ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭാരതത്തെ യേശുവിനും പരിശുദ്ധ അമ്മയ്ക്കും ഓഗസ്റ്റ ഏഴിന് സമര്‍പ്പിക്കും. ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ സംഘം ഇറക്കിയ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡല്‍ഹി അതിരൂപതയുടെ മെത്രാപ്പോലീത്തയും ഇന്ത്യയിലെ ലത്തീന്‍ മെത്രാന്മാരുടെ കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ആര്‍ച്ച് ബിഷപ് അനില്‍ ജോസഫ് തോമസ് കൂട്ടോ സമര്‍പ്പണത്തിന് അധ്യക്ഷത വഹിക്കും.
ഓഗസ്റ്റ് ഏഴ് ശനിയാഴ്ച പ്രത്യേക പ്രാര്‍ത്ഥനാദിനമായി ഇന്ത്യയിലെ കത്തോലിക്കാമെത്രാന്മാര്‍ പ്രഖ്യാപിച്ചിരുന്നു. അന്നേ ദിവസം ഇന്ത്യന്‍ പ്രാദേശിക സമയം രാത്രി 8.30 മുതല്‍ ഇന്ത്യയിലെ വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പ്രത്യേകപ്രാര്‍ത്ഥനകള്‍ നടക്കും. വിശുദ്ധ തോമാശ്ലീഹ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍, വിശുദ്ധ മദര്‍ തെരേസ എന്നിവരുടെ ശവകുടീരങ്ങളിലും മുംബൈയിലെ ബാന്ദ്ര, ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഉള്ള സാര്‍ത്ഥന, ഹൈദരാബാദ് , ബംഗളൂരിലെ ശിവാജി നഗര്‍, തമിഴ്‌നാട്ടിലെ വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രത്യേക പ്രാര്‍ത്ഥന.
പ്രാര്‍ത്ഥനാചടങ്ങുകള്‍ എല്ലാ കത്തോലിക്കാ ടെലിവിഷന്‍ ചാനലുകളിലൂടെയും ഇന്റര്‍നെറ്റില്‍ സ്ട്രീമിങ്ങിലൂടെയും സംപ്രേഷണം ചെയ്യും. ഹിന്ദി, തമിഴ്,ഖാസി, തെലുങ്ക്, കന്നഡ, സന്താളി, മലയാളം എന്നീ ഭാഷകളിലാണ് പ്രാര്‍ത്ഥനകള്‍.
132 രൂപതകളും 18 ദശലക്ഷം കത്തോലിക്കാ വിശ്വാസികളും ഉള്‍ക്കൊളളുന്ന ഭാഷാ വൈവിധ്യത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു സംഭവമായിരിക്കും ഇതെന്ന് ലത്തീന്‍ മെത്രാന്‍സംഘം അറിയിച്ചു.