വിരളമായി മാതമേ പ്രത്യക്ഷപ്പെട്ടുള്ളൂ.

അത്യുന്നതന്‍ അവള്‍ക്കു നല്കിയിരുന്ന ബാഹ്യമായ രൂപലാവണ്യം തന്നെ വി . ഡെനിസ് തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇതിനെ കൂടുതല്‍ സ്ഥിരീകരിക്കുന്നു. വിശ്വാസം മറിച്ചു പഠിപ്പിച്ചില്ലായിരുന്നെങ്കില്‍, അവളുടെ അതുല്യമായ സൗന്ദര്യവും നിഗൂഢമായ വശ്യതയും നിമിത്തം അവളെ ഒരു ദേവതയായി താന്‍ പോലും കരുതുമായിരുന്നു എന്നാണ് അദ്ദേഹം പറയുക.

എന്നാല്‍, ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തില്‍ മറിയംവഴിയാണ് ക്രിസ്തു അറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും സേവിക്കപ്പെടുകയും ചെയ്യേണ്ടത്. അതു സംഭവിക്കാന്‍ പരിശുദ്ധാത്മാവ് അവള്‍ക്കു വേണ്ടവിധം പ്രസിദ്ധി നല്കും. തന്റെ മണവാട്ടിയായ മറിയത്തെ ജീവിതകാലത്തു ബാഹ്യ ലോകത്തില്‍നിന്ന് അവിടുന്ന് മറച്ചുവച്ചു. സുവിശേഷപ്രഘോഷണാനന്തരവും അല്പം മാത്രമേ അവള്‍ അറിയപ്പെട്ടുള്ളൂ. എന്നാല്‍ ഇന്ന് അപകാരം അറിയപ്പെടാതിരിക്കുവാന്‍ ഒരു കാരണവും ഇല്ലതന്നെ.


3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും


ആഗ്രഹിക്കാത്ത തിന്മ ചെയ്തുപോകുന്ന ദൗർബല്യം

“ആത്മാവിന്റെ പ്രേരണയനുസരിച്ച് വ്യാപരിക്കുവിൻ. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാൽ, ജഡമോഹങ്ങൾ ആത്മാവിന് എതിരാണ് ; ആത്മാവിന്റെ അഭിലാഷങ്ങൾ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിർക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവർത്തിക്കാൻ നിങ്ങൾക്കു സാധിക്കാതെ വരുന്നു” (ഗലാ 5 : 16 – 17).

ആമുഖം

ഉദ്ഭവ പാപത്തിന്റെ നമ്മിൽ അവശേഷിക്കുന്ന ദുരന്ത ഫലങ്ങളിൽ പ്രധാനമായ ഒന്ന്, ആത്മാവിന്റെ ആന്തരിക ശക്തികൾക്കു ശരീരത്തിന്റെ മേലുണ്ടായിരുന്ന നിയന്ത്രണം ഭേദിക്കപ്പെട്ടു (മതബോധനഗ്രന്ഥം 400 കാണുക) എന്നതാണ്. അതായത്, ശരീരം ആത്മാവിന്റെ നിയന്ത്രണത്തിൽ നിന്ന് സ്വയം വ്യതിചലിച്ച് ആത്മാവിനെ എതിർക്കുന്ന ഘടകമായി മാറി. തത്ഫലമായി ഒരു ആന്തരിക സംഘർഷം ഓരോരുത്തരിലുമുണ്ട്.

ഇച്ഛിക്കാത്ത തിന്മ ചെയ്തുപോകുന്ന ദുർഭഗാവസ്ഥ

“ഞാൻ പാപത്തിന് അടിമയായി വില്ക്കപ്പെട്ട ജഡികനാണ്. ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നെ എനിക്കു മനസ്സിലാകുന്നില്ല. എന്തെന്നാൽ, ഞാൻ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണ് ഞാൻ പ്രവർത്തിക്കുന്നത് (റോമാ 1:14 – 17) എന്ന പൗലോസിന്റെ വിലാപം ഇതാണ് വ്യക്തമാക്കുന്നത്. പാപം – ഉദ്ഭവപാപവും വ്യക്തിപരമായ പാപവും – വരുത്തിവയ്ക്കുന്ന ഭയാനകമായ വിനയാണിത്.

