സാത്താന്‍ വല വിരിച്ചു, ജോസഫ് കള്ളനായി… യൗസേപ്പിതാവിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരു സംഭവം ഇതാ…

നന്മയുള്ള മനുഷ്യരെ ഒരിക്കലും സാത്താന് ഇഷ്ടമാകില്ല. അവരെ പീഡിപ്പിക്കാനും ദ്രോഹിക്കാനും അവന്‍ കച്ചകെട്ടിയിറങ്ങും. ഏതു വിധേനയും പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. അവരുടെ മനസ്സിന്റെ സ്വച്ഛത തകര്‍ക്കാനും ദുരാരോപണങ്ങളിലൂടെ മനശ്ശക്തി തകര്‍ക്കാനും ശ്രമിക്കും. യൗസേപ്പിതാവും സാത്താന്റെ ഇത്തരത്തിലുള്ള കുടിലതന്ത്രങ്ങള്‍ക്ക് ഇരയായ വ്യക്തിയായിരുന്നു.

യൗസേപ്പിതാവിനെ അതികഠിനമായി സാത്താന്‍ വെറുത്തിരുന്നു. ജോസഫിന്റെ അയല്‍ക്കാരിലും മറ്റും വിശുദ്ധനോടുള്ള വെറുപ്പ് കുത്തിനിറയ്ക്കുന്നതില്‍ സാത്താന്‍ വിജയിച്ചു. ജോസഫിനെ കാണുമ്പോള്‍ മുഖം തിരിക്കുന്നവര്‍ പോലുമുണ്ടായിരുന്നു. അതുപോലെ അവര്‍ ജോസഫിനെ കഠിനമായി പരിഹസിക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തരം പ്രതികൂല സാഹചര്യങ്ങളിലൊന്നിലും ജോസഫ് മനസ്സംയമനം വെടിഞ്ഞില്ല. തന്നെ ദ്രോഹിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കാനാണ് ജോസഫ് അപ്പോഴെല്ലാം തയ്യാറായത്. ഇങ്ങനെ പലവിധത്തിലുള്ള ദ്രോഹങ്ങള്‍ ചെയ്തിട്ടും ജോസഫിന്റെ വിശുദ്ധിയെ തകര്‍ക്കാന്‍ സാധിക്കില്ലെന്നറിഞ്ഞ സാത്താന്‍ മറ്റൊരു തന്ത്രം മെനഞ്ഞു. അതായിരുന്നു ജോസഫിനെ മോഷ്ടാവാക്കുക എന്നത്. ജോസഫിനെ ശത്രുവിനെപോലെ കരുതുന്ന ഒരു വ്യക്തിയുടെ സാധനമാണ് മോഷണം പോയത്.

സ്വഭാവികമായും അവര്‍ ജോസഫില്‍ പഴി ആരോപിച്ചു. ജോസഫിന്റെ പണിശാല ആക്രമിക്കുകയും എത്രയും വേഗം സാധനം തിരികെതരണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇല്ലെങ്കില്‍ കേസുകൊടുക്കുമെന്ന് ഭീഷണി മുഴക്കി. പാവം ജോസഫ്. ഈ ദുഷ്ടാരോപണം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. മറ്റേതൊരു ആരോപണവും പോലെയല്ലല്ലോ മോഷണക്കുറ്റം ആരോപിക്കപ്പെടുന്നത്. എടുക്കാത്തത് താന്‍ എവിടെ നിന്ന് തിരിച്ചുകൊടുക്കും?

തന്റെ നിരപരാധിത്വം തെളിയാന്‍വേണ്ടി ദൈവത്തിന് മുമ്പില്‍ പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ജോസഫിനായുള്ളൂ. എന്തോ, ദൈവം ഇത്തവണ ജോസഫിന്റെ പ്രാര്‍ത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി കൊടുത്തു. ഒട്ടുംവൈകാതെ തന്നെ യഥാര്‍ത്ഥ മോഷ്ടാവിനെപിടികൂടി. അതോടെ ജോസഫിന്റെ നിരപരാധിത്വം വീണ്ടും തെളിയിക്കപ്പെട്ടു. സാത്താന്‍ വീണ്ടും ലജ്ജിതനായി.

ജോസഫിന്റെ ജീവിതത്തിലെ ഈ സംഭവം നമുക്കും ചില പാഠങ്ങള്‍ നല്കുന്നുണ്ട്. നന്മ ചെയ്തിട്ടും നാം തിന്മയ്ക്ക് വിധേയമാകുന്നുണ്ടോ, അകാരണമായ ദുരാരോപണങ്ങള്‍ക്ക് ഇരയാകുന്നുണ്ടോ, നാം ദൈവത്തിന്റെ പക്ഷത്താണ് എന്നതാണ് അവയെല്ലാം വെളിവാക്കുന്നത്.

ദൈവത്തിന്റെ പക്ഷത്തായതുകൊണ്ടു മാത്രമായില്ല നാം ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ആ നിമിഷങ്ങളില്‍പ്രതികരിക്കുകയും വേണം. അപ്പോള്‍ ദൈവം തന്നെ നമ്മുടെ രക്ഷയ്‌ക്കെത്തും. സങ്കീര്‍ത്തനങ്ങളില്‍ നാം പ്രാര്‍ത്ഥിക്കുന്നതുപോലെ ദൈവം നമ്മെ മഹത്വപ്പെടുത്തുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.