വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം അഞ്ചാം തീയതി

അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്‌ (മത്തായി 1:20).

വി. യൗസേപ്പ് പ.കന്യകയുടെ വിരക്തഭര്‍ത്താവ്

ദൈവം പരിശുദ്ധ കന്യകയെ അനാദിയിലെ തന്നെ തെരഞ്ഞെടുത്ത് അവളെ ദൈവമാതൃപദത്തിലേക്കുയര്‍ത്തി. ദൈവജനനിയുടെ മഹത്വത്തിനെല്ലാം നിദാനം അവളുടെ ദൈവമാതൃത്വമാണ്. മനുഷ്യന്‍റെ ബുദ്ധിക്കഗ്രാഹ്യമായ അനേകം ദാനങ്ങളാല്‍ ദൈവം തന്‍റെ ദിവ്യജനനിയെ അലങ്കരിച്ചു. അത്കൊണ്ട് തന്നെ സകല സൃഷ്ടികളിലും നിന്ന് വേറിട്ട ഒരാളാണ് പ.കന്യക. ദൈവമാതാവിന്‍റെ വിരക്തഭര്‍ത്താവായി ദൈവം തെരഞ്ഞെടുത്ത വി. യൗസേപ്പിനും തത്തുല്യമായ ഒരു സ്ഥാനമുണ്ടെന്നുള്ളത് നാം അംഗീകരിച്ചേ മതിയാവൂ. ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പര പൂരകങ്ങളാണ്. ഭാര്യയുടെ ഗുണങ്ങളിലും സമ്പത്തിലും മറ്റ് നന്മകളിലും ഭര്‍ത്താവിനും അവകാശം സിദ്ധിക്കുന്നുണ്ട്.

അതിനാല്‍ സര്‍വഗുണഗണങ്ങളാലും സമ്പൂര്‍ണ്ണമായ പരിശുദ്ധ ജനനിയുടെ ഭര്‍ത്താവായ വി.യൗസേപ്പിനും പ. കന്യകയുടെ എല്ലാ നന്മകളിലും ദാനങ്ങളിലും ഭാഗഭാഗിത്വം വഹിക്കുന്നുണ്ടെന്ന് അനുമാനിക്കാം. ഒരു രാജാവ്‌ തന്‍റെ പുത്രിക്ക് വിവാഹാലോചന നടത്തുമ്പോള്‍ പുത്രിക്ക് ഏറ്റവും അനുരൂപനായ ഒരു വരനെ കണ്ടുപിടിക്കുവാന്‍ പരിശ്രമിക്കുന്നു. സമ്പത്ത്, സൗകുമാര്യം, സ്വഭാവഗുണം മുതലായവയിലെല്ലാം മികച്ച ഒരു വ്യക്തിയേ അദ്ദേഹം തിരഞ്ഞെടുക്കുകയുള്ളൂ. രാജാധിരാജനും സര്‍വഗുണ സമ്പൂര്‍ണ്ണനുമായ ദൈവം മറിയത്തിന് അനുരൂപനായ വരനായി വി.യൗസേപ്പിനെ തെരഞ്ഞെടുക്കുകയും സകല സല്‍ഗുണങ്ങളാലും അലങ്കരിക്കുകയും ചെയ്തു.

തന്നിമിത്തം ദൈവജനനിയായ പ. കന്യകാമറിയം കഴിഞ്ഞാല്‍ വി. യൗസേപ്പിന് സകല‍ വിശുദ്ധന്മാരിലും ഉന്നതസ്ഥാനം അര്‍ഹിക്കുന്നുവെന്ന് മനസ്സിലാക്കാം. പ. കന്യകയുമായിട്ടുള്ള നിരന്തര സഹവാസം വി. യൗസേപ്പിന്‍റെ വിശുദ്ധിയെ കൂടുതല്‍ പരിപോഷിപ്പിച്ചു. വിവാഹ ജീവിതത്തില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വിശുദ്ധീകരണത്തിലും, ഭര്‍ത്താവിനു ഭാര്യയുടെ വിശുദ്ധീകരണത്തിലും, ഭാര്യാഭര്‍ത്താക്കന്‍മാര്‍ രണ്ടുപേരും കൂടി സന്താനങ്ങളുടെ വിശുദ്ധീകരണത്തിലും ശ്രദ്ധ പതിക്കുവാനുള്ള ഒരഭിഷേകമാണ് സ്വീകരിക്കുന്നത്.

