ദൈവത്തിന്റെ വഴികള്‍ അത്ഭുതാവഹം തന്നെ. ഓരോരുത്തരെയും തിരഞ്ഞെടുക്കുന്ന വഴികളും വ്യത്യസ്തം. ഇന്നലെ ബര്‍മിംങ് ഹാം സെന്റ് ചാഡ്‌സ് കത്തീഡ്രലില്‍ രൂപതാ സഹായമെത്രാന്‍ സ്റ്റീഫന്‍ റൈറ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുപ്പട്ടം സ്വീകരിച്ച മലയാളിയായ ഡീക്കന്‍ യൂജിന്‍ ജോസഫിന്റെ ദൈവവിളിയുടെ കഥ അറിയുമ്പോള്‍ ഇക്കാര്യം ആരും സമ്മതിച്ചുപോകും.
പാലാ തിടനാട് പൊട്ടനാനിയില്‍ ജോസഫും സാലമ്മയും യു കെയിലേക്ക് കുടിയേറുമ്പോള്‍ മകന് യൂജിന് വെറും 10 വയസ് പ്രായമേയുണ്ടായിരുന്നുള്ളൂ. 2002 ല്‍ ആയിരുന്നു അത്. തുടര്‍ന്നുളള ജീവിതം യുകെയിലായിരുന്നു. പഠനത്തില്‍ സമര്‍ത്ഥന്‍. എല്ലാ കോഴ്‌സുകളിലും മികച്ച വിജയം. ഒടുവില്‍ സ്‌റ്റൈപ്പന്‍ഡോടുകൂടി പഠനം പൂര്‍ത്തിയാക്കിചാര്‍ട്ടേഡ് അക്കൗണ്ടിംങ് മേഖലയില്‍ മികച്ച ജോലി സാധ്യതയുണ്ടായിരുന്നപ്പോഴാണ് യൂജിന്റെ ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്.
ലോകവും അത് നല്കുന്ന സന്തോഷങ്ങളും നേട്ടങ്ങളുമല്ല തന്റെ ജീവിതലക്ഷ്യം. മറിച്ച് ഒരു വൈദികനായിത്തീരുക എന്നതാണ്. തീരുമാനം വീട്ടില്‍ അറിയിച്ചപ്പോള്‍ അത് മകന്റെ ഉറച്ചതീരുമാനം തന്നെയായിട്ടാണ് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. അതുകൊണ്ട് മകന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ അവരും അവനോട് സഹകരിക്കാന്‍ തയ്യാറായി.
അങ്ങനെ 2012 ല്‍ ലണ്ടനിലെ ഹെയ്‌ത്രോപ് കോളജില്‍ ദൈവശാസ്ത്ര ബിരുദത്തിനായി ചേര്‍ന്നു. 2015 ല്‍ കൊളംബസിലെ പൊന്തിഫിക്കല്‍ കോളജ് ജോസഫീനത്തില്‍ സെമിനാരി പരിശീലനംആരംഭിച്ചു. 2019ല്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു. പക്ഷേ തിരുപ്പട്ടസ്വീകരണത്തിന് പിന്നെയും കാത്തിരിക്കേണ്ടിവന്നു. കോവിഡ് ആയിരുന്നു വില്ലന്‍.
ഒടുവില്‍ കോവിഡിനെ മറികടന്നുകൊണ്ടാണ് പാലാ സ്വദേശിയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാംഗവുമായ യൂജിന്‍ അമേരിക്കയിലെ കൊളംബസ് രൂപതയ്ക്കുവേണ്ടി ഇന്നലെ വൈദികപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ജൂലൈ 25 ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ഡര്‍ബി സെന്റ് ജോസഫ് ദൈവാലയത്തില്‍ സീറോമലബാര്‍ ക്രമത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിക്കും. സെഹിയോന്‍ മിനിസ്ട്രിയുമായുള്ള അടുത്ത ബന്ധമാണ് ദൈവവിളിക്ക് പ്രചോദനമായതെന്ന് ഫാ. യൂജിന്‍ പറയുന്നു.