അപ്രതീക്ഷിതമായ ചില കപ്പല്‍ച്ചേതങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാറുണ്ട്. ആ അപ്രതീക്ഷിതങ്ങളില്‍ നാം തളര്‍ന്നുപോകരുത്, തകര്‍ന്നുപോകുകയുമരുത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് യോനാ പ്രവാചകന്‍. നമുക്കേറെ സുപരിചിതമായ വ്യക്തിയും നമുക്ക് പരിചിതമായ സംഭവങ്ങളുമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ചത്.
ദൈവഹിതത്തില്‍ നിന്ന് ഓടിയൊളിക്കാനുള്ള പ്രവണത മനുഷ്യസഹജമാണെന്നും എന്നാല്‍ ദൈവഹിതത്തിന് കീഴ്‌പ്പെടുകയാണ് നാം ചെയ്യേണ്ടതെന്നും യോനായുടെ ജീവിതം നമ്മോട് പറയുന്നു. പ്രതികൂലങ്ങള്‍ നമ്മെ ഞെരുക്കുമ്പോള്‍ നമുക്ക് യോനായെപോലെ പ്രാര്‍ത്ഥിക്കാം.
കോവിഡ് എന്ന മഹാമത്സ്യത്തിന്റെ ഉദരത്തിലാണ് നാം എല്ലാവരും, രോഗം പിടികൂടിയവര്‍ക്കറിയാം അതേല്പിക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍. അവയെല്ലാം ദൈവകരങ്ങളിലേക്ക് നമുക്ക് സമര്‍പ്പിക്കാം, ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തില്‍ നിന്ന് ഞാന്‍ നിലവിളിച്ചു. അവിടുന്ന് എന്റെ നിലവിളി കേട്ടു( യോന 2:2)