ആഗോള മലയാളി സമൂഹം പരിശുദ്ധ ദൈവമാതാവിൻ്റെ വിമലഹൃദയപ്രതിഷ്ഠയ്ക്കൊരുങ്ങുന്നു. (മരിയൻ സമ്പൂർണ്ണ സമർപ്പണം , July 16 – Aug 22)


ആഗോളതലത്തിൽ വിവിധ ദേശങ്ങളിലായിരിക്കുന്ന മലയാളി സമൂഹങ്ങളെയും അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളെയും പരിശുദ്ധ ദൈവമാതാവിൻ്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുവാനുള്ള ദൗത്യവുമായി മരിയൻ മിനിസ്ട്രിയും റോസറി കോൺഫ്രറ്റേർണിറ്റിയും കൈകോർക്കുന്നു.

അപ്പോള്‍, സ്വര്‍ ഗ്ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതിൽ അവിടുത്തെ
വാഗ്ദാനപേടകം കാണായി. സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ.അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ.ശിരസിൽ 12 നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം.
(വെളിപാട് 11:18 -12:1)

2021 ജൂലൈ 16 ന് കർമ്മലമാതാവിൻ്റെ തിരുനാൾ ദിനം ആരംഭിച്ച്‌ ആഗസ്റ്റ് 22 ന് പരിശുദ്ധ ദൈവമാതാവിൻ്റെ രാജ്ഞിത്വതിരുനാൾ ദിനം പ്രതിഷ്ഠ നടത്തുന്നു.സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ രാജ്ഞിത്വതിരുനാൾ ദിവസമായ ഓഗസ്റ്റ് 22ന് വലിയൊരു ഗണം ജനങ്ങൾ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെടുകയാണെങ്കിൽ നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും സാരമായ മാറ്റം സംഭവിക്കും എന്നും രാജ്ഞിത്വതിരുനാൾ ദിവസം നടക്കുന്ന വിമലഹൃദയപ്രതിഷ്ഠ വഴി “പുതിയ ഒരു യുഗം ഉദയം ചെയ്യും” എന്നും 1954-ൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ “സ്വർഗ്ഗറാണി” എന്ന ചാക്രിക ലേഖനത്തിലൂടെ പ്രഖ്യാപിക്കുന്നുണ്ട്.ആധുനിക കാലഘട്ടത്തിലെ ഒട്ടനവധി വിശുദ്ധാത്മാക്കളും ,നമ്മുടെ നാളുകളിൽ പരിശുദ്ധാത്മാഭിഷേകത്തോടെ ദൈവശുശ്രൂഷ ചെയ്യുന്ന സുപ്രസിദ്ധ ധ്യാനഗുരുക്കന്മാരും പ്രേഷിതരും തുടങ്ങി ലോകമാസകലം ആയിരക്കണക്കിനാളുകൾ മരിയൻ പ്രതിഷ്ഠയിലൂടെ തങ്ങളെതന്നെ ഈശോയ്ക്ക് സമ്പൂർണ്ണ സമർപ്പണം നടത്തിയിട്ടുള്ളവരാണ്

തിരുസഭയും മാനവകുലവും ആത്മീയവും ഭൗതീകവുമായ വിവിധ പ്രതിസന്ധികളെ നേരിടുന്ന ഇക്കാലഘട്ടത്തിൽ സ്വർഗ്ഗം ഏറ്റവും അധികംആഗ്രഹിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠയുടെ പ്രചാരം ഒരു പ്രേഷിത പ്രവർത്തിയായി ഏറ്റെടുത്ത് നിങ്ങളുടെ സ്വന്തത്തിലും ബന്ധത്തിലുമുള്ളവരെയും മരിയൻ സമ്പൂർണ്ണ സമർപ്പണത്തിലേക്ക് കൂട്ടിക്കൊണ്ടു വരുവാൻ ഏവരുടെയും സഹകരണം സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

ലോകമാസകലം പ്രചരിച്ചിട്ടുള്ളതും തിരുസഭ പരിപൂർണ്ണ ദണ്ഢവിമോചനം വാഗ്ദാനം ചെയ്തിട്ടുള്ളതുമായ വി. ലൂയിസ് ഡി മോൺഫോർട്ടിന്റെ പ്രതിഷ്ഠാക്രമമാണ് (33 ദിവസത്തെ ഒരുക്കം) ഉപയോഗിക്കുന്നത്. മരിയൻ മിനിസ്ട്രിയുടേയും റോസറി കോൺഫ്രറ്റേർണിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിമലഹൃദയപ്രതിഷ്ഠാ ഒരുക്കത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി വരും ദിവസങ്ങളിൽ മരിയൻ പത്രത്തിലും , വിമലഹൃദയ പ്രതിഷ്ഠയ്ക്കായി രാജ്യാന്തര തലത്തിൽ രൂപീകരിക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും (MARIAN CONFRATERNITY) അയച്ചുതരുന്ന അനുദിന പ്രതിഷ്ഠാ ഒരുക്ക വായനകളും പ്രാർത്ഥനകളും വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട് സമ്പൂർണ്ണ മരിയൻ സമർപ്പണത്തിനായി ഒരുങ്ങാവുന്നതാണ്.

തിരുസഭാ ചരിത്രത്തിൽ നാളിതുവരെ നിരവധി വിശുദ്ധരും മാർപാപ്പമാരുമടക്കം അനേകരെ വലിയ ദൈവീകാനുഭവങ്ങളിലേക്ക് നയിച്ച പരിശുദ്ധഅമ്മയുടെ വിമലഹൃദയ പ്രതിഷ്ഠയ്ക്കായി ലോകമാസകലമുള്ള മലയാളികൾക്ക്‌ അവസരമൊരുക്കുക എന്ന സ്വർഗ്ഗീയ ദൗത്യത്തിനായാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന മരിയൻ മിനിസ്ട്രിയും മരിയഭക്തിക്കും ജപമാല പ്രേഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആഗോള മരിയൻ പ്രസ്ഥാനമായ പരിശുദ്ധജപമാല സഹോദരസഖ്യവും ഒന്നിക്കുന്നത്.

( പരിശുദ്ധ മറിയത്തിൻ്റെ വിമല ഹൃദയത്തിൽ അഭയം പ്രാപിച്ചിരിക്കുന്ന ഈ മക്കളെ അവിടെ നിന്നും ആര് പിടിച്ചു മാറ്റും – വിശുദ്ധ റോബർട്ട് )

MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.