മികച്ച പരീക്ഷാവിജയം ആഗ്രഹിക്കുന്നവരും അര്‍ഹിക്കുന്നവരുമാണ് വിദ്യാര്‍ത്ഥികള്‍. പക്ഷേ പലപ്പോഴും ഓര്‍മ്മശക്തിക്കുറവും ബുദ്ധിശക്തിയുടെ കുറവും കാരണം അവര്‍ക്ക് വേണ്ടത്ര ശോഭിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ വേറെ ചില കുട്ടികള്‍ക്കു ബുദ്ധിശക്തിയുണ്ട്.
എന്നാല്‍ അലസത കാരണം പഠിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പ്രത്യേകമായും മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാവുന്ന വിശുദ്ധനാണ് ജോസഫ് കൂപ്പര്‍ത്തിനോ. വിദ്യാര്‍ത്ഥികളുടെ മധ്യസഥനാണ് ജോസഫ്കൂപ്പര്ത്തിനോ. ഇതാ കൂപ്പര്ത്തിനോയോടുള്ള ഒരു പ്രാര്‍ത്ഥന. വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്കുവേണ്ടി മാതാപിതാക്കള്‍ക്കും ഈ പ്രാര്‍ത്ഥന ചൊല്ലാവുന്നതാണ്.
സുകൃതപരിമളത്താല് ഞങ്ങളെ ധന്യമാക്കുന്ന വിശുദ്ധ ജോസഫ് കൂപ്പര്ത്തിനോയേ, വിദ്യാര്‍ത്ഥികളുടെ മധ്യസ്ഥനായ അങ്ങയെ ഞങ്ങള്‍ വിനയപൂര്‍വം വണങ്ങുന്നു. ഈശോയുടെ വചനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ദൈവസ്നേഹത്താല്‍ ജ്വലിച്ച അങ്ങയെ പോല്‍ ഭക്തിയില്‍ വളരുവാന്‍ ഞങ്ങളെയും സഹായിക്കണമേ.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി പ്രത്യേകിച്ച് അങ്ങയുടെ സഹായം ഏറ്റവും ആവശ്യമായ എനിക്ക് വേണ്ടി ദൈവതിരുമുമ്പില്‍ മാധ്യസ്ഥം വഹിക്കണമേ. എന്റെ ബുദ്ധിയും ഓര്‍മ്മശക്തിയും പഠനത്തോടുള്ള താല്പര്യവും വര്‍ദ്ധിപ്പിച്ച് ദൈവം ആഗ്രഹിക്കുന്നതും ഞാന്‍ അര്‍ഹിക്കുന്നതുമായ വിജയത്തിലെത്താന്‍ എനിക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ. ആമ്മേന്‍