വിദേശത്തും സ്വദേശത്തും കഴിയുന്ന പല മാതാപിതാക്കളുടെയും നിശ്ശബ്ദമായ വേദനകളിലൊന്ന് മക്കളുടെ വഴിതെറ്റലാണ്. വിശ്വാസജീവിതത്തില്‍ സ്ഥിരതയോടെ ജീവിക്കുമ്പോഴും തങ്ങളുടെ മക്കള്‍ പ്രാര്‍ത്ഥനയും പള്ളിയും കൂദാശകളും ഇല്ലാതെ ജീവിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സമൂഹത്തിന്റെ പുച്ഛവും പരിഹാസവും നിന്ദനങ്ങളും അവരുടെ ഹൃദയത്തെ വല്ലാതെ മുറിവേല്പിക്കുന്നുണ്ട്.
സ്വന്തം മക്കളെ നന്നാക്കിയിട്ട് മതി ബാക്കിയുള്ളവരെ എന്നുപോലും ചിലര്‍ പറഞ്ഞുകളഞ്ഞെന്നും വരാം. ദൈവപ്രമാണങ്ങള്‍ അനുസരിച്ച് തങ്ങള്‍ ജീവിക്കുമ്പോഴും എന്തുകൊണ്ടാണ് തങ്ങളുടെ മക്കള്‍ വഴിതെറ്റിജീവിക്കുന്നതെന്ന ചോദ്യത്തിന് പല മാതാപിതാക്കള്‍ക്കും കൃത്യമായ ഉത്തരം കിട്ടണമെന്നില്ല. ഇത്തരത്തിലുളള വഴിതെറ്റല്‍ സാത്താന്റെ കുടിലതന്ത്രമാണ്. ആത്മീയതയില്‍ ജീവിക്കുന്ന മാതാപിതാക്കളുടെ സ്വച്ഛതയും സമാധാനവും നഷ്ടപ്പെടുത്താനായിട്ടാണ് സാത്താന്‍ മക്കളുടെ മേല്‍ കൈ വയ്ക്കുന്നത്.
മക്കളിലൂടെ മാതാപിതാക്കളുടെ ആത്മീയതയും തകര്‍ക്കുക. ഈ കുടിലതന്ത്രം മനസ്സിലാക്കി സാത്താനെതിരെ പോരാടേണ്ടവരാണ് നമ്മള്‍. അതിന് നമ്മുക്ക് ഏറ്റവും സഹായമായിട്ടുള്ളത് വചനമാണ്. തിരുവചനം പറഞ്ഞ് നാം മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. കര്‍ത്താവേ അങ്ങ് നല്കിയ വചനത്തിന്റെ യോഗ്യതകളാല്‍ എന്റെ മകനെ/ മകളെ നേര്‍വഴിയിലേക്ക് നയിക്കണേ എന്ന് നമുക്ക് വിശ്വാസത്തോടെ പ്രാര്‍തഥിക്കാം.
നമ്മള്‍ ദൈവത്തിന്റെ മക്കളാണ്. മക്കള്‍ ചോദിച്ചാല്‍ അപ്പനായ ദൈവത്തിന് നിഷേധിക്കാനാവില്ല. അങ്ങനെയൊരു വിശ്വാസത്തോടെ, നമ്മുടെ മക്കളുടെ ആത്മീയമായ രക്ഷയ്ക്കും ഭൗതികമായ നന്മയ്ക്കും വേണ്ടി ഈ തിരുവചനം പറഞ്ഞ് നമുക്ക് പ്രാര്‍ത്ഥിക്കാം:
ഭയപ്പെടേണ്ട ,ഞാൻ നിന്നോട് കൂടെയുണ്ട് .കിഴക്കുനിന്ന് നിന്റെ സന്തതിയെ ഞാൻ കൊണ്ടുവരും;പടിഞ്ഞാറു നിന്ന് നിങ്ങളെ ഒരുമിച്ച് കൂട്ടും.വടക്കിനോട് വിട്ടുകൊടുക്കുക എന്നും തെക്കിനോട് തടയരുത് എന്നും ഞാൻ ആജ്ഞാപിക്കും .ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിർത്തികളിൽ നിന്ന് പുത്രിമാരെയും കൊണ്ടുവരുവിൻ. (ഏശയ്യാ 43 : 5 – 6 )
നിന്നോട് പോരാടുന്നവരോട് ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും (ഏശയ്യാ 49 : 25 )