വിചാരിച്ചതു പോലെ കാര്യങ്ങൾ നടക്കുന്നില്ലേ? എങ്കിൽ പ്രാർത്ഥനയുടെ രീതി ഒന്ന് മാറ്റിയാലോ.?


വിവിധ ആവശ്യങ്ങളുമായി നിരന്തരം പ്രാർത്ഥിക്കുന്നവരാണ് നമ്മൾ. എന്നാൽ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കുന്നില്ല.. എങ്കിൽ പ്രാർത്ഥനയുടെ രീതി ഒന്ന് മാറ്റിയാൽ മാത്രം മതി.. ഫലം പ്രതീക്ഷിച്ചതിലും വേഗം ലഭിക്കും.

1. തനിക്കു വേണ്ടി മാത്രം പ്രാർത്ഥിക്കുന്ന രീതി മാറ്റി  സമാനമായ പ്രയാസം അനുഭവിക്കുന്ന മറ്റുള്ളവർക്കു വേണ്ടി കൂടി പ്രാർത്ഥിക്കുക.”ജോബ്‌ തന്‍െറ സ്‌നേഹിതന്‍മാര്‍ക്കുവേണ്ടി പ്രാര്‍ത്‌ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ്‌ തിരിയെക്കൊടുത്തു. അവിടുന്ന്‌ അത്‌ ഇരട്ടിയായിക്കൊടുത്തു ” (ജോബ്‌ 42 : 10).

2. യേശു പഠിപ്പിച്ചതു പോലെ പ്രാർത്ഥിക്കുക..  എന്റെ പിതാവേ എന്നല്ല ഞങ്ങളുടെ പിതാവേ എന്നാണ് ഈശോ അഭിസംബോധന ചെയ്യുക. ഞങ്ങൾ എന്നു പറയണമെങ്കിൽ കുറഞ്ഞത് രണ്ടു പേരെങ്കിലും ഉണ്ടാവണം. യേശു പഠിപ്പിച്ച പ്രാർത്ഥനയിൽ എട്ടു തവണ ഞങ്ങൾ എന്ന് ആവർത്തിച്ചു വരുന്നുണ്ട് . പ്രാർത്ഥനയിൽ മറ്റുള്ളവരെക്കൂടി ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇവിടെ വ്യക്തമാക്കുന്നു. മാത്രമല്ല യേശു ഞങ്ങളുടെ പിതാവേ എന്ന് വിളിക്കുമ്പോൾ പ്രാർത്ഥിക്കുന്ന വ്യക്തിയോടൊപ്പം ഈശോകൂടിയുള്ള ഒരനുഭവം ഉണ്ടാവണം. അതിന് ഈശോ പറയുന്ന കാര്യങ്ങൾ നാം പാലിക്കണം.”നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.”(മത്തായി 6 : 9 )

3. രണ്ടുപേർ  ഒന്നിച്ചു ചോദിക്കുന്ന കാര്യം ഈശോ വഴി പിതാവ് സാധ്യമാക്കി തരും എന്നു പറയുമ്പോൾ, നാം പ്രാർത്ഥിക്കുന്നതെല്ലാം തന്നെ നമ്മുടെ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഒന്നുകിൽ മാതാപിതാക്കളുടെ, അല്ലെങ്കിൽ മക്കളുടെ, അതുമല്ലെങ്കിൽ കുടുംബത്തിന്റെ പൊതുവായ നന്മ ലക്ഷ്യമാക്കിയാണ്. അങ്ങനെയെങ്കിൽ പ്രാർത്ഥിക്കാൻവേണ്ടി വേറൊരാളെ തപ്പി പോകേണ്ട ആവശ്യമില്ല. കുടുംബത്തിന്റെ ആവശ്യത്തിനുവേണ്ടി ഭാര്യയും ഭർത്താവും ഒന്നുചേർന്ന് പ്രാർത്ഥിച്ചാൽ അവിടെ ഫലം ഉണ്ടാകും. മക്കളുടെ കാര്യമാണെങ്കിൽ മാതാപിതാക്കളും മക്കളും ഒരേമനസ്സോടെ പ്രാർത്ഥിച്ചാൽ അവിടെ ഫലം ഉണ്ടാകും. ഇവിടെ വേണ്ട മിനിമം യോഗ്യത ഒരേ മനസ്സോടെ പ്രാർത്ഥിക്കണം എന്നതുമാത്രമാണ്.
 