നന്മ ഇച്ഛിക്കാൻ നമുക്ക് കഴിയും. പക്ഷേ, പ്രവൃത്തിയിലാക്കാൻ പറ്റുകയില്ല. ഇച്ഛിക്കുക എന്നത് ആത്മാവിന്റെ ആന്തരികപ്രവൃത്തിയാണ്. ആ ആഗ്രഹത്തിനൊത്തു പ്രവർത്തിക്കേണ്ടത് ശരീരവുമാണ്. എന്നാൽ, ഇച്ഛിക്കുന്ന ആത്മാവും പ്രവർത്തിക്കുന്ന ശരീരവും തമ്മിൽ പൊരുത്തപ്പെട്ടുപോകുന്നില്ല. ചുരുക്കത്തിൽ, ശരീരം നിയന്ത്രിക്കുന്നതിൽ ആത്മാവ് കഴിവുകെട്ടു പോകുന്നു.

ധ്യാനത്തിൽവച്ച് വളരെയേറെ നല്ല തീരുമാനങ്ങൾ നമ്മൾ എടുക്കുകയുണ്ടായി. അവയെയെല്ലാം പ്രാവർത്തികമാക്കാൻ ഉദാരമായ മനസ്സും നമുക്കുണ്ട്. എന്നാൽ, മേല്പറഞ്ഞ ദുർഗാവസ്ഥ അനുദിന ജീവിതം സമരമാക്കി മാറ്റുന്നു !

• ശക്തമായ രക്ഷാനുഭവത്തിന് ശേഷവും ഇത് തുടരുന്നു:
രക്ഷയുടെ അനുഭവം ലഭിച്ചശേഷവും പാപാസക്തി – ചെയ്യാനാഗ്രഹിക്കാത്ത തിന്മ ചെയ്തുപോകുന്ന അവസ്ഥ – എല്ലാവരിലുമുണ്ടെന്നത് ഒരു വസ്തുതയാണ്. “ക്രിസ്തുവിലേക്കുള്ള മാനസാന്തരം, മാമ്മോദീസായിലുള്ള പുതിയ ജനനം, പരിശുദ്ധാത്മാവിന്റെ ദാനം, ഭക്ഷണമായി നാം സ്വീകരിച്ച ക്രിസ്തുവിന്റെ ശരീരവും രക്തവും എന്നിവ നമ്മെ വിശുദ്ധരും കളങ്കരഹിതരുമാക്കി, ക്രിസ്തുവിന്റെ മണവാട്ടിയായ സഭ വിശുദ്ധയും കളങ്കരഹിതയും ആയിരിക്കുന്നതുപോലെതന്നെ. എന്നാലും ക്രൈസ്തവപ്രാരംഭത്തിൽ സ്വീകരിച്ച നവജീവൻ മനുഷ്യപ്രകൃതിയുടെ ക്ഷണഭംഗുരതയെയാ ദുർബലതയെയോ ഇല്ലാതാക്കിയിട്ടില്ല; അതുപോലെ പാപാസക്തിയെന്ന് പാരമ്പര്യം വിളിക്കുന്ന പാപം ചെയ്യാനുള്ള പ്രവണതയെയും ” (മതബോധനഗ്രന്ഥം 1246).

• പാപാസക്തി അനുവദിക്കപ്പെട്ടിരിക്കുന്നത് വിജയമകുടം ചൂടാൻ :
പാപാസക്തി ദൈവപരിപാലനത്തിൽ അനുവദിക്കപ്പെട്ടതാണെന്നും അതിനെതിരെ മത്സരിച്ച് കിരീടം നേടാൻ വേണ്ടിയാണെന്നുമാണ് സഭാ പ്രബോധനം : “പാപാസക്തി നമ്മിൽ കുടികൊള്ളാൻ അനുവദിച്ചിരിക്കുന്നത് നാം അതിനാട് സമരം ചെയ്യാൻ വേണ്ടിയാണ്. അതുകൊണ്ട് അതിനു സമ്മതം നല്കാതെ യേശുക്രിസ്തുവിന്റെ കൃപാവരത്താൽ അതിനെ ധീരതയോടെ എതിർത്തു നില്ക്കുന്നവരെ ദ്രോഹിക്കാൻ അതിനു കഴിയുകയില്ല. യഥാർഥത്തിൽ, നിയമാനുസൃതം മത്സരിക്കാതെ ആർക്കും കിരീടം ലഭിക്കുകയില്ല ” (മതബോധനഗ്രന്ഥം, 1264)

