ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി നടപ്പിലാക്കാന്‍ തയ്യാറാകാത്ത മെത്രാപ്പോലീത്തന്‍ വികാരി രാജിവയ്ക്കണം: വിശ്വാസികള്‍

എറണാകുളം: ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി നടപ്പിലാക്കാന്‍ തയ്യാറാകാത്ത മെത്രാപ്പോലീത്തന്‍ വികാരി രാജിവയ്ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതും സിനഡ് തീരുമാനപ്രകാരമുള്ളതുമായ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ട് എറണാകുളം ബിഷപ്‌സ് ഹൗസിന് മുന്നില്‍ വിശ്വാസികള്‍ പ്രതിഷേധിച്ചു.

സീറോ മലബാര്‍ സഭയില്‍ ഔദ്യോഗികമായി ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി 2021 നവംബര്‍ 28 മുതല്‍ നിലവില്‍ വന്നു. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപത കാനോന്‍ 1538 പ്രകാരം പ്രത്യേകം സന്ദര്‍ഭങ്ങളില്‍ പൊതുനിയമത്തില്‍ നിന്ന് ഒഴിവു നല്കാന്‍ രൂപതാധ്യക്ഷന് അനുവാദം ഉണ്ട് എന്ന പഴുതുപയോഗിച്ച് ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ നിന്നും അകന്നുനിന്നു. ഇ്ത് കാനോന്‍ 1538 ന്റെ ദുരുപയോഗമാണെന്ന് പൗരസത്യതിരുസംഘം തന്നെ പലവട്ടം വ്യക്തമാക്കിയിട്ടും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മെത്രാപ്പോലീത്തന്‍ വികാരി സിനഡ് തീരുമാനം നടപ്പിലാക്കിയില്ല.
ഫെബ്രുവരി 18 വെള്ളിയാഴ്ച രാവിലെ നടന്ന ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ പ്ലീനറി മീറ്റിംങില്‍ ഐക്യത്തിന് വിഘാതമായ ആരാധനക്രമപരമായ വ്യതിരിക്തകള്‍ ഉപേക്ഷിച്ച് സിനഡ് നിശ്ചയിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ ഏകീകൃതഅര്‍പ്പണരീതി അനുവര്‍ത്തിച്ച് ഐക്യം സംജാതമാക്കേണ്ടത് അനിവാര്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് ലെയ്റ്റി വിത്ത് സിനഡ് എന്ന സംഘടനയുടെ ബാനറില്‍ ബസിലിക്ക അല്‍മായകൂട്ടായ്മ, എസ്‌തേര്‍ വിമന്‍സ് ഫോറം എന്നീ സംഘടനകള്‍ ഏകീകൃത കുര്‍ബാന അര്‍പ്പണരീതിക്കായി അണിനിരന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.