ഇന്ന് ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ദിനമാണ്.. ലോക രോഗീദിനമായികൂടിയാണ് ഇന്നേ ദിവസം ആചരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ലൂര്‍ദ്. അനേകര്‍ക്ക് ദിവസം തോറും അത്ഭുതകരമായ രോഗസൗഖ്യങ്ങള്‍ ഇവിടെ നിന്നും ലഭി്ക്കാറുമുണ്ട്. വിശുദ്ധ ബര്‍ണ്ണദീത്തയ്ക്ക് കന്യാമറിയം ആദ്യമായി ദര്‍ശനം നല്‍കിയത് ഫെബ്രുവരി 11 ന് ആയിരുന്നു.
1992 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് ലോക രോഗീദിനം പ്രഖ്യാപിച്ചത്. 1993 ഫെബ്രുവരി 11 മുതല്‍ സഭ ഇന്നേ ദിനം തിരുനാളായി ആചരിച്ചുതുടങ്ങി. ഇന്നലെ പൊതുദര്‍ശന വേളയില്‍ പങ്കെടുത്തതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ രോഗികളെയും ലൂര്‍ദ്ദ് മാതാവിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളുടെയും വിവിധ തരത്തിലുള്ള മാറാരോഗങ്ങളുടെയുമെല്ലാം പശ്ചാത്തലത്തില്‍ നമ്മെതന്നെയും നമുക്ക് പ്രിയപ്പെട്ടവരെയും ലൂര്‍ദ്ദ് മാതാവിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം.
ലൂര്‍ദ്ദ് മാതാവേ, മാനസികവും ശാരീരികവുമായ വിവിധതരം രോഗങ്ങളാല്‍ ക്ലേശം അനുഭവിക്കുന്ന എന്നെയും എനിക്കുളളവരെയും എനിക്ക് പ്രിയപ്പെട്ടവരെയും എന്നോട് പ്രാര്‍ത്ഥനാസഹായം ചോദിച്ചിരിക്കുന്നവരെയും പ്രത്യേകമായി ആരാരും പ്രാര്‍ത്ഥിക്കാനില്ലാതെ അനാഥാലയങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും രോഗികളായി കഴിയുന്നവരെയും അങ്ങയുടെ സന്നിധിയിലേക്ക് സമര്‍പ്പിക്കുന്നു.
അവരുടെ ശരീരത്തിനും മനസ്സിനും ആരോഗ്യം നല്കണമേ. സൗഖ്യം നല്കണമേ. ഇനി അതല്ല സഹിക്കാനാണ് ദൈവേഷ്ടമെങ്കില്‍ അതിനുള്ള കൃപ അവര്‍ക്ക് നല്കണമേ. രോഗാവസ്ഥയെ ക്ഷമയോടെ നേരിടുവാനുള്ള കഴിവും ശക്തിയും കൊടുക്കണമേ. അമ്മേ ലൂര്‍ദ്ദ് മാതാവേ ഞങ്ങളെ പൊതിഞ്ഞുസംരക്ഷിക്കണമേ. ഞങ്ങള്‍ക്ക് വേണ്ടി മാധ്യസഥം യാചിക്കണമേ. ആമ്മേന്‍