കോവിഡ് 19 സാമൂഹ്യഅകലം കൊണ്ട് പ്രതിരോധിക്കാം. സമയത്ത് ചികിത്സ കിട്ടിയാല്‍ സുഖപ്പെടും. പക്ഷേ ഞങ്ങളുടെ ജീവിതത്തിന്റെ മേല്‍ കരിനിഴല്‍ പടര്‍ത്തുന്ന ഈ വൈറസ് മരണത്തെക്കാള്‍ ഭയാനകമാണ്.
മാനന്തവാടിയിലെ സിസ്റ്റര്‍ ആന്‍സി പോള്‍ എസ് എച്ച് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്ത് എന്ന ശീര്‍ഷകത്തില്‍ ദീപിക ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വരികളാണിത്. തിരുവല്ലയിലെ സന്യാസാര്‍ത്ഥിനി ദിവ്യപി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലുമുള്ള മലീമസമായ അഭിപ്രായപ്രകടനങ്ങളുടെയും തെറ്റിദ്ധാരണജനിപ്പിക്കുകയും സന്യാസസമൂഹത്തെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്ന എഴുത്തുകളുടെയും പശ്ചാത്തലത്തിലാണ് സിസ്റ്റര്‍ കത്തെഴുതിയിരിക്കുന്നത്.
സമര്‍പ്പിതരായ ഞങ്ങളുടെ ജീവിതനിയോഗത്തെയും സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന ജീവിതാന്തസിനെയും എത്ര വികലവും വിരൂപവുമായിട്ടാണ് ചിലര്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആശ്രമങ്ങളെ വേശ്യാലയങ്ങളെന്ന് മുദ്രകുത്തി, പറയാന്‍ പോലും അറപ്പുതോന്നുന്ന അശ്ലീലഭാഷയില്‍ ഞങ്ങളുടെ ജീവിതത്തെ വികലമായി ചിത്രീകരിച്ചു… ഇതൊക്കെ കേട്ട് ഹൃദയം തകര്ന്നുകരയുന്ന മാതാപിതാക്കള്‍ ഞങ്ങള്‍ക്കുണ്ട്. ഒന്നോ രണ്ടോ കുടുംബമല്ല ലോകത്ത് 40 ലക്ഷത്തോളമുണ്ട് സമര്‍പ്പിതരുടെ കുടുംബങ്ങള്‍. ജീവിക്കാന്‍ വകയില്ലാത്ത കുടുംബത്തില്‍ നിന്ന് നിര്‍വാഹമില്ലാതെ ഇറങ്ങിയവരുമല്ല, കൊറോണയെക്കാള്‍ ഭീകരമായ രോഗം ഉള്ളില്‍ കൊണ്ടുനടക്കുന്ന ചിലര്‍ എഴുതിയിരിക്കുന്നതുപോലെ കത്തോലിക്കാപിതാക്കന്മാര് നട തള്ളിയതുമല്ല….. ഇങ്ങനെ പോകുന്നു സിസ്റ്റര്‍ ആന്‍സിയുടെ കത്തിലെ വരികള്‍.
കൊറോണ രോഗത്തെ തടയാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും മറുനാട്ടില്‍ ഒറ്റപ്പെട്ടുപോയ പ്രവാസികളെ സ്വന്തം മണ്ണിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കിയതും ഈ നാട്ടില്‍ തൊഴിലാളികളായി കടന്നുവന്ന അന്യസംസ്ഥാനക്കാര്‍ക്ക് കരുണയോടെ പരിരക്ഷ നല്കിയതും സര്‍ക്കാരിന്റെ മനുഷ്യസ്നേഹത്തിന്റെ തെളിവുകളാണെന്ന് പറഞ്ഞ് തുടങ്ങുന്ന കത്ത്, സമര്‍പ്പിതജീവിതത്തെ കളങ്കപ്പെടുത്തുന്ന പ്രചരണങ്ങള്‍ നടത്തുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.