വണക്കമാസം മൂന്നാം ദിവസം; അമലോത്ഭവയായ പരിശുദ്ധ അമ്മ

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്വഭാവാതീതമായ ദൗത്യത്തിനു വേണ്ടിയാണ്. സ്വാഭാവിക നന്മകള്‍ക്കു പുറമേ ദൈവികമായ പ്രസാദവരങ്ങളും ദാനങ്ങളും വഴി അവിടുന്ന് ദൈവിക ജീവനില്‍ മനുഷ്യന് ഭാഗഭാഗിത്വം നല്‍കിയിരുന്നു. ആദിമാതാപിതാക്കള്‍ക്കു ലഭിച്ച ദൈവികദാനം കേവലം വ്യക്തിപരമായിരുന്നില്ല. മറിച്ച് അവരുടെ സന്താനപരമ്പരകള്‍ക്ക് അനുസ്യൂതമായി പ്രസ്തുത ദാനങ്ങള്‍ ലഭിക്കണമെന്നായിരുന്നു ദൈവികമായ പദ്ധതി. എന്നാല്‍ പാപം ചെയ്തതോടുകൂടി ഈ ദൈവീക ദാനം ആദിമ മാതാപിതാക്കന്‍മാര്‍ക്ക് നഷ്ടപ്പെട്ടു. അവരുടെ പാപഫലത്തില്‍ നാമും പങ്കാളികളായിത്തീര്‍ന്നു.

ആദിമാതാപിതാക്കന്‍മാരുടെ പാപഫലമായി നമുക്കുണ്ടായ ജന്മസിദ്ധമായ പാപമാണ് ഉത്ഭവപാപം. സാമാന്യാര്‍ത്ഥത്തില്‍, ഉത്ഭവപാപം നമ്മെ സംബന്ധിച്ചിടത്തോളം പാപമെന്നു പറയുവാന്‍ സാധ്യമല്ല. മനുഷ്യവര്‍ഗ്ഗത്തിലേക്ക് മാറ്റപ്പെട്ട ആദത്തിന്‍റെ പാപം മൂലം നമ്മുക്ക് സംഭവിച്ച ദുരവസ്ഥയാണ് ആത്മാവിലെ പ്രസാദവരരാഹിത്യാവസ്ഥ.

എല്ലാ മനുഷ്യരും ഉത്ഭവ പാപത്തോടു കൂടിയാണു ജനിക്കുന്നത് എന്നുള്ള വസ്തുത വി.ഗ്രന്ഥത്തില്‍ നിന്നും വ്യക്തമാകുന്നു. “ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും” (റോമ: 5:17).

പരിശുദ്ധ അമ്മ അമലോത്ഭവയാണെന്നുള്ളതിന്റെ തെളിവുകള്‍ വി.ഗ്രന്ഥത്തില്‍ സുലഭമാണ്. “നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവള്‍ നിന്‍റെ തലയെ തകര്‍ക്കും” (സൃഷ്ടി 3:15) എന്ന വാക്കുകളും ഗബ്രിയേല്‍ ദൂതന്‍റെ അഭിവാദ്യവും പ.കന്യകയുടെ അമലോത്ഭവത്തിനു തെളിവാകുന്നു. പിതാവായ ദൈവം മേരിയെ അതുല്യ ദാനങ്ങളാല്‍ സമലങ്കരിച്ചു. മറിയം അവളുടെ ജനനത്തില്‍ തന്നെ സകല വരപ്രസാദങ്ങളാലും സമലംകൃതയായിരുന്നു.

1854-ല്‍ പരിശുദ്ധ ഒമ്പതാം പീയൂസ് മാര്‍പാപ്പ, പരിശുദ്ധ കന്യകയുടെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. 1856-ല്‍ പരിശുദ്ധ കന്യക ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെട്ട് ഞാന്‍ അമലോത്ഭവയാകുന്നു എന്ന്‍ അരുളിച്ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഭൗതിക വാദത്തിനെതിരായിട്ടുള്ള ഒരു വെല്ലുവിളിയായിരുന്നു അത്.

