വത്തിക്കാന്‍ സിറ്റി: യുക്രെയ്നില്‍ സമാധാനം പുലരുന്നതിന് വേണ്ടി വത്തിക്കാനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കര്‍ദിനാള്‍ പെട്രോ പരോലിനാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. യുക്രെയ്ന് യുദ്ധം പ്രാഥമികമായി ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ആത്മീയമായ ഒന്നാണെന്നും പ്രാര്‍ത്ഥനയ്ക്ക് ഹൃദയങ്ങളെയും മനസ്സുകളെയും മാറ്റം വരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ സിംഹാസനത്തിലേക്കുളള റഷ്യന്‍ അംബാസിഡറും കുര്‍ബാനയില്‍ പങ്കെടുത്തു. സമാധാനം സ്ഥാപിക്കുന്നവര്‍ ദൈവമക്കളെന്ന് വിളിക്കപ്പെടും എന്ന സുവിശേഷഭാഗ്യം കര്‍ദിനാള്‍ പരോലിന് അനുസ്മരിച്ചു.
പ്രാര്‍ത്ഥന ഒരിക്കലും പ്രയോജനരഹിതമായി തീരുകയില്ലെന്നും നിരാശാജനകമായ നിമിഷങ്ങളില്‍ പ്രാര്‍ത്ഥന ഏറെ ഫലദായകമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. ഞാന്‍ നിനക്ക് പുതിയൊരു ഹൃദയം നല്‍കും പുതിയൊരു ചൈതന്യം നിന്നില്‍ നിക്ഷേപിക്കും എന്ന എസെക്കിയേല്‍ പ്രവാചകന്റെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു.
വത്തിക്കാനുമായി നയന്ത്രബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളുടെ അംബാസിഡര്‍മാരുടെ അപേക്ഷയെ തുടര്‍ന്നാണ് യുക്രെയ്നിലെ സമാധാനത്തിന് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. 183 രാജ്യങ്ങളുമായി വത്തിക്കാന്‍ നയതന്ത്രബന്ധം പുലര്‍ത്തുന്നുണ്ട്.