മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ നീ മടങ്ങും( ഉല്പ 3:19)
മനുഷ്യന്‍ മണ്ണാണെന്നും മണ്ണിലേക്ക് തന്നെ മടങ്ങേണ്ടവനാണെന്നും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്ന ദിനം. വിഭൂതി. നെറ്റിയിലെ ചാരം പൂശല്‍ അത്തരമൊരു ഓര്‍മ്മപ്പെടുത്തലാണ്.
ഒരുപക്ഷേ നാം ഒരിക്കലും അത്തരമൊരു ഓര്‍മ്മപ്പെടുത്തല്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. കാരണം നമ്മുടെ വിചാരം നാം ഈ ലോകത്തില്‍ സ്ഥിരതാമസക്കാരാണെന്നാണ്. നമുക്കൊരിക്കലും മരണമില്ലെന്നാണ്. സ്വത്തും പദവിയും നമ്മെ ഈ ലോകത്തില്‍ പിടിച്ചുനിര്‍ത്തുമെന്നാണ്.
മറ്റുള്ളവരെ ചൂഷണം ചെയ്തും അര്‍ഹിക്കുന്ന കൂലി നല്കാതെയും കള്ളക്കടത്തും കരിഞ്ചന്തയും നടത്തിയും പണം വട്ടിപ്പലിശയ്ക്ക് കൊടുത്തുമൊക്കെ നാം ഇവിടെ മണിമാളികള്‍ പണിയുന്നു. ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടുന്നു. ആഡംബര ജീവിതം നയിക്കുന്നു. തിന്നും രമിച്ചും ജീവിക്കുന്നു. ഇതാണ് ജീവിതമെന്നാണ് നമ്മുടെ തെറ്റുദ്ധാരണ.
ഈ ധാരണയെ തിരുത്തിക്കൊണ്ടാണ് വിഭൂതി ദിനം നമ്മോട് പറയുന്നത് മനുഷ്യാനീ വെറും മണ്ണാണെന്ന്.. അഹങ്കരിക്കാന്‍ നിനക്കൊന്നുമില്ലെന്ന്. ഇത്തരമൊരു തിരിച്ചറിവോടെ ഇനിയുള്ള ദിവസങ്ങളിലെങ്കിലും ജീവിതത്തെ കാണാന്‍ നമുക്ക് കഴിയട്ടെ.
കഴിയുന്നതുപോലെയൊക്കെ മറ്റുളളവരെ സഹായിച്ചും അത്യാഗ്രഹത്തോടെയുള്ള വെട്ടിപിടിക്കലുകള്‍ ഉപേക്ഷിച്ചും ദൈവത്തിന്റെ ഇഷ്ടം മനസ്സിലാക്കിയുമുള്ള ഒരു ക്രിസ്തീയജീവിതതത്തിന് നമുക്ക് ഇന്നേ ദിവസം തുടക്കം കുറിക്കാം. അല്ലെങ്കില്‍ അത്തരമൊരു ചിന്തയെങ്കിലും ഉള്ളിലുണ്ടാവട്ടെ.
വിഭൂതിയുടെ പ്രാര്‍ത്ഥനാശംസകളോടെ…
വിഎന്‍.