യൗസേപ്പിതാവിനെ പല രീതിയിലും പ്രലോഭിപ്പിക്കാനും പരാജിതനാക്കാനും സാത്താന്‍ ശ്രമിച്ചിരുന്നതായി വിശുദ്ധന്‍ നല്കിയ സ്വകാര്യവെളിപാടുകള്‍ പലതും വ്യക്തമാക്കുന്നു. തനിക്ക് നഷ്ടപ്പെട്ടുപോയ സമ്പത്തിനെപ്രതി മനസ്സില്‍ നിരാശയും ഇച്ഛാഭംഗവും സൃഷ്ടിക്കാനായും അതുപോലെ തന്നെ സമ്പത്തിലേക്ക് മനസ്സിനെ പതിപ്പിക്കാനുമായിരുന്നു അതിലൊരു ശ്രമം.
പക്ഷേ ദൈവത്തിന്റെ കൃപ മാത്രം മതി തനിക്കെന്നും അതില്‍ താന്‍ സന്തോഷവാനും സംതൃപ്തനുമാണെന്നും ജോസഫ് സധൈര്യം പ്രഖ്യാപിച്ചു. ജോസഫിന്റെ ഈ ധീരമായ പ്രഖ്യാപനം സാത്താനെ അപമാനിതനും ലജ്ജിതനുമാക്കി. അതുകൊണ്ട് വീണ്ടും ജോസഫിനെ മറ്റ് പലരീതിയിലും കുടുക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരുന്നു.പക്ഷേ ജോസഫ് അതിനെ നേരിട്ടത് പ്രാര്‍ത്ഥനയിലൂടെയായിരുന്നു.പ്രത്യേകിച്ച് സങ്കീര്‍ത്തന ഭാഗങ്ങള്‍.
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിന്റെകോട്ടയാണ്. ഞാന്‍ ആരെ പേടിക്കണം( സങ്കീര്‍ത്തനങ്ങള്‍ 27:1-2)
മരണത്തിന്റെ നിഴല്‍ വീണ താഴ് വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല( സങ്കീര്‍ത്തനങ്ങള്‍ 23:4)
എന്നീ ഭാഗങ്ങളായിരുന്നു ജോസഫ് കൂടുതലായി പ്രാര്‍ത്ഥിച്ചിരുന്നത്. ജീവിതത്തില്‍ നാം നേരിടുന്ന പല പ്രലോഭനങ്ങളിലും ആശങ്കകളിലും ഈ സങ്കീര്‍ത്തനഭാഗങ്ങള്‍ നമുക്കും പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ സാന്നിധ്യം നമ്മുടെ ഭയങ്ങളെയും പ്രലോഭനങ്ങളെയും ഇല്ലാതാക്കുകയും ചെയ്യും.
( അവലംബം: വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്ര)