നോമ്പുകാലം സമാധാനം കണ്ടെത്താനും ആത്മീയമായി പുനരുജ്ജീവനത്തിനുമുള്ള അവസരമാണ്. സമാധാനം കണ്ടെത്താനും ആത്മീയമായി പുനരുജ്ജീവനത്തിനും ഈ അവസരത്തില്‍ നമ്മെ സഹായിക്കുന്നത് ഈശോയുടെ തിരുഹൃദയമാണ്. കാരണം ഈശോ തന്റെ പീഡാസഹനങ്ങളുടെ വേളയില്‍ ഒരിക്കലും പരാതിപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്തിട്ടില്ല. സഹനശക്തിയും ക്ഷമയും ദീനാനുകമ്പയും നാം കൂടുതലായി ആര്‍ജ്ജിക്കേണ്ടത് നോമ്പുകാലത്താണ്. അതിന് നമുക്ക് ശക്തി നല്കുന്നത് ഈശോയുടെ തിരുഹൃദയമാണ്.
ഈശോയുടെ തിരുഹൃദയത്തെ നോക്കി നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുക,
ഓ എന്റെ ദിവ്യനാഥാ, എന്റെ പ്രിയപ്പെട്ട ഈശോയേ നിന്റെ തിരുഹൃദയത്തെ നോക്കി ജീവിക്കാന്‍ എനിക്ക് ശക്തി നല്കണമേ. ജീവിതത്തിലെ പ്രയാസമേറിയ നിമിഷങ്ങളില്‍ സഹനശീലതയോടെ പെരുമാറാനും സഹനങ്ങളില്‍ മനം പതറാതിരിക്കാനും എന്നെ സഹായിക്കണമേ. പരാതിപ്പെടുന്ന ദുശ്ശീലങ്ങളില്‍ നിന്ന് എന്നെ മുക്തനാക്കണേ. അനുദിനജീവിതത്തില്‍ ഞാന്‍ സഹിക്കുന്ന എല്ലാ കുരിശുകളെയും പ്രതി ഞാന്‍ അങ്ങേയ്ക്ക് നന്ദിപറയുന്നു. ഈശോയേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.