നമ്മുടെ അനുദിന ജീവിതത്തില്‍ പാപസാഹചര്യങ്ങളും അപകടങ്ങളുമുണ്ട്. പരിശുദ്ധ അമ്മയുടെ പ്രിയപ്പെട്ട മക്കളായ നാം ഓരോരുത്തരും പരിശുദ്ധ കന്യകയുടെ അമലോത്ഭവത്തില്‍ അഭിമാനിക്കുകയും പാപരഹിതമായ ജീവിതം അനുവര്‍ത്തിക്കുകയും ചെയ്യണം. നമുക്ക് ജ്ഞാനസ്നാനത്തിലൂടെ ഉത്ഭവപാപത്തില്‍ നിന്ന്‍ മോചനം ലഭിക്കുന്നുണ്ട്. എന്നാല്‍ കര്‍മ്മപാപത്തില്‍ നിന്നും ദൈവസഹായത്താല്‍ വിമുക്തി പ്രാപിക്കേണ്ടതാണ്. അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥം അതിനു സഹായകരമായിരിക്കും.

സംഭവം

വിശ്വപ്രസിദ്ധമായ ലൂര്‍ദ്ദ് ഇന്ന് ഒരു അത്ഭുത കേന്ദ്രമാണ്. അനുദിനം അനേകം അത്ഭുതങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഫ്രാന്‍സിലെ ഒരു ഡോക്ടറായ അലോക്സിസ്കാറല്‍ ഒരു നിരീശ്വരവാദിയായിരിന്നു. ഒരിക്കല്‍ ഒരു ക്ഷയരോഗ ബാധിതനെ ചികിത്സിച്ചു കൊണ്ടിരുന്ന അലോക്സിസ്കാറല്‍ അയാളുടെ രോഗവിമുക്തി അസാദ്ധ്യമാണെന്നും വിധിച്ചു. പക്ഷെ ആ രോഗി ലൂര്‍ദ്ദിലേക്കു ഒരു തീര്‍ത്ഥാടനം നിര്‍വഹിക്കുകയാണ്‌ ചെയ്തത്. അവിടെ നിന്നും തിരിച്ചെത്തിയ രോഗി രോഗത്തില്‍ നിന്നും പരിപൂര്‍ണ്ണസൗഖ്യം പ്രാപിച്ചു.

താന്‍ മരണം ഉറപ്പാക്കിയ വ്യക്തിക്ക് സംഭവിച്ച രോഗമുക്തി പരിശുദ്ധ അമ്മ പ്രവര്‍ത്തിച്ച അത്ഭുതമാണെന്ന് അലോക്സിസ് കാറല്‍ അംഗീകരിക്കുകയുണ്ടായി. ഇതേ തുടര്‍ന്നു, ഫ്രഞ്ച് യുക്തിവാദികളുടെ സംഘം അദ്ദേഹത്തെ അവരുടെ സംഘടനയില്‍ നിന്നും ബഹിഷ്കരിച്ചു. എങ്കിലും ഈ അത്ഭുതം അദ്ദേഹം നിഷേധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ചെന്ന് വൈദ്യശാസ്ത്ര ഗവേഷണങ്ങളിലേര്‍പ്പെട്ട അദ്ദേഹം നോബല്‍ സമ്മാനാര്‍ഹനായി.

പ്രാര്‍ത്ഥന

ദൈവമേ, അങ്ങ് പരിശുദ്ധ കന്യകാ മറിയത്തെ അമലോത്ഭവം എന്ന സുവിശേഷ ദാനത്താല്‍ അലങ്കരിക്കുകയുണ്ടായല്ലോ. ഞങ്ങള്‍ അങ്ങേയ്ക്ക് കൃതജ്ഞത പറയുന്നു. അമലോത്ഭവ ജനനീ അങ്ങ് പാപരഹിതമായ ജന്മത്തെ അത്യധികം വിലമതിക്കുന്നതായി ഞങ്ങളെ അറിയിച്ചു. അമലോത്ഭവ നാഥേ, പാപരഹിതമായ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ആത്മശരീര വിശുദ്ധി ഞങ്ങളെ അവിടുത്തേക്ക് പ്രിയങ്കരമായി തീര്‍ക്കുന്നു എന്ന്‍ ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങള്‍ക്ക് അതിനുള്ള ദാനങ്ങള്‍ ദിവ്യസുതനില്‍ നിന്നും പ്രാപിച്ചു തരണമേ.

എത്രയും ദയയുള്ള മാതാവേ!

ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ലുത്തിനിയ

പരിശുദ്ധ രാജ്ഞി…

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

അമലോത്ഭവജനനീ, മാലിന്യം കൂടാതെ ഞങ്ങളെ കാത്തുകൊള്ളണമേ.  



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.