ദൈവമാതാവായ പ. കന്യകയെ ഒരു പ്രാവശ്യം കാണുന്നതു തന്നെ വളരെ വലിയ വിശുദ്ധിക്ക് നിദാനമാണ്. വി. യൗസേപ്പ് ദൈവജനനിയുമായി നിത്യസഹവാസത്തില്‍ കഴിയുകയും സഹകരിച്ച് പ്രവര്‍ത്തിക്കുകയും സേവനമര്‍പ്പിക്കുകയും ചെയ്തപ്പോള്‍ അത് എത്രമാത്രം അദ്ദേഹത്തിന്‍റെ വിശുദ്ധിയെ പരിപോഷിപ്പിച്ചു എന്ന്‍ നമ്മുക്ക് ചിന്തിച്ചാല്‍ മനസ്സിലാകും. “മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.” എന്ന കവിവാക്യം എത്ര അര്‍ത്ഥപൂര്‍ണ്ണമാണ്. പ.കന്യകയോടുള്ള സാമീപ്യം വി. യൗസേപ്പിനെ യോഗീയാക്കി തീര്‍ത്തു. ഭാര്യാഭര്‍തൃബന്ധം തിരുസഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തിന്‍റെ ഒരു പ്രതീകമാണെന്ന് അപ്പസ്തോലനായ പൌലൊസ് എഫേസൂസുകാര്‍ക്കു എഴുതിയ ലേഖനത്തില്‍ അനുസ്മരിപ്പിക്കുന്നു.

സംഭവം

1962-ല്‍ ഛാന്ദാമിഷന്‍ പ. സിംഹാസനം കേരള സഭയെ ഏല്‍പ്പിച്ചു. ഈ മിഷന്‍ രൂപതയുടെ ആദ്യകാലത്ത് അവിടെ ജോലി ചെയ്തിരുന്ന ഒരു മലയാളി വൈദികനുണ്ടായ അനുഭവമാണിത്. ഛാന്ദായിലെ കാകസ നഗറില്‍ നിന്നു മാര്‍ യൗസേപ്പിതാവിന്‍റെ ഉത്തമഭക്തനായ അദ്ദേഹം ഒരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. ക്രിസ്തുമത വിരോധികളായ ചില വര്‍ഗീയ ഭ്രാന്തന്‍മാരുടെ താവളത്തിലാണ് അദ്ദേഹം ചെന്നുപെട്ടത്. സംസാരത്തിലും പെരുമാറ്റത്തിലും നിന്ന്‍ അദ്ദേഹം ഒരു ക്രൈസ്തവനാണെന്ന് അവര്‍ മനസ്സിലാക്കി. വിരോധികള്‍, സ്നേഹഭാവത്തില്‍ അടുത്തുകൂടി. സമയം സന്ധ്യ. ഉടനെ അവിടം വിട്ട് പോകരുതെന്നും പോയാല്‍ വലിയ അപകടം വരാന്‍ ഇടയുണ്ടെന്നും പറഞ്ഞു. അവര്‍ അദ്ദേഹത്തെ ഒരു വീട്ടിലേക്ക് നയിച്ചു. സംശയത്തിന് ഇടവരാത്തവിധം അവര്‍ മിക്കവാറും തന്നെ പുറത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞ് അദ്ദേഹത്തിന് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി.