ഇച്ഛിക്കുന്ന നന്മ ചെയ്യാനാവാത്ത ദുർഭഗാവസ്ഥ

ഇതുപോലെ തന്നെ ഗുരുതരമായ ഒരു ബലഹീനതയാണ് ആഗ്രഹിക്കുന്ന നന്മ ചെയ്യാൻ പറ്റാത്ത അവസ്ഥ. “ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന് അതു പാപമാണ് ” ( വി. യാക്കാ 4 :17 ) എന്ന വചനം ഈ സ്ഥിതിവിശേഷത്തിൻ ഗൗരവം വ്യക്തമാക്കുന്നു. ലാസറിന്റെയും ധനവാന്റെയും ഉപമയിൽ പരാമർശിക്കുന്ന ധനവാന് ജീവിതവിജയം നഷ്ടമായത് ഇതുമൂലമല്ലേ?

പാപരഹിത ജീവിതമെന്നതുപോലെതന്നെ സുകൃതസമ്പന്നമായിരിക്കണം ക്രൈസ്തവ ജീവിതം. പുണ്യങ്ങൾ പരിശീലിക്കാതെ നമ്മുടെ ദുരാശകൾ ഇല്ലാതാക്കാനോ സാധ്യമായ പരിപൂർണതയിൽ എത്താനോ സന്മാതൃകവഴി മറ്റുള്ളവരെ ദൈവത്തിലേക്കാനയിക്കാനോ ആർക്കും സാധ്യമല്ല.

സുകൃതജീവിതം ലക്ഷ്യമാക്കണം

നാം അഭ്യസിക്കേണ്ട ‘ നന്മകൾക്ക് ‘ ക്രൈസ്തവ ആധ്യാത്മിക ശാസ്ത്രത്തിൽ പറയുന്ന പേരാണ് പുണ്യങ്ങൾ. ഈ പുണ്യങ്ങളെപ്പറ്റിയുള്ള അജ്ഞത പുണ്യസമ്പാദനത്തിന് വലിയ തടസ്സമാണ്. അവയെപ്പറ്റിയുള്ള അറിവ് അവ പരിശീലിക്കാനുള്ള ആഗ്രഹത്തിലേക്ക് നമ്മ നയിക്കും.

പുണ്യങ്ങൾ രണ്ടായി തിരിക്കാം : സ്വഭാവികം (Natural Virtues ), അതിസ്വാഭാവികം ( Supernatural Virtues ). സത്പ്രവൃത്തികളുടെ നിരന്തരമായ ആവർത്തനം വഴി നാം തന്നെ സമ്പാദിക്കുന്നവയാണ് സ്വാഭാവിക പുണ്യങ്ങൾ. നമ്മുടെ ഒരു യോഗ്യതയും പരിഗണിക്കാതെ വരപ്രസാദത്തോടുകൂടെ ദൈവം നമുക്കു തരുന്നവയാണ് അതിസ്വാഭാവിക അഥവാ നിവേശിത പുണ്യങ്ങൾ.

നിവേശിത പുണ്യങ്ങൾ ദൈവം ദാനമായി നല്കുന്നവയാണങ്കിലും നമ്മുടെ പരിശ്രമംമൂലം അവ വളർന്ന് വികസിക്കുന്നതാണ്. കൂദാശകൾ, പ്രാർഥന, സത്പ്രവൃത്തികൾ എന്നിവവഴിയുണ്ടാകുന്ന വരപ്രസാദ വർധനയാണ് ഈ വളർച്ചക്ക് സാധ്യമാക്കുക.

നിവേശിതപുണ്യങ്ങൾ ‘ ദൈവികം ‘ എന്നും ‘സാന്മാർഗികം ‘ എന്നും രണ്ടു തരമുണ്ട്. ദൈവത്തെ നേരിട്ട് സംബന്ധിക്കുന്നവയും ദൈവത്തിന്റെ പക്കലേക്ക് നമ്മെ എത്തിക്കുന്നവയുമാണ് ദൈവിക പുണ്യങ്ങൾ. വിശ്വാസം, ശരണം, ഉപവി എന്നിവയാണ് അവ. നമ്മുടെ സാന്മാർഗിക ജീവിതത്തിൽ അവശ്യം അനുഷ്ഠിക്കേണ്ട സുകൃതങ്ങളാണ് സാന്മാർഗിക പുണ്യങ്ങൾ. സാന്മാർഗിക പുണ്യങ്ങൾ പലതുണ്ടെങ്കിലും 4 പ്രധാനപുണ്യങ്ങളുടെ കീഴിൽ അവയെ തരംതിരിക്കാം. ഇവ വിവേകം, നീതി, സ്ഥൈര്യം, മിതത്വം എന്നിവയാണ്.

