വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം – ഒന്നാം ദിവസം

യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (മത്തായി 1:16)

വിശുദ്ധ യൗസേപ്പുപിതാവിനോടുള്ള ഭക്തിയുടെ ആവശ്യകത

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിശുദ്ധരോടുള്ള ഭക്തിയെ നിരുത്സാഹപ്പെടുത്തിയതായി ചിലര്‍ക്കെല്ലാം ഒരു തോന്നലുണ്ട്. എന്നാല്‍ അത് ശരിയല്ല മറിച്ച് വിശുദ്ധരോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടും വി. യൗസേപ്പിനോടുമുള്ള ഭക്തിയില്‍ സഭാംഗങ്ങള്‍ പുരോഗമിച്ചു കാണുവാന്‍ തിരുസ്സഭ ആഗ്രഹിക്കുന്നു.

ഭാഗ്യസ്മരണാര്‍ഹനായ ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പ വി. യൗസേപ്പിനെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സംരക്ഷകനായി പ്രഖ്യാപിച്ചു. കൂടാതെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടക്കുന്ന അവസരത്തില്‍ ലത്തീന്‍ കുര്‍ബാനയില്‍ പ. കന്യകയെ അനുസ്മരിച്ചതിനുശേഷം വി.യൗസേപ്പിനെയും അനുസ്മരിക്കണമെന്നു പ. പിതാവ് ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പാ തന്നെ പ്രഖ്യാപിച്ചു.

വി. യൗസേപ്പിനോടുള്ള ഭക്തി ആധുനിക യുഗത്തിലും അനുപേക്ഷണീയമാണ്. അദ്ദേഹം പ. കന്യകാമറിയം കഴിഞ്ഞാല്‍ നമ്മുടെ സവിശേഷമായ ഭക്തിവണക്കങ്ങള്‍ക്ക് അര്‍ഹനാണ്. വി. യൗസേപ്പ്, പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പ. കന്യകയുടെ വിരക്തഭര്‍ത്താവുമായതിനാല്‍ മറ്റ് സകല വിശുദ്ധരേക്കാള്‍ നമ്മുടെ വണക്കത്തിന് അര്‍ഹനാണല്ലോ.

അദ്ദേഹം തിരുസ്സഭയുടെ സാര്‍വ്വത്രികമദ്ധ്യസ്ഥനാണ്. കുടുംബജീവിതക്കാരുടെയും സന്യാസിനീ സന്യാസികളുടെയും വൈദികരുടേയും ആദര്‍ശപുരുഷനുമത്രേ. ഒരു മാതൃകാ തൊഴിലാളിയുമാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളികളുടെ ഏറ്റവും ആദര്‍ശയോഗ്യനായ മാതൃകയായി വി. യൗസേപ്പിനെ നമുക്ക് കാണിച്ചു കൊടുക്കുവാന്‍ സാധിക്കും.

വി. യൗസേപ്പ് പരിത്രാണപരിപാടിയില്‍ വഹിച്ച സമുന്നതമായ സ്ഥാനം നാം പരിഗണിക്കുമ്പോഴും നമ്മുടെ ഭക്ത്യാദരങ്ങള്‍ക്കര്‍ഹനാണ്. വി. യൗസപ്പിനോടുള്ള ഭക്തി ആദ്ധ്യാത്മികവും, ഭൗമികവുമായ അനേകം അനുഗ്രഹങ്ങള്‍ സിദ്ധിക്കുന്നതിന് പര്യാപ്തമത്രേ. പൗരാണിക കാലം മുതല്‍ കേരള കത്തോലിക്കരുടെ ഇടയില്‍ മാര്‍ യൗസേപ്പിനോടുള്ള ഭക്തി നിലനിന്നിരുന്നു. ജോസഫ് എന്ന് പേരുള്ള ഒരു വ്യക്തിയെങ്കിലും ഇല്ലാത്ത കുടുംബങ്ങള്‍ വിരളമാണല്ലോ. കേരള കര്‍മ്മലീത്താസഭയുടെ സ്ഥാപനത്തോടെ ആ ഭക്തി പൂര്‍വ്വാധികം ശക്തി പ്രാപിച്ചു.

