മനുഷ്യജീവിതത്തില്‍ ആകുലതകളും ആശങ്കകളും സര്‍വ്വസാധാരണമാണ്. പക്ഷേ നാം അതില്‍ കുരുങ്ങികിടക്കരുത്. കുരുങ്ങികിടക്കുമ്പോള്‍ ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നതു പലതും ചെയ്യുവാന്‍ നമുക്ക് കഴിയാതെ പോകും.
അതുകൊണ്ട് നാം നമ്മുടെ ആകുലതകളും ആശങ്കകളും ദൈവത്തിന് സമര്‍പ്പിക്കുക. വിശുദ്ധ പത്രോസിന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായം ആറാം വാക്യത്തില്‍ നാം ഇങ്ങനെ വായിക്കുന്നു:
ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊളളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പ്പിക്കുവിന്. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.
അതെ നമുക്ക് നമ്മുടെ ഉത്കണ്ഠകള്‍ ദൈവത്തിന് സമര്‍പ്പിക്കാം. നമുക്ക് ഇങ്ങനെ പ്രാർത്ഥിക്കാം.
എന്റെ ദൈവമേ എന്റെ ജീവിതത്തില്‍ പലവിധ ആകുലതകളുണ്ട്. ഉത്കണ്ഠകളുണ്ട്. എന്റെ സ്വപ്നങ്ങള്‍, ഭാവിപ്രതീക്ഷകള്‍, ജോലി, കുടുംബജീവിതം, മക്കള്‍, രോഗങ്ങള്‍, സാമ്പത്തികപ്രതിസന്ധി.. കടബാധ്യതകള്‍.. എന്റെ ദൈവമേ എനിക്ക് എന്നില്‍തന്നെ ഇവ പരിഹരിക്കുവാന്‍ ഒരിക്കലും കഴിയുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
അതിനാല്‍ ഞാന്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാവിധ പ്രശ്നങ്ങളെയും അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു. അവിടുന്ന് ഇത് ഏറ്റെടുക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ പിതാവേ, ഇനി അവയെയോര്‍ത്ത് ഒരിക്കലും ഉത്കണ്ഠപ്പെടുവാന്‍ എന്നെ അനുവദിക്കരുത്. ഇനിമുതല്‍ അവയെല്ലാം അങ്ങയുടെ കരങ്ങളിലായിരിക്കട്ടെ. ആമ്മേന്‍.