സാന്മാർഗിക പുണ്യങ്ങൾ
  1. വിവേകം : നമ്മുടെ പരമാന്ത്യപ്രാപ്തിക്ക് പറ്റുന്നവിധം എല്ലാറ്റിലും ഏറ്റവും നല്ലതു സ്വീകരിക്കുന്നതിന് നമ്മുടെ ബുദ്ധിയെ പ്രേരിപ്പിക്കുന്നതാണിത്. സ്വന്തമായ പര്യാലോചനയും ബുദ്ധിപൂർവകമായ ഉപദേശം സ്വീകരിക്കലും വിവേകത്തോടെ തീരുമാനങ്ങളെടുക്കുന്നതിനാവശ്യമാണ്. ഇതോടുകൂടെ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി പ്രാർഥിക്കുകയും വേണം.
  2. നീതി : അന്യർക്ക് ന്യായമായി അവകാശമുള്ളതെല്ലാം എപ്പോഴും നല്കാൻ നമ്മുടെ മനസ്സിനെ പ്രേരിപ്പിക്കുന്ന ഒരു അതിസ്വാഭാവിക പുണ്യമാണ് നീതി.
  3. സ്ഥൈര്യം : ക്ലേശകരമായ ധാർമികനന്മ പ്രാപിക്കാൻ വേണ്ടി വിഷമതകളെയും അപകടങ്ങളെയും മരണത്തെത്തന്നെയും ഭയപ്പെടാതെ പ്രവർത്തിക്കാൻ നമ്മെ ശക്തിപ്പെടുത്തുന്ന ഒരു അതിസ്വാഭാവിക പുണ്യ മാണ് സ്ഥൈര്യം. എന്തുക്ലേശം സഹിച്ചും പാപത്തിൽപ്പെടാതെ സൂക്ഷിക്കാനും, സ്നേഹിതരുടെ അസന്തുഷ്ടി പരിഗണിക്കാതെ ദൈവത്ത പ്രസാദിപ്പിക്കാനും സ്ഥൈര്യം വഴി കഴിയും.
  4. മിതത്വം : ഇന്ദ്രിയപരമായ സുഖേച്ഛ നിയന്ത്രിക്കുകയും ക്രമാതീതമാകാതെ സൂക്ഷിക്കുകയും ചെയ്യാൻ നമ്മെ സഹായിക്കുന്നതാണിത്. ഉദാഹരണത്തിന്, മനുഷ്യന്റെ വ്യക്തിപരമായ നിലനില്പിന് ഭക്ഷണത്തോടുള്ള ആഗ്രഹവും വംശപരമായ നിലനില്പിന് ജഡികാഭിലാഷവും ആവശ്യമാണ്. എന്നാൽ, അവയെ ക്രമമായി നിയന്ത്രിക്കുന്നില്ലെങ്കിൽ അവ നമുക്കു നാശകരമായിത്തീരും. ആകയാൽ മിതത്വം വളരെ ആവശ്യമാണ്.