സംഭവം

ആസ്സാമിലെ ഗിരിവര്‍ഗ്ഗക്കാരുടെയിടയില്‍ ഒരന്ധവിശ്വാസമുണ്ട്. വീടുകളും പാലങ്ങളും പണിയുമ്പോള്‍ കുട്ടികളെ കുരുതി കഴിച്ച് അവരുടെ രക്തം ഒഴിക്കുകയാണെങ്കില്‍ പാലത്തിനും വീടിനും വളരെ ഉറപ്പുണ്ടാകും. ഇതാണവരുടെ വിശ്വാസം. വനത്തില്‍ ഒരു പാലം പണിയണം. അതുറപ്പുള്ളതാക്കാന്‍ ഏതെങ്കിലും കുട്ടിയുടെ രക്തം വേണം. നിംബാലു എന്ന ഗോത്രത്തലവന്‍റെ നിര്‍ദ്ദേശം അനുചരന്മാര്‍ നിറവേറ്റി. ഗ്രാമത്തില്‍ കടന്ന്‍ ഏഴു വയസ്സുള്ള ഒരു പൈതലിനെ പാട്ടിലാക്കി അവര്‍ അവരുടെ നേതാവിന്‍റെ മുമ്പില്‍ കൊണ്ടുവന്നു.

ഗ്രാമത്തില്‍ ക്രൈസ്തവാന്തരീക്ഷത്തില്‍ വളര്‍ന്ന ആ കുട്ടി കാടന്‍മാരുടെ വസതിയില്‍ വന്നപ്പോള്‍ പേടിച്ചുവിറച്ചു പോയി. നിരപരാധിയായ ആ പിഞ്ചുകുഞ്ഞിന്‍റെ കഴുത്തറുത്തു രക്തം ചിന്തുവാന്‍ ആ കശ്മലന്‍മാര്‍ കത്തിയുമായി നിന്നു. നിസ്സഹായനായ പൈതല്‍ വാവിട്ട് കരയുക മാത്രം ചെയ്തു. അത്ഭുതം എന്നു പറയട്ടെ ഗോത്രത്തലവന്‍ മരണനിമിഷങ്ങള്‍ എണ്ണിക്കഴിയുന്ന കുട്ടിയുടെ കഴുത്തില്‍ സൂക്ഷിച്ചുനോക്കി തീപ്പന്തത്തിന്‍റെ അരുണപ്രഭയില്‍, വിശുദ്ധ യൗസേപ്പും ഉണ്ണീയീശോയും നില്‍ക്കുന്ന മെഡല്‍ മിന്നിത്തിളങ്ങുന്നു. കണ്ണുകളില്‍ കാരുണ്യവും മുഖത്ത് മാധുര്യവും വഴിയുന്ന ഒരു താപസന്‍ ഓമനപ്പൈതലിനെ മാറോടുചേര്‍ത്ത് നിറുത്തിയിട്ടുള്ള ചിത്രം.

ആരാണത് എന്നു ഗോത്രത്തലവന് മനസ്സിലായില്ല. എങ്കിലും അയാള്‍ക്ക് മരണമടഞ്ഞ സ്വന്തം പിതാവിന്‍റെ രൂപമാണ് അതു കണ്ടപ്പോള്‍ മനസ്സിലുണ്ടായത്. കുട്ടിയെ വധിക്കുവാന്‍ അയാള്‍ക്ക് മനസ്സുണ്ടായില്ല. അയാള്‍ പറഞ്ഞു: “ഈ കുട്ടിയെ നമുക്ക് വധിക്കേണ്ട. നിങ്ങള്‍ ഇവന് യാതൊരു അപകടവും സംഭവിക്കാതെ പൂര്‍വ്വസ്ഥലത്തേക്ക് കൊണ്ടുപോയി വിടുക.” ഗോത്രനേതാവിന്‍റെ ഈ വാക്കുകള്‍ മൂലം ബാലന്‍ രക്തച്ചൊരിച്ചില്‍ കൂടാതെ രക്ഷപെട്ടു.

ജപം

ഞങ്ങളുടെ പിതാവായ വി. യൗസേപ്പേ, അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

നീതിമാനായ വി. യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.