കുറവിലങ്ങാട്: കുറവിലങ്ങാട് നസ്രാണി മഹാസംഗമം സെപ്തംബര്‍ ഒന്നിന് നടക്കും. സ്വദേശത്തു നിന്നും വിദേശത്തുനിന്നുമായി ഇതിനകം 7500 ല്‍ അധികം പേര്‍ രജിസ്ട്രര്‍ ചെയ്തുകഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും കുറവിലങ്ങാടുമായി ബന്ധപ്പെട്ടവരോ അവരുടെ പ്രതിനിധികളോ ആണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ചു ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയമാണ് മഹാസംഗമത്തിന് ആതിഥേയത്വം അരുളുന്നത്. കുറവിലങ്ങാട് ഇടവകാംഗവും മിസിഗാഗ രൂപതാധ്യക്ഷനുമായ മാര്‍ ജോസ് കല്ലുവേലിയാണ് ആദ്യ അംഗമായി പേര് രജിസ്ട്രര്‍ ചെയ്ത് മഹാസംഗമത്തിന്റെ രജിസ്‌ട്രേഷന് തുടക്കം കുറിച്ചത്.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതിനകം ചേക്കേറിയ എല്ലാ കുറവിലങ്ങാടുകാര്‍ക്കും ഈ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പേരു രജിസ്ട്രര്‍ ചെയ്യാവുന്നതാണ്.