ഈ അവസരത്തില്‍ തന്നെ രക്ഷിക്കുവാന്‍ കഴിവുള്ളതായി മാര്‍ യൗസേപ്പ് മാത്രമേയുള്ളൂ എന്ന ശരണത്തോടെ അദ്ദേഹം പ്രാര്‍ത്ഥിച്ചു. അതാ, ഒരു മനുഷ്യന്‍ അദ്ദേഹത്തിന്‍റെ സമീപത്തു വന്നു അയാള്‍ പറഞ്ഞു: നിങ്ങള്‍ അകപ്പെട്ടിരിക്കുന്നത് മതവൈരികളുടെ താവളത്തിലാണ്. വേഗം രക്ഷപെടുക. “ആ മനുഷ്യന്‍റെ വാക്കുകളില്‍ വൈദികന് വിശ്വാസം തോന്നി. പക്ഷേ രക്ഷപെട്ടു പോകാന്‍ കൈയില്‍ പണമില്ല. ആ മനുഷ്യന്‍ 50 രൂപ വൈദികന്‍റെ കൈയില്‍ ഏല്‍പ്പിച്ചിട്ടു പറഞ്ഞു: എത്രയും വേഗം ഒരു ടാക്സിയില്‍ കയറി അടുത്തുള്ള പട്ടണത്തിലേക്കു പുറപ്പെടുക. ഞാന്‍ വിദ്യാഭ്യാസം ചെയ്തത് ഒരു കത്തോലിക്കാ കോളേജിലാണ്. നിങ്ങളെ ഈ അവസരത്തില്‍ രക്ഷപെടുത്തേണ്ടത് എന്‍റെ കടമയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ആ മനുഷ്യനോടു പണം വാങ്ങി ടാക്സി കാര്‍ പിടിച്ച് അടുത്തുള്ള നഗരത്തിലേക്ക് പോയി. കാറില്‍ കയറുമ്പോള്‍ തന്നെ ആദ്യം സ്വീകരിച്ചവര്‍ മദ്യപിച്ച് കൊലയായുധങ്ങളുമായി വിശ്രമിച്ച് വീടിനെ സമീപിക്കുന്നത് വൈദികന്‍ കണ്ടു. തന്‍റെ ജീവിതത്തിന്‍റെ നിര്‍ണ്ണായക നിമിഷത്തില്‍ തന്നെ സഹായിച്ച മാര്‍ യൗസേപ്പിനെ അദ്ദേഹം സ്തോത്രം ചെയ്തു.

ജപം

മഹാത്മാവായ മാര്‍ യൗസേപ്പേ, പരിശുദ്ധ ദൈവജനനിയുടെ വിരക്തഭര്‍ത്താവായി ദൈവം അങ്ങയെ തെരഞ്ഞെടുത്തതുമൂലം അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്ന മഹത്വം എത്ര അഗ്രാഹ്യമാണ്. ഞങ്ങള്‍ അതില്‍ സന്തോഷിക്കുന്നു. അങ്ങ് ആവശ്യപ്പെടുന്നതെല്ലാം നല്‍കുവാന്‍ സ്വര്‍ഗ്ഗരാജ്ഞി ഒരര്‍ത്ഥത്തില്‍ കടപ്പെടുന്നു. ആയതിനാല്‍ അങ്ങേ മക്കളായ ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ പ്രിയ പത്നിയായ പ. കന്യകയോട്‌ അപേക്ഷിച്ച് ഞങ്ങള്‍ക്ക് നല്‍കേണമേ. പ. കന്യകാമറിയത്തെയും അങ്ങയെയും സ്നേഹിക്കുവാനും അനുസരിക്കുവാനും ഞങ്ങളെ സഹായിക്കണമേ. നിങ്ങളുടെ സുകൃത മാതൃക ഞങ്ങള്‍ക്ക് വിശുദ്ധമായ ജീവിതം നയിക്കുന്നതിനുള്ള പ്രചോദനമാകട്ടെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

തിരുക്കുടുംബത്തിന്‍റെ പാലകനായ മാര്‍ യൗസേപ്പേ ഞങ്ങളുടെ കുടുംബങ്ങളെ സദാ പരിപാലിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.