ലെബനോന്: ഓട്ടോമന്‍ ഭരണകാലത്ത് വിശ്വാസത്തിന്റെ പേരില്‍ ജീവത്യാഗം ചെയ്ത രണ്ടു കത്തോലിക്കാവൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.1915നും 1917 നുംഇടയിലായിരുന്നു ഫാ. ലിയോനാര്‍ഡിനെയും ഫാ. തോമസിനെയും അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തത്. ഇരുവരും കപ്പൂച്ചിന്‍ മിഷനറിമാരായിരുന്നു.
ഫാ.ലിയോനോര്‍ഡിന്റെ മുമ്പില്‍ ജീവന് രക്ഷിക്കാന്‍ ഒരു ഓപ്ഷന് അധികാരികള്‍ മുന്നോട്ടുവച്ചിരുന്നു. ഇസ്ലാം മതം സ്വീകരിക്കുക.പക്ഷേ ഫാ. ലിയോനോര്‍ഡ് അത് തള്ളിക്കളഞ്ഞു.തുടര്‍ന്നായിരുന്നു 1915 ജൂണ്‍ 11 ന് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
അര്മേനിയന്വംശഹത്യയുടെ കാലത്ത് അര്‍മേനിയന്‍ വൈദികന് അഭയം നല്‍കിയതിന്റെ പേരിലായിരുന്നു ഫാ.തോമസിനെ കൊലപ്പെടുത്തിയത്. ഞാന്‍ ദൈവത്തില്‍ പൂര്‍ണ്ണമായും ശരണപ്പെടുന്നു,ഞാന്‍ മരണത്തെ ഭയപ്പെടുന്നില്ല. ഇതായിരുന്നു മരണത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍.
ബെയ്റൂട്ടില്‍ നടന്ന വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങില്‍ കര്‍ദിനാള്‍ മാഴ്സെല്ലോ സെമേറാറോ മുഖ്യകാര്‍മ്മികനായിരുന്നു. മാരോനൈറ്റ് പാത്രിയാര്‍ക്ക കര്‍ദിനാള്‍ ബെച്ചാറയും ചടങ്ങില്‍ പങ്കെടുത്തു.
ഇരുവൈദികരുടെയും രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് അനുവാദം നല്‍കിയത് 2020 ഒക്ടോബറിലായിരുന്നു.