ദൈവികപുണ്യങ്ങൾ


  1. വിശ്വാസം : വിശ്വാസമെന്നത് ദൈവത്തോടുള്ള വ്യക്തിപരമായ അടുപ്പമാണ്. അതേസമയം, അനിവാര്യമായി ദൈവാവിഷ്കൃത സത്യത്തിന് മുഴുവനായും മനുഷ്യൻ നല്കുന്ന സ്വതന്ത്ര സമ്മതവുമാണ് വിശ്വാസം (മതബോധന ഗ്രന്ഥം 150). ദൈവത്തിന്റെ അധികാരം ആസ്പദമാക്കി, വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ മനസ്സിന്റെയും പ്രസാദവരത്തിന്റെയും പ്രേരണയോടുകൂടെ ദൃഢമായി സ്വീകരിക്കാൻ നമ്മുടെ ബുദ്ധിയെ പ്രേരിപ്പിക്കുന്ന ദൈവികപുണ്യമാണിത്.
  2. ശരണം : ദൈവത്തിന്റെ അളവറ്റ ശക്തിയെയും നന്മയെയും ആധാരമാക്കി അവിടത്തെ നമ്മുടെ സർവനന്മയായി ആഗ്രഹിക്കാനും, നിത്യഭാഗ്യവും അത് പ്രാപിക്കാനുള്ള സഹായവും ലഭിക്കുമെന്ന് പ്രത്യാശിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ദൈവിക പുണ്യമാണിത്.
  3. ഉപവി : ദൈവിക പുണ്യങ്ങളിൽ ഏറ്റവും വിശിഷ്ടവും ആവശ്യകവും ഉപവിയാകുന്നു. സ്വർഗത്തിലും ഇത് നിലനില്ക്കുന്നു. എല്ലാറ്റിലും ഉപരിയായി ദൈവത്തെയും ദൈവത്തെപ്രതി മറ്റുള്ളവരെയും സ്നേഹിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്ന ഒരു ദൈവിക പുണ്യമാണ് ഉപവി.
യേശു സ്വതന്ത്രമാക്കും

ചെയ്യരുതാത്ത തിന്മ ചെയ്തുപോകുന്ന ബലഹീനതയും ചെയ്യാനിഷ്ടപ്പെടുന്ന നന്മ ചെയ്യാൻ പറ്റാത്ത ബലഹീനതയും പരിഹരിക്കുന്നതിനുള്ള വഴി വിശുദ്ധ പൗലോസ് നമുക്കു പറഞ്ഞു തരുന്നുണ്ട് : ” ഇച്ഛിക്കുന്ന നന്മ ഞാൻ ചെയ്യുന്നില്ല ; മറിച്ച്, ഇച്ഛിക്കാത്ത തിന്മ ഞാൻ പ്രവർത്തിക്കുന്നു. ഞാൻ ദുർഭഗനായ മനുഷ്യൻ ! മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ ആരു മോചിപ്പിക്കും ? നമ്മുടെ കർത്താവായ യേശുക്രിസ്തുവഴി ദൈവത്തിന് സ്തോത്രം ” ( Oh , what a terrible predicament I am in ! Who will free me from my slavery to this deadly lower nature ? Thank God ! It has been done by Jesus Christ our Lord . He has set me free ) (റോമാ 7 : 22 – 25). യേശുക്രിസ്തുവാണ് പ്രതിവിധി ! ക്രിസ്തുവിനു നമ്മിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ സാധിച്ചാൽ അവിടന്ന് ഇതു പരിഹരിക്കും. “പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥ ത്തിൽ സ്വതന്ത്രരാകും” (വി. യോഹ 8:36 ).

പരിശുദ്ധ മറിയം നിത്യസഹായിക

പരിശുദ്ധ മറിയം വഴി യേശുവിനു നമ്മെത്തന്നെ സമ്പൂർണമായി സമർപ്പിക്കുന്നതിന്റെ പ്രസക്തി എത്രയോ വലുതാണ് ! ഈ ഭക്തമുറവഴി, നമ്മുടെ ജീവിതത്തിനുള്ളിലേക്ക് യേശുവിനു വാതിൽ തുറന്നു കൊടുക്കുകയാണ് നാം ചെയ്യുന്നത്. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒരു മീൻ പാലും പിടിക്കാൻ മീൻ പിടിത്തത്തിൽ വിദഗ്ധരായ തങ്ങൾക്കായില്ല എന്ന് ഏറ്റുപറഞ്ഞുകൊണ്ട് യേശുവിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ശ്ലീഹാമാരെപ്പോലെ പ്രവർത്തിക്കുകയാണ് നാമിവിടെ. മരിയൻ സമർപ്പണത്തിനുള്ള ഈ ഒരുക്ക പ്രാർഥന ദിവസവും വിശ്വസ്തതയോടെ നടത്തുന്നപക്ഷം, നമ്മുടെ ജീവിതത്തിൽ സ്ഥായിയായ നവീകരണം സംഭവിക്കും.

