ഭീകരരുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ മനുഷ്യസ്‌നേഹികളെന്ന നിലയില്‍ നമ്മെ വേദനിപ്പിക്കുന്നവയാണ്. ഏറെ ആശങ്കയോടും ആകുലതയോടും കൂടി മാത്രമേ നമുക്ക് അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയൂ. അഫ്ഗാനിസ്ഥാനില്‍ 41 മലയാളികളാണ് ഉള്ളതെന്നാണ് വിവരം. അതുപോലെ 400 ഓളം ഇന്ത്യക്കാരുമുണ്ട്. ഇവരില്‍ എത്രപേര്‍ സുരക്ഷിതരായി തിരികെ നാട്ടിലെത്തിയിട്ടുണ്ട് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മലയാളിയായ കന്യാസ്ത്രി സിസ്റ്റര്‍ തെരേസയെക്കുറിച്ച രണ്ടുദിവസങ്ങളായി ബന്ധുക്കള്‍ക്ക് യാതൊരു വിവരവും ലഭിക്കുന്നില്ല എന്നതും ഇതോട് കൂട്ടിവേണം നാം വായിക്കേണ്ടത്.

വിവിധ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥിപ്രവാഹം നടന്നുകൊണ്ടിരിക്കുകയുമാണ്. 28 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് ഉള്ളത്. ഇതില്‍ 5000 പേരെ യുകെ സ്വീകരിക്കും. യുഎസ് പതിനായിരം പേരെയും. ഇന്ത്യയില്‍ നിന്ന് ഇതേക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടുമില്ല.

ലോകം മുഴുവന്‍ അഫ്ഗാനിസ്ഥാനെയോര്‍ത്ത് ആശങ്കപ്പെടുമ്പോള്‍ ഒരു ജനതയെ മുഴുവന്‍ കൊടുംക്രൂരതയിലേക്കും അനിശ്ചിതത്വത്തിലേക്കും തള്ളിയിട്ട ഭീകരരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ഈ കാലം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്ന ഒന്നാണ്. അഫ്ഗാനിസ്ഥാന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട 2002 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോകം മുഴുവനുമുള്ള സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഭീകരവാദത്തിനെതിരെയുള്ള പ്രാര്‍ത്ഥനയുടെ ആവശ്യകത വിശുദ്ധ ജോണ്‍ പോള്‍ നമ്മെ ഇതിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്..

അതുപോലെ ഭീകരതയ്ക്ക് ഇരകളായി ദുരിതജീവിതം നയിക്കുന്നവര്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ഭീകരവാദികളുടെ മാനസാന്തരം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ലോകത്ത് അസമാധാനം വിതയ്ക്കുന്നത് ഭീകരപ്രവര്‍ത്തനമാണ്. തിന്മ ഇന്ന് ലോകത്തില്‍ വേരൂന്നിയിരിക്കുന്നത് ഭീകരപ്രവര്‍ത്തനത്തിന്റെ രൂപത്തിലാണ്.

ഇതില്‍ നിന്ന് മനുഷ്യവംശത്തെ രക്ഷിക്കാന്‍ നമുക്ക് പ്രാര്‍ത്ഥനയില്‍ അഭയം തേടാം. ഭീകരരുടെ മാനസാന്തരവും ഭീകരപ്രവര്‍ത്തനത്തിന് ഇരകളായി ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ സമാധാനത്തിനും സ്വച്ഛതയ്ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

ഇന്നുമുതല്‍ നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥനകളില്‍ അഫ്ഗാനിസ്ഥാനും ഉണ്ടായിരിക്കട്ടെ. ഭീകരതയെ തുടച്ചുനീക്കാന്‍ നമ്മുടെ ഓരോ ചെറിയ പ്രാര്‍ത്ഥനകള്‍ക്കും വലിയ ശക്തിയുണ്ടെന്ന തിരിച്ചറിവോടെ നരകസര്‍പ്പത്തിന്റെ തലയെ തകര്‍ത്ത പരിശുദ്ധ അമ്മയെ വിളിച്ച് നമുക്ക് പ്രാര്ത്ഥിക്കാം: നന്മ നിറഞ്ഞ മറിയമേ…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.