മുതിർന്നവർ പറയുന്ന ചൊല്ലും ഇതിനോട് ചേർന്ന് പോകുന്നു. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം. പ്രാർത്ഥനയുടെ കാര്യത്തിലും ഇത് നൂറുശതമാനം യാഥാർത്ഥ്യമാണ്.” നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിറവേറ്റിത്തരും.എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്‍െറ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത്‌ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും “(മത്തായി 18 : 19-20).

4. സ്വന്തം വഴിക്ക് ദൈവത്തെ കൊണ്ടുവരാനല്ല. ദൈവത്തിന്റെ തീരുമാനം നടപ്പിലാക്കാൻ വേണ്ടിയാകണം പ്രാർത്ഥന.. “അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ “(മത്തായി 6 : 10).

5. ക്ഷമിച്ച് പ്രാർത്ഥിക്കണം. വെറുപ്പും വിദ്വേഷവും വൈരാഗ്യവും മനസ്സിൽ വച്ച് പ്രാർത്ഥിച്ചാൽ ഫലമുണ്ടാകില്ല.”ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്‌ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്‌ഷമിക്കണമേ “(മത്തായി 6 : 12).

6. പാപത്തിന്റെ, തിന്മയുടെ ബന്ധനത്തിൽ നിന്ന് പ്രാർത്ഥിച്ചാൽ ഫലം കിട്ടുകയില്ല.. പാപകരമായ ജീവിതമാണ് നയിക്കുന്നതെങ്കിൽ അത് പൂർണ്ണമായി ഉപേക്ഷക്കണം. “ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്‌ഷിക്കണമേ”(മത്തായി 6 : 13 ).

7. പരിശുദ്ധാത്മാവിന്റെ ആലയമായ ശരീരത്തെ നശിപ്പിക്കുന്ന രീതിയിൽ ദുഷ്ടാന്മാവിന്റെ പ്രവർത്തനത്തിൽ നിന്നു കൊണ്ട് പ്രാർത്ഥിച്ചാൽ ഫലം കിട്ടില്ല. ശീലമാക്കിയിട്ടുള്ള നൈമിഷിക സുഖം മാത്രം തരുന്നതും ശരീരത്തെയും മനസ്സിനെയും നിത്യമായി നശിപ്പിക്കുന്നതുമായ ലഹരികൾ പൂർണ്ണമായി ഉപേക്ഷിക്കണം.
“രണ്ട്‌ യജമാനന്‍മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്‌ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല”(മത്തായി 6 : 24).

8. പാപികളെ മാനസാന്തരത്തിലേക്ക് നയിക്കാനാണ് ദൈവപുത്രൻ മനുഷ്യനായതെങ്കിലും യാതൊരനുതാപവുവില്ലാതെ പാപത്തിൽ കഴിയുന്നവർ പ്രാർത്ഥിച്ചാൽ പ്രതിക്ഷിച്ച ഫലം ഉണ്ടാകുകയില്ല.”ദൈവം പാപികളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍െറ പ്രാര്‍ഥന ദൈവം ശ്രവിക്കുന്നു.”(യോഹന്നാന്‍ 9 : 31).

9. അത്യാഗ്രഹത്തോടെ പ്രാർത്ഥിക്കരുത്… അത്തരം പ്രാർത്ഥനകളും ദൈവം അനുവദിച്ചു തന്നു എന്നു വരികില്ല..”അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ.”(മത്തായി 6 : 11 ).

10. അനുഗ്രഹിച്ച് പ്രാർത്ഥിക്കണം…”പിതാവിന്‍െറ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും. (പ്രഭാഷകന്‍ 3 : 9 ). തന്നെപ്പോലെ മറ്റുള്ളവരെയും അനുഗ്രഹിച്ച് പ്രാർത്ഥിക്കണം.”കര്‍ത്താവേ, അവനെ അനുഗ്രഹിച്ചു സമ്പന്നനാക്കണമേ! പ്രയത്‌നങ്ങളെ ആശീര്‍വദിക്കണമേ “(നിയമാ 33 :