കന്യകമറിയം വഴി ഈ മോചനത്തിനായി യേശുവിനെ സമീപിക്കുക എത്രയോ അർഥവത്താണ് കാനായിൽ വച്ച് യേശുവിനെ അവന്റെ രക്ഷാകരസമയത്തിലേക്കു മറിയമത്തെ നയിച്ചത് ? ആ കുടുംബത്തിന്റെ ദയനീയസ്ഥിതിയിൽ മനസ്സലിഞ്ഞ ആ അമ്മ, അതിലും വലിയ നമ്മുടെ ദുരവസ്ഥയിൽ – ചെയ്യാനാഗ്രഹിക്കാത്ത തിന്മ ചെയ്തുപോകുന്ന അവസ്ഥ – കരുണ തോന്നി നമുക്കുവേണ്ടി തന്റെ തിരുകുമാരന്റെ മുമ്പിൽ മധ്യസ്ഥത വഹിക്കാതിരിക്കുമോ ?

ബൈബിൾ വായന

” യേശുക്രിസ്തു എല്ലാ തിന്മകളിലും നിന്നു നമ്മ മോചിപ്പിക്കുന്നതിനും , സത്പ്രവൃത്തികൾ ചെയ്യുന്നതിൽ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മപ്രതി തന്നെത്തന്നെ ബലിയർപ്പിച്ചു ” (വി. തീത്തോസ് 2 : 14 ). ” യേശുക്രിസ്തുവിന്റെ ശരീരത്തിന്റെ അർപ്പണത്തിലൂടെ എന്നേക്കുമായി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ അവൻ ഏകസമർപ്പണംവഴി എന്നേക്കുമായി പരിപൂർണമാക്കിയിരിക്കുന്നു ” (ഹെബ്രാ 10 : 10,14 ).

✝️പതിനാലാം ദിവസത്തെ പ്രാർഥന

കർത്താവായ യേശുവേ, ഇച്ഛിക്കാത്ത തിന്മചെയ്ത് പോകുന്നതും ഇച്ഛിക്കുന്ന നന്മചെയ്യാൻ പറ്റാത്തതുമായ എന്റെ ദുർഭഗാവസ്ഥ അങ്ങേ സന്നിധിയിൽ ഞാൻ വേദനയോടെ സമർപ്പിക്കുന്നു. കർത്താവായ യേശുവേ, ഞാൻ ദുർഭഗനായ മനുഷ്യനാണെങ്കിലും അങ്ങയ്ക്ക് എന്നെ പൂർണമായി മോചിപ്പിക്കാനാകും എന്നു ഞാൻ ദൃഢമായി വിശ്വസിക്കുന്നു. വരപ്രസാദപൂർണയായ മറിയത്തിന്റെ സഹായത്താൽ ദിവ്യനാഥാ, ഇച്ഛിക്കാത്ത തിന്മ ചെയ്തുപോകുന്ന അവസ്ഥയിൽനിന്ന് ഇച്ഛിക്കുന്ന നന്മ ചെയ്യുന്ന അവസ്ഥയിലേക്ക് എന്നെ മോചിപ്പിക്കണമേ. സകലവിധ പാപസ്വഭാവങ്ങളിൽനിന്നും മോചിതമായി വിശ്വാസം, ശരണം, ഉപവി എന്നീ ദൈവികസുകൃതങ്ങളിൽ വളരാൻ ദൈവമാതാവിന്റെ സംരക്ഷണം എനിക്ക് നല്കണമേ. വിവേകം, നീതി, സ്ഥൈര്യം, മിതത്വം എന്നീ സന്മാർഗിക പുണ്യങ്ങൾ അഭ്യസിക്കാനുള്ള കൃപയ്ക്കായി അമ്മയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു, ആമേൻ.


✝️ സത്കൃത്യം. ✝️

യേശുവിന്റെ കുരിശുമരണത്തിന്റെ ശക്തിയെപ്പറ്റി അൽപ നേരം ധ്യാനിക്കുക.

************************************************************************************************************

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

DAY 1 പ്രതിഷ്ഠാ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം

DAY 9 പ്രതിഷ്ഠാ ഒരുക്കം

DAY 10 പ്രതിഷ്ഠാ ഒരുക്കം

DAY 11 പ്രതിഷ്ഠാ ഒരുക്കം

DAY 12 പ്രതിഷ്ഠ ഒരുക്കം

DAY 13 പ്രതിഷ്ഠ ഒരുക്കം

✝️MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY ✝️



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.