യുക്രെയ്‌നിലെ കോണ്‍വെന്റുകളില്‍ നിന്നുയരുന്നത് ദിവ്യകാരുണ്യാരാധനയും ജപമാലയും കരുണയുടെ ജപമാലയും

അപായമണികള്‍ ചുറ്റിനും ഉയരുമ്പോഴും അതൊന്നും വകവയ്ക്കാതെ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയാണ് യുക്രെയ്‌നിലെ കന്യാസ്ത്രീകള്‍. അവര്‍ ദൈവത്തില്‍ ശരണം വച്ചിരിക്കുന്നു. ദൈവത്തില്‍ ആശ്രയം കണ്ടെത്തിയിരിക്കുന്നു. ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റര്‍ സെര്‍വന്റ് ഓഫ് ദ ക്രോസിലെ കന്യാസ്ത്രീകളാണ് ഇപ്രകാരം പ്രാര്‍ത്ഥനയില്‍ അഭയം തേടിയിരിക്കുന്നത്.

തുടക്കം മുതല്‍ അന്തരീക്ഷം വളരെ സംഘര്‍ഷഭരിതമായിരുന്നുവെന്ന് സിസ്റ്റര്‍ കരോലിന ഒരു അഭിമുഖത്തില്‍ പറഞ്ഞു. എങ്കിലും ഫെബ്രുവരി 24 ന് രാവിലെ അഞ്ചുമണിക്കാണ് അതിന്റെ രൂക്ഷത കൃത്യമായിതിരിച്ചറിഞ്ഞത്.വിമാനങ്ങള്‍ കോണ്‍വെന്റിന് മുകളിലൂടെ പോയിത്തുടങ്ങിയതോടെ ഞങ്ങള്‍ വലിയ നടുക്കത്തിലായി. മോശമായിട്ടെന്തോ സംഭവിച്ചിരിക്കുന്നുവെന്ന് മനസ്സിലായി. വൈകാതെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് മനസ്സിലായി.

ഞങ്ങള്‍ നേരെ ചാപ്പലിലേക്കാണ് പോയത്. പ്രത്യേകമായിട്ടുള്ള പ്രാര്‍ത്ഥന ആരംഭിച്ചു. ദിവ്യകാരുണ്യം ചാപ്പലില്‍ നിന്ന് ഞങ്ങള്‍ എടുത്തുകൊണ്ടുവന്നു. കോണ്‍വെന്റിന്റെ താഴത്തെ നിലയിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്. അവിടെയിരുന്നാണ് ഇപ്പോള്‍ ഞങ്ങളുടെ പ്രാര്‍ത്ഥന. ദിവ്യകാരുണ്യാരാധനയും ജപമാലയും കരുണയുടെ ജപമാലയും ചൊല്ലി യുക്രെയ്‌ന്റെ സമാധാനത്തിന് വേണ്ടി ലോകമഹായുദ്ധം ഉണ്ടാവാതിരിക്കാന്‍ വേണ്ടിയുളള പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍.

സൈറണ്‍ നിലച്ച നേരത്ത് ഞങ്ങള്‍ തെരുവിലേക്കിറങ്ങി. ഞങ്ങളുടെ പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ സുരക്ഷിതരാണോയെന്ന് അറിയണമല്ലോ. കഴിയുന്നത്ര എല്ലാവരെയും ഞങ്ങള്‍ സഹായിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും സുരക്ഷിതരായി കഴിയണമെന്നുണ്ടെങ്കില്‍ അതിനായി വൈദികര്‍ ദേവാലയങ്ങള്‍ തുറന്നുകൊടുത്തിട്ടുണ്ട്.

ഞങ്ങള്‍ക്കറിയാം ഞങ്ങളുടെ ജീവിതം ദൈവത്തെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നതെന്ന്…ഞങ്ങള്‍ ദൈവത്തില്‍ ശരണം തേടുന്നു. അതുകൊണ്ട് തന്നെ മറ്റൊരിടത്തേക്കും ഞങ്ങള്‍ ഓടിപ്പോകുന്നുമില്ല. ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കുന്നു. വലിയ തോതില്‍ ഐക്യം ഞങ്ങള്‍ കാണുന്നു. എന്തിനാണ് റഷ്യ ഞങ്ങളെ ആക്രമിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല, തിന്മയാണ് ഇത് ചെയ്യിക്കുന്നത്. അതുകൊണ്ട് റഷ്യയുടെ മാനസാന്തരത്തിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധ അമ്മ റഷ്യയ്ക്ക് മാനസാന്തരം നല്കും. സിസ്റ്റര്‍ അഭിമുഖത്തില്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.