വത്തിക്കാന്‍സിറ്റി: മാര്‍ച്ച് രണ്ടിന് യുക്രൈയ്‌ന് വേണ്ടിയുള്ള ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
സമാധാനത്തിന് ഭീഷണിയാണ് യുക്രൈയ്‌നിലെ സാഹചര്യങ്ങള്‍. ഇത് ഹൃദയത്തിലെ തീവ്രവേദനയാണ്. വിഭാഗീയ താത്പര്യങ്ങള്‍ കൊണ്ട് സര്‍വരുടെയും സമാധാനം ഭീഷണി നേരിടുകയാണ്. രാഷ്ട്രീയ ഉത്തരവാദിത്തമുള്ളവര്‍ ദൈവത്തിന് മുമ്പില്‍ മനസ്സാക്ഷി പരിശോധന നടത്തണം. ദൈവം കുറച്ചുപേരുടെ ദൈവമല്ല എല്ലാവരുടെയും ദൈവമാണ്. ദൈവം ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല. ദൈവം സമാധാനത്തിന്റേതാണ്. ദൈവം എല്ലാവരുടെയും പിതാവാണ്. നാം ആരും ശത്രുക്കളല്ല. നമ്മള്‍ സഹോദരങ്ങളാകണം എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്.
രാജ്യങ്ങളുടെ സഹവര്‍ത്തിത്വവും അന്തര്‍ദ്ദേശീയ നിയമങ്ങളും തകര്‍ക്കുകയും ജനങ്ങള്‍ക്ക് അവര്‍ണ്ണനീയമായ ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുകയും ചെയ്യുന്ന പ്രവൃത്തികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. മാര്‍പാപ്പ ആവശ്യപ്പെട്ടു. പൊതുദര്‍ശന വേളയിലാണ് പാപ്പ യുക്രൈയ്‌ന് വേണ്ടിയുള്ള ഉപവാസപ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം ചെയ്തത്.