11 ). അത് ദൈവത്തിന്റെ ഹിതമാണ്.”ഇതാ അനുഗ്രഹിക്കാന്‍ എനിക്ക്‌ ആജ്‌ഞ ലഭിച്ചു. അവിടുന്ന്‌ അനുഗ്രഹിച്ചു; അതു പിന്‍വലിക്കാന്‍ ഞാനാളല്ല “(സംഖ്യ 23 : 20). ലഭിച്ചു എന്ന ഉറപ്പോടെ തന്നെ അനുഗ്രഹിക്കണം.”വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശ്വാസത്താല്‍ ഇസഹാക്ക്‌ യാക്കോബിനെയും ഏസാവിനെയും അനുഗ്രഹിച്ചു “(ഹെബ്രായര്‍ 11 : 20).

12. യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കണം. “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍െറ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.ഇതുവരെ നിങ്ങള്‍ എന്‍െറ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും.”(യോഹന്നാന്‍ 16 : 23-24).

13. നന്ദി പറഞ്ഞ് പ്രാർത്ഥിക്കണം.”യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ്‌ എന്‍െറ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു”(യോഹന്നാന്‍ 11 : 41).
സ്വർഗ്ഗീയ പിതാവ് തന്റെ മക്കളെല്ലാം അനുഗ്രഹ പൂരിതമായ ജീവിതം നയിക്കണം എന്നാഗ്രഹിക്കുന്നവനാണ്. 
റേഷൻ കാർഡിൽ പേരുണ്ടായതു കൊണ്ടു മാത്രം ഒരാൾക്ക് വിദേശത്ത് പോകാൻ കഴിയില്ല. പാസ്പോർട്ട്, വിസ, എൻഒസി തുടങ്ങി വിവിധ നിബന്ധനകൾ പാലിക്കപ്പെടണം..
എന്നതുപോലെ മാമ്മോദീസ മുങ്ങിയെന്നതുകൊണ്ടോ. ജപമാല കഴുത്തിലണിഞ്ഞതുകൊണ്ടോ ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കില്ല.. വ്യക്തമായ ചില നിബന്ധനകൾ യേശു തന്റെ ശിഷ്യൻമാർക്ക് (ക്രിസ്ത്യാനികൾക്ക്‌) നൽകുന്നുണ്ട്.. അത് ശരിയായി പാലിക്കുമ്പോൾ മറ്റു കാര്യങ്ങളും ശരിയാക്കപ്പെടും..

1 .അനുതപിച്ച്, 2. പാപങ്ങൾ ഏറ്റുപറഞ്ഞ് കുമ്പസാരിച്ച്, 3. മനസ്സും ശരീരവും ശുദ്ധമാക്കി, 4. മനപ്പൂർവ്വമുള്ള പാപങ്ങൾ ഇല്ലാത്ത ജീവിതം നയിക്കുകയും, 5. ദിവ്യബലിയിൽ പങ്കെടുത്ത്  യോഗ്യതയോടെ വിശുദ്ധ കുർബാന സ്വീകരിക്കുകയും, 6. മറ്റുള്ളവരുമായി സമാധാനത്തിൽ വസിക്കുകയും, 7. അതിന്റെ സത്ഫലങ്ങൾ കുടുംബത്തിൽ പകരുകയും, 8. ദൈവത്തിന്റെ ആലയമായ സ്വന്തം ശരീരത്തെ മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കൾ, വഴിവിട്ട ലൈംഗിക, മ്ളേച്ഛ പാപങ്ങളിൽ അടിപ്പെടാതെ ശുദ്ധമായി സൂക്ഷിച്ച്,9. അനുദിനം പരിശുദ്ധ അമ്മയോടൊപ്പം ജപമാലയുൾപ്പെടെ കുടുംബ പ്രാർത്ഥന ചൊല്ലുകയും, 10. യേശുവിനെപ്പോലെ നന്ദി നിറഞ്ഞ മനസ്സോടുകൂടി പ്രാർത്ഥനാ ജീവിതം നയിക്കുകയും എല്ലാ വ്യക്തികൾക്കും സ്വർഗ്ഗീയ പിതാവിൽ നിന്നുള്ള അനുഗ്രഹങ്ങൾ അനുദിനം ലഭിക്കും..

പ്രേംജി മുണ്ടിയാങ്കൽ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.